• Fri. Jul 18th, 2025

24×7 Live News

Apdin News

ദിവസം 2 ബാലകാണ്ഡം

Byadmin

Jul 18, 2025



ബാല്യകാലം
ദശരഥരാജാവും രാജസഭയും രാജ്യവും ഏറെ ആനന്ദത്തോടെ കഴിഞ്ഞുവന്നു. കുട്ടികൾ നാലുപേരും ശക്തിയിലും സദ്ഗുണത്തിലും ജ്ഞാനത്തിലും ആഗ്രഗണ്യന്മാരായി വളർന്നു. അവർ എല്ലാവർക്കും പ്രിയപ്പെട്ടവരായി. രാമൻ, ചെറുബാല്യത്തിൽ പോലും, തന്റെ പ്രായത്തിനുമപ്പുറമുള്ള കൃപയും അറിവും നേതൃത്വഗുണവും പക്വതയും പ്രകടിപ്പിച്ചു. ചന്ദ്രനെ ചുറ്റുന്ന നക്ഷത്രങ്ങളെപ്പോലെ ജ്യേഷ്ഠനായ രാമനായിരുന്നു ആ നാലു സഹോദരന്മാരുടെ കേന്ദ്രം. രാജകുമാരന്മാർക്ക് വിദ്യാഭ്യാസത്തിനുള്ള പ്രായം അടുത്തപ്പോൾ, അയോദ്ധ്യ മുഴുവനും അത് ആഘോഷമാക്കി. രാജകുമാരന്മാരെക്കണ്ട് ആനന്ദത്തോടെ ‘ഇതാ ധർമ്മത്തിന്റെ സൂര്യോദയമായി’ എന്ന് രാജ്യത്തിലെ പ്രജകൾ പാടിനടന്നു.

ശ്രീരാമന്റെയും സഹോദരന്മാരുടെയും വിദ്യാഭ്യാസകാലവും ചെറുപ്പകാലത്തെ സാഹസികതകളും അതിവിശിഷ്ടമായിരുന്നു. വസിഷ്ഠമഹർഷി നടത്തിയ ഉപനയനകർമ്മത്തിലൂടെ ആത്മീയവും ലൗകികവുമായ വിദ്യാഭ്യാസത്തിലേക്ക് രാജകുമാരന്മാരായ രാമ, ലക്ഷ്മണ, ഭരത, ശത്രുഘ്നൻമാർ പ്രവേശിച്ചു. അവർ നാല് വേദങ്ങളും അവയുടെ വ്യാഖ്യാനങ്ങളും ഉപവിഷയങ്ങളും വിശദമായി പഠിച്ചു. അസാധാരണ ബുദ്ധിവൈഭവം പ്രകടിപ്പിച്ച് വിഷയങ്ങളിൽ അതിവേഗം അവഗാഹം നേടി. ദശരഥന് തന്റെ പുത്രന്മാരിൽ അഭിമാനം ജനിക്കുംവണ്ണം, അവർ വിദ്യാഭ്യാസത്തിൽ മാത്രമല്ല, സേവനം, ദാനം, വില്ലാളിവീര്യം, രാജകീയ കായികവിനോദങ്ങൾ എന്നിവയിലെല്ലാം മികവ് പുലർത്തി. അവരിൽ, രാമൻ സ്വാഭാവികമായുള്ള നേതൃത്വപാടവവും പക്വതയും കൊണ്ട് ജ്യേഷ്ഠസ്ഥാനത്ത് നിന്ന് തന്റെ സഹോദരന്മാരെ നയിച്ചു. രാമനും ലക്ഷ്മണനും തമ്മിലും, ഭരതനും ശത്രുഘ്നനും തമ്മിലും വളരെ അടുത്ത ഒരു ബന്ധം സ്വാഭാവികമായി രൂപപ്പെട്ടു. ദശരഥന്റെ പുത്രന്മാരുടെയും രാജ്ഞിമാരുടെയും സാന്നിദ്ധ്യംകൊണ്ട് അയോദ്ധ്യ ഭൂമിയിലെ സ്വർഗ്ഗമായി. ഐക്യവും ഐശ്വര്യവും സന്തോഷവും നാടെങ്ങും നിറഞ്ഞു. ദശരഥൻ തനിക്കുണ്ടായ സൗഭാഗ്യത്തിന് ഈശ്വരന്മാരോട് നന്ദി പറഞ്ഞു.

