കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലാപം രൂക്ഷമാകുന്നു. നാളെ മമത ബാനർജിയുടെ വസതിയിൽ ചേരുന്ന എംഎൽഎമാരുടെ യോഗം പാർട്ടിയുടെ നിലനിൽപ്പിനെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്. എന്നാൽ, പാർട്ടിയുടെ പകുതിയോളം എംഎൽഎമാർ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി കേന്ദ്രങ്ങൾ അവകാശപ്പെടുന്നത് മമത ബാനർജിക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം നടന്ന ആദ്യ യോഗത്തിൽ നിന്നും ഒൻപത് എംഎൽഎമാർ വിട്ടുനിന്നത് പാർട്ടിയിലെ ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നു. അതേസമയം, പാർട്ടി നേതാക്കൾക്കെതിരെ അന്വേഷണ ഏജൻസികളുടെയും പോലീസിന്റെയും റെയ്ഡ് തുടരുകയാണ്.
നോർത്ത് 24 പർഗാനസിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ പറമ്പിൽ നിന്ന് ഡബിൾ ബാരൽ തോക്കുകളടക്കം വൻ ആയുധശേഖരം പോലീസ് പിടിച്ചെടുത്തു.ഇന്നലെ തൃണമൂൽ കോൺഗ്രസിന്റെ ടാങ്ക്ര ഓഫീസിൽ നിന്ന് നൂറോളം തിരിച്ചറിയൽ രേഖകൾ കണ്ടെത്തിയത് വലിയ വിവാദമായിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി നേതാക്കൾ വോട്ടർമാരുടെ തിരിച്ചറിയൽ കാർഡുകൾ പിടിച്ചുവെച്ചതാണെന്ന ഗുരുതരമായ ആരോപണമാണ് ഉന്നയിക്കുന്നത്.