• Tue. Jul 22nd, 2025

24×7 Live News

Apdin News

'തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി, പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി'; വിഎസ് അച്യുതാനന്ദന്‍ എന്ന പോരാട്ടജീവിതം

Byadmin

Jul 21, 2025


ജീവിതത്തില്‍ ഉടനീളം പോരാളിയായിരുന്നു ‘വി.എസ്.’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വി.എസ്. അച്യുതാനന്ദന്‍. 1923 ഒക്ടോബര്‍ 20 ല്‍ ജനിച്ച അദ്ദേഹത്തിന് നാലു വയസ്സുള്ളപ്പോള്‍ അമ്മയും പതിനൊന്നാം വയസ്സില്‍ അച്ഛനും മരിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ അച്ഛന്റെ സഹോദരിയാണ് വളര്‍ത്തിയത്. വളരെ ചെറുപ്രായത്തില്‍ തന്നെ തൊഴിലിന്റെ കാഠിന്യം അച്യുതാനന്ദന് പിന്നീട് പാര്‍ട്ടി ജീവിതത്തിലും കടുപ്പം നല്‍കി.

അച്ഛന്‍ മരിച്ചതോടെ ഏഴാം ക്‌ളാസ്സില്‍ വച്ച് പഠനം അവസാനിപ്പിച്ച വി.എസ്. ജ്യേഷ്ഠന്റെ ജൗളിക്കടയില്‍ സഹായിയായി കൂടി. നിവര്‍ത്തനപ്രക്ഷോഭം നാട്ടില്‍ കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് കയര്‍ ഫാക്ടറിയിലും ജോലി ചെയ്യുന്ന കാലത്താണ് തൊഴിലാളിപ്രശ്‌നങ്ങളില്‍ ഇടപെട്ടത്. അച്യുതാനന്ദനില്‍ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയാണ്.

പിന്നീട് കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് അവരെ സംഘടിപ്പിച്ചു. പുന്നപ്ര വയലാര്‍ സമരത്തില്‍ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടര്‍ന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവില്‍ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടര്‍ന്ന് ലോക്കപ്പില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായി. പിന്നീട് നാലു വര്‍ഷക്കാലം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവിലായിരുന്നു. ജന്മികുടിയാന്‍ വ്യവസ്ഥയ്ക്ക് എതിരേ 1946 -ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തു.

കമ്യൂണിസ്റ്റ് പാര്‍ട്ടി ചരിത്രത്തിന്റെ ഭാഗമായ ഈ സമരത്തിലെ പ്രധാനികളിലൊരാളാണ് വി. എസ്. അക്കാലത്തെ പാര്‍ട്ടിനേതൃത്വം ചുമതലപ്പെടുത്തിയത് അനുസരിച്ച് പുന്നപയില്‍ 300 മുതല്‍ 400 വരെ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്ന നിരവധി ക്യാമ്പുകള്‍ക്ക് വി.എസ് അക്കാലത്ത് നേതൃത്വം നല്‍കി. അത്തരത്തില്‍ മൂന്ന് ക്യാമ്പുകളുടെ ചുമതലയാണ് വി.എസിന് ഉണ്ടായിരുന്നത്. പുന്നപ്ര വെടിവെപ്പും എസ്.ഐ. അടക്കം നിരവധി പൊലീസുകാര്‍ മരിച്ചതും ദിവാന്‍ സി.പിയുടെ ഉറക്കം കെടുത്തി. അതിനുശേഷമാണ് പൂഞ്ഞാറില്‍ നിന്ന് വി. എസ് അറസ്റ്റിലായത്.

ലോക്കപ്പില്‍ ക്രൂര മര്‍ദ്ദനത്തിനു ഇരയായി. രണ്ടു കാലുകളും ലോക്കപ്പിന്റെ അഴികളിലൂടെ പുറത്തെടുത്തു. തുടര്‍ന്ന് രണ്ടുകാലിലും ലാത്തിവെച്ച് കെട്ടി മര്‍ദ്ദിച്ചു. മര്‍ദ്ദനം ശക്തമായപ്പോള്‍ വി. എസിന്റെ ബോധം നശിക്കുന്ന അവസ്ഥയായി. അവസാനം തോക്കിന്റെ ബയണറ്റ് ഉള്ളംകാലിലേക്ക് ആഞ്ഞുകുത്തി. പാദം തുളഞ്ഞ് അത് അപ്പുറത്തിറങ്ങി. പിന്നീട് പോലീസ് പാലാ ആശുപത്രിയില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചു പോയി.

ജനകീയതയുടെ പേരില്‍ പാര്‍ട്ടി എടുത്ത തീരുമാനങ്ങള്‍ പലപ്പോഴും വി. എസിന് അനുകൂലമായി മാറ്റിയിട്ടുണ്ട്. മുഖ്യമന്ത്രിയാകുന്നതിന് തൊട്ടുമുമ്പ് നടന്ന 2006ലെ തെരഞ്ഞെടുപ്പില്‍ വി.എസിനെ മത്സരിപ്പിക്കേണ്ടെന്നാണ് ആദ്യം കേരള പാര്‍ട്ടി തീരുമാനിച്ചത്. എന്നാല്‍ ‘കണ്ണേകരളേ’, ‘വീ.യെസേ’ എന്ന മുദ്രാവാക്യവുമായി ജനക്കൂട്ടം തെരുവില്‍ എത്തിയതോടെ കേന്ദ്രനേതൃത്വം ഇടപെട്ട് തീരുമാനം തിരുത്തി.

തിരഞ്ഞെടുപ്പില്‍ വിഎസ് മുന്നില്‍ നിന്നും നയിച്ചു. ഇടതു ജനാധിപത്യ മുന്നണി വന്‍ഭൂരിപക്ഷം നേടി. പിന്നാലെ വി.എസിനെ മുഖ്യമന്ത്രിയാക്കേണ്ട എന്ന തീരുമാനവും പാര്‍ട്ടി എടുത്തു. ജനകീയ പ്രതിഷേധങ്ങള്‍ക്ക് മുമ്പില്‍ ഇത്തവണയും പാര്‍ട്ടിക്ക് നിലപാട് മാറ്റേണ്ടി വന്നു. 2011ലും വി.എസ് മത്സരിക്കേണ്ടെന്ന് ആദ്യം പാര്‍ട്ടി തീരുമാനിച്ചു. പിന്നീട് പാര്‍ട്ടി നിലപാട് മാറ്റേണ്ടി വന്നത്.

By admin