രാമനും ലക്ഷ്മണനും മൂർച്ചയുള്ള അമ്പുകളും ഞാൺ നന്നായി വലിച്ചുകെട്ടിയ വില്ലുകളുമായി വേട്ടയ്‌ക്കായി വനത്തിലേക്ക് പോകാറുണ്ട്. കാട്ടുമൃഗങ്ങളെ കൊന്ന് കൊണ്ടുവന്ന് പിതാവിന്റെ കാൽക്കൽ സമർപ്പിച്ച് അവരുടെ വൈദഗ്ധ്യവും ഉത്തരവാദിത്തവും പ്രകടിപ്പിച്ചു പിതാവിനെ ആഹ്ളാദിപ്പിച്ചു. കൗമാരത്തി ലാണെങ്കിലും അവർ ദിനചര്യകളിൽ—സ്നാനം, പ്രാർത്ഥന, മുതിർന്നവരെ ബഹുമാനിക്കൽ, രാജകീയവും സാമൂഹികവുമായ കടമകൾ എന്നിവയിലെല്ലാം മാതൃകാപരമായ പക്വത കാട്ടി. രാജകുമാരന്മാരുടെ സദ്ഗുണങ്ങൾ കണ്ട്, അയോദ്ധ്യയിലെ പൗരന്മാർ ഇവരുടെ കയ്യിൽ തങ്ങളുടെ രാജ്യം ഭാവിയിലും ഭദ്രമാണെന്ന് കണ്ട് നന്ദിയോടെ ദേവകളെ സ്തുതിച്ചു.

വിശ്വാമിത്ര യാഗരക്ഷ
ഒരു ദിവസം, പ്രമുഖ രാജർഷിയായ വിശ്വാമിത്രൻ അയോദ്ധ്യയിലെത്തി. ദശരഥൻ അദ്ദേഹത്തെ രാജകീയ ബഹുമതികളോടും ഉപചാരങ്ങളോടും കൂടി സ്വാഗതം ചെയ്തു. ആഗതനായ ദിവ്യമുനിക്കായി തന്റെ സേവനവും സിംഹാസനം പോലും രാജാവ് വാഗ്ദാനം ചെയ്ത് മഹർഷിയുടെ ഏത് ആവശ്യവും നിറവേറ്റാൻ തയ്യാറായി നിന്നു. തന്റെ ആശ്രമത്തിലെ യാഗങ്ങൾക്ക് രാക്ഷസന്മാരായ മാരീചന്റെയും സുബാഹുവിന്റെയും നേതൃത്വത്തിലുള്ളവർ സദാ വിഘ്നം സൃഷ്ടിക്കുന്നുവെന്നും അവർ യാഗവേദികളെ മലിനമാക്കി നശിപ്പിക്കുന്നുവെന്നും അദ്ദേഹം രാജാവിനെ അറിയിച്ചു. യാഗസംരക്ഷണത്തിനായി, രാമനെയും ലക്ഷ്മണനെയും തന്റെ കൂടെ അയക്കണമെന്ന് വിശ്വാമിത്രൻ രാജാവിനോട് അഭ്യർത്ഥിച്ചു. ഈ അസാധാരണമായ അഭ്യർത്ഥന കേട്ട് ദശരഥൻ ഞെട്ടിപ്പോയി. ചെറുപ്പമിനിയും വിടാത്ത, പോരിൽ തീരെ പരിചയമില്ലാത്ത, തന്റെ പുത്രന്മാരെ മുനിയുടെ കൂടെ അയക്കാൻ അദ്ദേഹം മടിച്ചുനിന്നു. ക്ഷിപ്രകോപിയെന്ന് അറിയപ്പെടുന്ന വിശ്വാമിത്രന്റെ ശാപഭീഷണി ഭയന്ന്, ദശരഥൻ ഗുരുവായ വസിഷ്ഠമഹർഷിയുടെ ഉപദേശം തേടി. അദ്ദേഹം രാജാവിനെ ആശ്വസിപ്പിച്ചു “രാമൻ ഒരു സാധാരണ മനുഷ്യബാലനല്ല, പരബ്രഹ്മത്തിന്റെ മൂർത്തരൂപവും ഭഗവാൻ നാരായണന്റെ അവതാരവുമാണ്. രാജാവേ അതുകൊണ്ട് ഭയപ്പെടേണ്ടതായി ഒന്നുമില്ല. അങ്ങയുടെയും കൗസല്യയുടെയും ഈ ജന്മം മുൻജന്മത്തിലെ —കശ്യപന്റെയും ശതരൂപയുടെയും— തപസ്സിന്റെ ഫലമായുള്ള വരദാനത്തിന്റെ സാഫല്യമാണ്. ലക്ഷ്മണൻ ആദിശേഷനാണ്. ഭരതനും ശത്രുഘ്നനും വിഷ്ണുവിന്റെ ശംഖും ചക്രവുമാണ്. സീത, യോഗമായാദേവിയുടെ പ്രതിരൂപമായി, മിഥിലയിൽ രാമനെ കാത്തിരിക്കുന്നു. വിശ്വാമിത്ര മഹർഷിയുമൊത്തുള്ള ഈ യാത്ര അവരുടെ ദിവ്യസംഗമത്തിന് വഴിയൊരുക്കും.” ഗുരുവിന്റെ വാക്കുകൾ കേട്ട് തൃപ്തനായ ദശരഥൻ, രാമനെയും ലക്ഷ്മണനെയും വിശ്വാമിത്രനോടൊപ്പം പറഞ്ഞയച്ചു. വനത്തിലൂടെയുള്ള യാത്രയിൽ വിശപ്പോ ദാഹമോ അനുഭപ്പെടാതിരിക്കാനായി മഹർഷി അവർക്ക് ബല, അതിബല എന്നീ മന്ത്രങ്ങൾ പകർന്നു നൽകി.

