അമരാവതി: ദക്ഷിണ ഇന്ത്യയിലെ നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരൻ അബൂബക്കർ സിദ്ദിഖ് പിടിയിൽ. ആന്ധ്രയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ തമിഴ്‌നാട് പോലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡാണ് പിടികൂടിയത്. കാസര്‍കോട് സ്വദേശിയായ അബൂബക്കര്‍ സിദ്ധീഖ് 1995 മുതല്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. നിരോധിക്കപ്പെട്ട അൽ-ഉമ്മ അടക്കമുള്ള ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്മെൻ്റ് നടത്തിയ ആളാണ് ഇയാൾ.
അബൂബക്കർ സിദ്ദിഖിനൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അലിയെയും പിടികൂടിയിട്ടുണ്ട്. ഇയാൾ 1999 മുതൽ ഒളിവിലായിരുന്നു. തെക്കേ ഇന്ത്യയിലെ തീവ്രവാദ ശ്രംഖലയുമായി ബന്ധപ്പെട്ട് വളരെ നിർണായകമായ അറസ്റ്റാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി വിവിധ സേനകൾ തെരഞ്ഞുകൊണ്ടിരുന്ന പ്രതിയാണ് അബൂബക്കർ സിദ്ദിഖ്. കേരളം, തമിഴ് നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലുണ്ടായ വിവിധ സ്ഫോടനങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ട്. 1999ലെ ബെംഗളൂരു സ്‌ഫോടനം, 2011ൽ ഉപപ്രധാനമന്ത്രിയായിരുന്ന എൽ.കെ അദ്വാനിയുടെ രഥയാത്രയെ ലക്ഷ്യമിട്ട് മധുരയിലുണ്ടായ പൈപ് ബോംബ് സ്ഫോടനം, 1991ലെ ചെന്നൈ ഹിന്ദു മുന്നണി ഓഫീസില്‍ നടന്ന സ്‌ഫോടനം എന്നിവയിലെല്ലാം പ്രതിയാണ് അബൂബക്കര്‍ സിദ്ധീഖ്.
ഇയാളെ പിടികൂടാനായത് നിര്‍ണായക നേട്ടമാണെന്ന് എന്‍ഐഎയും പോലീസും പറഞ്ഞു. നാഗപട്ടണം നാഗൂർ സ്വദേശിയാണ് അബൂബക്കർ സിദ്ദിഖ്. നാഗൂരിലുണ്ടായ പാഴ്സൽ ബോംബ് സ്ഫോടനം, 1997ൽ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ അടക്കം ഏഴ് സ്ഥലങ്ങളിലുണ്ടായ സ്ഫോടനം, ചെന്നൈയിലെ എഗ്മൂർ പോലീസ് കമ്മിഷണറുടെ ഓഫീസിലുണ്ടായ സ്ഫോടനം, 2012ൽ വെല്ലൂരിലുണ്ടായ അരവിന്ദ് റെഡ്ഡി കൊലപാതകം, 2013ൽ ബംഗളുരുവിലെ മല്ലേശ്വരം ബിജെപി ഓഫീസിലുണ്ടായ സ്ഫോടനം തുടങ്ങി നിരവധി ബോംബ് സ്ഫോടനങ്ങളുടെ സൂത്രധാരനാണ്.