ന്യൂഡൽഹി : തുർക്കി കമ്പനിയായ സെലിബി എയർപോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ഡൽഹി ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി സുരക്ഷാ അനുമതി റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സെലിബി സമർപ്പിച്ച ഹർജി കോടതി തള്ളി.ദേശീയ സുരക്ഷാതാൽപ്പര്യം മുൻനിർത്തിയാണ് സർക്കാരിന്റെ തീരുമാനമെന്ന് കോടതി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനുശേഷം , ഇന്ത്യയിൽ പ്രവർത്തിക്കുന്ന തുർക്കി കമ്പനിയായ സെലെബി ഏവിയേഷൻ ഹോൾഡിംഗിന്റെ സുരക്ഷാ അനുമതി കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു . മെയ് 21 ന് ഡൽഹി ഹൈക്കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ, ഇന്ത്യൻ സർക്കാരിന്റെ ഈ തീരുമാനം നീതിയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് സെലിബി കമ്പനി വാദിച്ചു. സെലിബി എയർപോർട്ട് സർവീസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സെലിബി ഡൽഹി കാർഗോ ടെർമിനൽ മാനേജ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമാണ് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, കാർഗോ ടെർമിനൽ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
എന്നാൽ ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്ഥാനൊപ്പം നിന്ന തുർക്കിയിൽ നിന്നുള്ള കമ്പനി വ്യോമയാന സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കേന്ദ്ര അതോറിറ്റിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.