• Sat. Jul 26th, 2025

24×7 Live News

Apdin News

ദണ്ഡകാരണ്യ പ്രവേശം

Byadmin

Jul 26, 2025



രാമസീതാലക്ഷ്മണന്മാർ വിശാലമായ ദണ്ഡകവനത്തിലൂടെ ചെയ്ത യാത്ര വെറുമൊരു ശാരീരികമായ സഞ്ചാരമായിരുന്നില്ല. അത് ദിവ്യമായ പല സത്സംഗങ്ങൾക്കും കൂടിക്കാഴ്ചകൾക്കും ഇടയാക്കിയ ഒരു തീർത്ഥാടനം തന്നെയിരുന്നു. അത്രിമുനിയുടെ പ്രശാന്തമായ ആശ്രമപ്രദേശം വിട്ട് മൂവരും ദണ്ഡകവനത്തിന്റെ ഉൾക്കാട്ടിലേയ്‌ക്ക് പോയി. സർവജ്ഞനും വിശ്വസംരക്ഷകനുമായ രാമന് ആരുടെയും നിർദ്ദേശങ്ങളോ സഹായങ്ങളോ ആവശ്യമില്ലായിരുന്നെങ്കിലും, വിനയപൂർവ്വം അദ്ദേഹം യാത്രയ്ക് വഴികാട്ടുവാൻ അത്രിമുനിയുടെ ശിഷ്യന്മാരുടെ സഹായം തേടി. മുനിയുടെ യുവാക്കളായ ശിഷ്യർ അവർക്ക് വിശാലമായ ഒരു നദി കടക്കാൻ ആദരപൂർവം ഒരു തോണിയൊരുക്കിയിട്ട് തങ്ങളുടെ ഗുരുവിന്റെ അടുക്കലേക്ക് തിരിച്ചുപോയി. രാമസീതാലക്ഷ്മണന്മാർ അപകടകരമായ ആ കൊടുംവനത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു.

വിരാധവധം
ദണ്ഡകവനം, അലറിയോടുന്ന സിംഹങ്ങൾ, ഇരതേടി അലയുന്ന പുലികൾ, കൊടുംവിഷമുള്ള പാമ്പുകൾ, ദുഷ്ടരാക്ഷസന്മാർ തുടങ്ങി ഒളിഞ്ഞിരിക്കുന്ന ഏറെ അപകടങ്ങൾ നിറഞ്ഞ കൊടും കാടാണ്. ഓരോ നിഴലിലും ഒരോ ഭീഷണി മറഞ്ഞിരിക്കുന്നതായി തോന്നിയെങ്കിലും രാമൻ ശാന്തനായി, ദൃഢമായ കാലവെപ്പുകളോടെ നിശ്ചയത്തോടെ നടന്നു. ലക്ഷ്മണനോട് മുന്നിലേക്ക് ശ്രദ്ധിക്കാൻ ആവശ്യപ്പെട്ട്, സീതയോട് സുരക്ഷയ്‌ക്കായി രണ്ടാളുടെയും ഇടയിൽ നടക്കാൻ ആവശ്യപ്പെട്ടു. പെട്ടെന്ന് അവർക്ക് മുന്നിൽ വിരാധനെന്ന ഒരു ക്രൂര രാക്ഷസൻ പ്രത്യക്ഷപ്പെട്ടു. ആ ഭയാനക രൂപവും രക്തത്തിന്റെ രൂക്ഷഗന്ധം വമിക്കുന്ന സാന്നിദ്ധ്യവും ആരുടെ ഹൃദയത്തിലും വിറപ്പിക്കുന്നതാണ്. തന്റെ ശക്തിയും ശൗര്യവും കാണിക്കുവാനായി പെട്ടെന്ന് സീതയെയും ആയുധങ്ങളെയും ഉപേക്ഷിക്കാൻ രാക്ഷസൻ രാമനോട് ആജ്ഞാപിച്ചു. വിരാധൻ അവർക്ക് മുന്നിലേക്ക് എടുത്തു ചാടി. പക്ഷേ രാമൻ, മിന്നലിന്റെ വേഗതയിൽ പായുന്ന അമ്പുകൾ തുരുതുരാ എയ്ത്, രാക്ഷസന്റെ കൈകാലുകൾ മുറിച്ച് അവന്റെ ഭീഷണി അവസാനിപ്പിച്ചു. രാക്ഷസരൂപം തകർന്നപ്പോൾ, അവന്റെ സ്ഥാനത്ത് ഒരു പ്രകാശരൂപമായി അവന്റെ ആത്മാവ് പ്രത്യക്ഷപ്പെട്ടു. നീണ്ട കാലമായി ശാപഗ്രസ്തനായി കഴിഞ്ഞിരുന്ന അവൻ അങ്ങിനെ മോചിതനായി. കൃതജ്ഞതയോടും വിനയത്തോടും കൂടെ, ആ വിദ്യാധരൻ നിറഞ്ഞ ഹൃദയത്തോടെ രാമനെ സ്തുതിച്ചു. തന്റെ മോചനത്തിൽ ആഹ്ലാദിച്ച്, ഭഗവാന്റെ പത്മപാദങ്ങളിൽ ശാശ്വതമായ ഭക്തിതേടി, ആ ദിവ്യരൂപം സ്വർഗ്ഗത്തിലേക്ക് ഉയർന്നുപോയി.

