കൊല്ലം: തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ.
സ്കൂൾ മാനേജരാണ് സസ്പെൻഷൻ ഉത്തരവിറക്കിയത്. കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതായി ഉത്തരവിൽ പറയുന്നു. സീനിയർ അധ്യാപിക മോളിക്ക് പ്രധാനാധ്യാപികയുടെ പകരം ചുമതല നൽകി.
സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് മിഥുന്‍ മനു (13) ഷോക്കേറ്റ് മരിച്ചത്. പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. തറയില്‍ നിന്ന് ലൈനിലേക്കും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
വിദേശത്തുള്ള അമ്മ സുജ നാളെ നാട്ടിലെത്തിയ ശേഷമായിരിക്കും മിഥുന്റെ സംസ്‌കാരം നടക്കുക. കുവൈത്തില്‍ വീട്ടുജോലിക്കായി പോയതായിരുന്നു മിഥുന്റെ അമ്മ. സുജ വീട്ടുജോലിക്കായി പോയ കുടുംബം തുര്‍ക്കിയില്‍ വിനോദയാത്രയ്ക്കായി പോയിരിക്കുകയായിരുന്നു. ഇവരോടൊപ്പമാണ് സുജയും ഉണ്ടായിരുന്നത്. സുജ നാളെ വെളുപ്പിന് കൊച്ചിയിലെത്തുമെന്ന് മിഥുന്റെ അച്ഛന്‍ മനു മാധ്യമങ്ങളോട് പറഞ്ഞു . തുര്‍ക്കിയില്‍ നിന്ന് ഇന്ന് തന്നെ കുവൈത്തില്‍ എത്തിക്കും. അവിടെ നിന്ന് പേപ്പറൊക്കെ ശരിയാക്കിയ ശേഷം കൊച്ചിയിലെത്തും. അങ്ങനെയെങ്കില്‍ മിഥുന്റെ സംസ്‌കാരം നാളെ നടക്കുമെന്നും മനു പറഞ്ഞു.