• Mon. Oct 19th, 2026

24×7 Live News

Apdin News

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

Byadmin

Oct 19, 2026


ഗ്രേറ്റർ നോയിഡയിൽ ദമ്പതികളെയും മൂന്ന് കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മഹേഷ് (37), ഭാര്യ ലളിത (35), മകൾ മിഷ്ടി (7), മക്കളായ സാക്ഷത് (11), റിയാൻഷ് (3) എന്നിവരെയാണ് ശനിയാഴ്ച രാവിലെ നാഗ്ലാ പദം ഗ്രാമത്തിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷിന്റെ സഹോദരിമാരായ സുനിത (45), സ്വപ്ന (32), സഹോദരീഭർത്താവ് ശേഖർ എന്ന ചന്ദ്രശേഖർ (50) എന്നിവരാണ് അറസ്റ്റിലായത്.

മരണത്തിന് മുമ്പ് മഹേഷ് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത ശബ്ദസന്ദേശത്തിൽ ഇവരെ ഉത്തരവാദികളാക്കിയിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. കുടുംബം താമസിച്ചിരുന്ന വീട് അമ്മ ചന്ദ്രാവതിയിൽനിന്ന് സുനിതയുടെ പേരിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ ഉടമസ്ഥാവകാശം മാറ്റിയതറിഞ്ഞ് മഹേഷ് മാനസികമായി വിഷമത്തിലായിരുന്നുവെന്നും അയൽക്കാരിൽനിന്നും ബന്ധുക്കളിൽനിന്നും ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നതായി പൊലീസ് പറഞ്ഞു.

വീട്ടിലേക്ക് പുറത്തുനിന്ന് ആരെങ്കിലും പ്രവേശിച്ചതായി സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയിട്ടില്ല. കുടുംബം ഭക്ഷണം കഴിച്ചതിന് പിന്നാലെ മരിച്ചെന്ന വിവരത്തെ തുടർന്ന് ആദ്യം ഭക്ഷ്യവിഷബാധയാണോ എന്ന സംശയവും ഉയർന്നിരുന്നു. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ വിഷബാധയുടെ സൂചനകൾ ലഭിച്ചതിനെ തുടർന്ന് ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. മരണകാരണം പരിശോധനാഫലം ലഭിച്ചശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തിൽ ലളിതയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചതുമായി ബന്ധപ്പെട്ട ഭാരതീയ ന്യായ സംഹിതയിലെ 108-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. ഫോറൻസിക് സയൻസ് ലബോറട്ടറി, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു. അറസ്റ്റിലായ മൂന്ന് പേരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

By admin