ശരഭംഗാശ്രമം, സുതീക്ഷ്ണാശ്രമം
യാത്ര തുടർന്ന്, മൂവരും ശരഭംഗമുനിയുടെ ആശ്രമത്തിൽ എത്തി. ദീർഘനാളായി രാമന്റെ വരവിനായി കാത്തിരുന്ന വയോവൃദ്ധനായ ഋഷി അവരെ ആദരവോടെ സ്വാഗതം ചെയ്തു. തന്റെ ഇഹലോകജീവിതം പവിത്രമായ ഈ സത്സംഗത്തോടെ അവസാനത്തിലെത്തിയതറിഞ്ഞ്, ശരഭംഗമുനി തന്റെ തപോബലങ്ങളും ഫലമൂലങ്ങളും രാമന് മുന്നിൽ സമർപ്പിച്ച്, രാമന്റെ ദിവ്യരൂപം കണ്ടുകൊണ്ട് ഹോമാഗ്നിയിൽ പ്രവേശിച്ചു. സ്വർഗ്ഗരഥങ്ങൾ ആകാശം നിറയുന്ന ശുഭവേളയിൽ മുനിയുടെ ആത്മാവ്, സ്വർഗ്ഗത്തിലേക്ക് ഉയർന്നു.

പെട്ടെന്നുതന്നെ വനത്തിൽ രാമന്റെ സാന്നിദ്ധ്യമുണ്ടെന്ന വാർത്ത മുനിമാരുടെയിടയിൽ പരന്നു. അടുത്തുള്ള ആശ്രമങ്ങളിലെ ഋഷിമാർ രാമനെ കാണാൻ കൂട്ടമായി എത്തിച്ചേർന്ന് ആദരവോടെ രാമനെ സമീപിച്ചു, അയോദ്ധ്യയുടെ രാജകുമാരനായി മാത്രമല്ല, രാമനെ മഹാവിഷ്ണുവായും കൂടെയുള്ള സീതാലക്ഷ്മണന്മാരെ, മഹാലക്ഷ്മിയും ആദിശേഷനുമായും അവർ തിരിച്ചറിഞ്ഞു. രാക്ഷസന്മാരുടെ ദുഷ്ടപ്രവൃത്തികൾ കൊണ്ട് ദീർഘനാളായി പീഡിപ്പിക്കപ്പെട്ട് ദുഃഖിച്ചിരുന്ന ഋഷിമാർ, രാമനോട് അവർക്ക് സംരക്ഷയേകണമെന്ന് അപേക്ഷിച്ചു. ആ പരിസരത്ത് കൊല്ലപ്പെട്ട മഹർഷിമാരുടെ ദേഹാവശിഷ്ടങ്ങൾ—ഭയാനകമായ ഒരു എല്ലുകൂമ്പാരം— അവർ രാമനെ ചൂണ്ടിക്കാട്ടി. ഋഷിമാരുടെ ദുരവസ്ഥ കണ്ട് ദുഃഖിതനായ രാമൻ, രാക്ഷസഭീഷണികൾ ഇല്ലാതാക്കി വനത്തിൽ സമാധാനം പുനഃസ്ഥാപിക്കുമെന്ന് അവരോട് വാഗ്ദാനം ചെയ്തു.

പിന്നീടവർ സുതീക്ഷ്ണമുനിയുടെ ശാന്തമായ ആശ്രമത്തിലേക്ക് പോയി. അഗസ്ത്യശിഷ്യനായ സുതീക്ഷ്ണന്റെ ആശ്രമം വനത്തിലെ ഒരു സ്വർഗ്ഗം തന്നെയായിരുന്നു, അവിടെ പക്ഷികൾ കളകൂജനം ചെയ്തു, വന്യജന്തുക്കളും അവരുടെ ഇരകളായ വനജീവികളും ഐക്യത്തോടെ സമാധാനമായി ജീവിച്ചു. ഭക്തിയിൽ മുഴുകിയിരുന്ന സുതീക്ഷ്ണൻ രാമനെ വിനയത്തോടെ സ്വാഗതം ചെയ്ത് സ്തുതിച്ചു. രാമനെ ദേവന്മാർക്കുപോലും അറിയാൻ കഴിയാത്ത പരംപൊരുളാണെന്നു പുകഴ്‌ത്തി. മുനി ഒരേയൊരു വരം മാത്രമേ രാമനോട് ആവശ്യപ്പെട്ടുളളു: “തന്റെ മനസ്സ് ലൗകീകമായ ആസക്തികളിൽനിന്നും, മായയിൽനിന്നും മുക്തമായി രാമന്റെ പത്മപാദങ്ങളിൽ ഉറച്ചിരിക്കണം”. രാമൻ, കൃപയോടെ ഋഷിക്ക് മോക്ഷപദം ഉറപ്പാക്കി. പിന്നീട് പ്രശസ്തനായ അഗസ്ത്യഋഷിയെ സന്ദർശിക്കാനുള്ള തന്റെ ആഗ്രഹം രാമൻ മുനിയെഅറിയിച്ചു.

അഗസ്ത്യാശ്രമം
സുതീക്ഷ്ണന്റെ നേതൃത്വത്തിൽ അവർ അഗസ്ത്യമുനിയുടെ ആശ്രമത്തിലേക്ക് യാത്ര തിരിച്ചു. ഋഷിമാരുമായി സംവദിച്ച് അവർ വഴിയിൽ ലളിതമായ ഭക്ഷണം ആസ്വദിച്ചു. രാമനും കൂട്ടരും അവിടെ എത്തിയപ്പോൾ, ഋഷി അഗസ്ത്യൻ അതിയായ ആനന്ദത്തോടെ അവരെ സ്വീകരിച്ചു. രാമന്റെ ദിവ്യമായ ജീവിതദൗത്യം മുൻകൂട്ടിക്കണ്ട ഋഷി, അദ്ദേഹത്തെ നിത്യസത്യത്തിന്റെ പ്രതീകമായി മനസിലാക്കി സ്വാഗതം ചെയ്ത്, വിശ്വസൃഷ്ടിയുടെ രഹസ്യങ്ങൾ വിശദീകരിച്ചു പറഞ്ഞു. മായാശക്തിയുടെ പ്രവർത്തനത്തിലൂടെ എങ്ങിനെയൊരു ലോകവും അതിലെ ജീവജാലങ്ങളും അനേകം ഗുണങ്ങളും ഉദ്ഭൂതമായെന്ന് അഗസ്ത്യൻ വിശദീകരിച്ച് പറഞ്ഞു. അജ്ഞാനവും ദ്വന്ദ്വഭാവവും ഭക്തിയിലൂടെയും സ്വയം പരിശോധനയിലൂടെയും മറികടക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. ആത്മാവിനെ മോക്ഷത്തിലേക്ക് നയിക്കുന്നതിന് സത്സംഗവും ജ്ഞാനികളുമായുള്ള സഹവാസവും എത്ര പ്രാധാന്യമുള്ളതാണെന്ന് എന്നദ്ദേഹം സുദൃഢമായി അറിയിച്ചു.

രാമന്റെ അവതാരദൗത്യത്തെ തന്റെ ദിവ്യദൃഷ്ടിയിൽ കണ്ട അഗസ്ത്യമുനി ശക്തിമത്തായ കുറേ ആയുധങ്ങൾ രാമന് സമ്മാനിച്ചു. ഇന്ദ്രന്റെ ഒരു വലിയ വില്ല്, ഒരു വാൾ, അമ്പൊഴിയാത്ത ആവനാഴി എന്നിവയും കൂട്ടത്തിൽ ഉണ്ടായിരുന്നു. നദീതീരത്തുള്ള പഞ്ചവടിയെന്ന സ്ഥലം അവർക്ക് കുടിൽ കെട്ടി താമസിക്കാൻ ഉചിതമാണെന്ന് അദ്ദേഹം രാമന് പറഞ്ഞുകൊടുത്തു. രാമൻ ബഹുമാന്യനായ അഗസ്ത്യമഹർഷിയെ നമസ്ക്കരിച്ച ശേഷം തന്റെ യാത്ര തുടർന്നു.

ജടായുസംഗമം
പഞ്ചവടിയിലേക്കുള്ള പാതയിൽ, തണൽമരങ്ങളുടെ താഴെ വിശ്രമിക്കുന്ന പ്രായമേറെയുള്ള കഴുകൻ ജടായുവിനെ അവർ കണ്ടുമുട്ടി. ആദ്യം ഭീകരരൂപിയായ പക്ഷിയെ വേഷംമാറിയ രാക്ഷസനാണെന്ന് തെറ്റിദ്ധരിച്ച്, രാമൻ വില്ല് തയ്യാറാക്കിവച്ചു. പക്ഷേ ജടായു വിനയത്തോടെ രാമനെ സമീപിച്ച് സംസാരിച്ച്, ദശരഥരാജാവുമായുള്ള തന്റെ സൗഹൃദം വെളിപ്പെടുത്തി. രാമൻ ജടായുവിനെ സ്‌നേഹപൂർവം ചേർത്തുപിടിച്ച് അവരുടെ സംരക്ഷകനായി തങ്ങൾ താമസിക്കുന്നതിന് സമീപത്തുതന്നെ വസിക്കുവാൻ ക്ഷണിച്ചു. അങ്ങനെ തുടങ്ങിയ ഒരപൂർവ്വസൗഹൃദം പിന്നീട് വളരെ വിലപ്പെട്ടതായിത്തീർനന്നു.

പഞ്ചവടീപ്രവേശം
പഞ്ചവടിയിൽ എത്തിയപ്പോൾ, ജ്യേഷ്ഠനും അനുജനും ചേർന്ന് പ്രകൃതിയുടെയാ സമൃദ്ധവനിയിൽ ചെറുതെങ്കിലും സുന്ദരമായ ഒരു കുടിൽ പണിതു. ലക്ഷ്മണൻ ആ പർണ്ണാശ്രമം അതീവശ്രദ്ധയോടെ സീതയ്‌ക്ക് വേണ്ടി ഏറ്റവും സുഖകരമായ വിധത്തിൽ ഒരുക്കിവച്ചു. ആ പ്രദേശം നിറയെ പക്വഫലങ്ങളും പൂക്കളും നിറഞ്ഞതായിരുന്നു. പ്രശാന്തമായ പരിസരം അവർക്ക് വളരെയധികം സമാധാനം നൽകി. എങ്കിലും ഇവിടെയും ലക്ഷ്മണൻ ജാഗ്രതപുലർത്തി രാത്രികളിൽ ഉറങ്ങാതെ എപ്പോഴും തന്റെ ജ്യേഷ്ഠനേയും ജ്യേഷ്ഠത്തിയമ്മയേയും സംരക്ഷിക്കാൻ തയ്യാറായി കാവൽ നിന്നു.

 

By admin