താടകാവധം
ഏറെനേരം നടന്നു വനത്തിൽ പ്രവേശിക്കുമ്പോൾ, വിശ്വാമിത്രൻ താടകയെന്ന നിഷ്ഠൂരയായ രാക്ഷസിയെപ്പറ്റി കുമാരന്മാർക്ക് മുന്നറിയിപ്പ് നൽകി. മോഹിപ്പിക്കുന്ന സൗന്ദര്യമുള്ള അവളുടെ ദുഷ്ടത അവസാനിപ്പിക്കാൻ അവളെ കൊല്ലുകതന്നെ വേണമെന്ന് വിശ്വാമിത്രൻ അവരെ അറിയിച്ചു. രാമന്റെ വില്ലിന്റെ ഞാണൊലി ശബ്ദം കേട്ട് താടക അവരെ ആക്രമിക്കാൻ ആർത്തുവന്നപ്പോൾ, രാമൻ അവളുടെ നേർക്ക് എയ്ത ഒരമ്പേറ്റ് അവൾ കൊല്ലപ്പെട്ടു. മരണശേഷം, അവൾ ഒരു മനോഹരസ്ത്രീരൂപം ധരിച്ചു മുൻജന്മത്തിലെ ശാപത്തിൽ നിന്ന് മോചിതയായി, ദേവലോകത്തേക്ക് പോയി. രാമലക്ഷ്മണന്മാർ മഹർഷിയോടൊപ്പം വീണ്ടും ഏറെ നടന്ന് വിശ്വാമിത്രന്റെ ആശ്രമത്തിലെത്തി.

ആശ്രമത്തിൽ, രാമൻ മുനിമാരുടെ യാഗസംരക്ഷണം ഉറപ്പാക്കി. പിറ്റേന്ന് യാഗം ആരംഭിക്കുമ്പോൾ, അസുരന്മാരായ മാരീചനും സുബാഹുവും വേദിയെ മലിനമാക്കാൻ ശ്രമിക്കവേ രാമൻ സുബാഹുവിനെ ഒരമ്പുകൊണ്ട് കൊന്നു. മാരീചൻ ഓടിപ്പോയെങ്കിലും, മാന്ത്രജപത്തോടെ അയച്ച രാമബാണം അവനെ പിന്തുടർന്ന് ഒടുവിൽ അവനും രാമന്റെ കാലടിയിൽ ശരണം തേടാൻ നിർബന്ധിതനായി. ലക്ഷ്മണൻ മറ്റ് അസുരന്മാരെ നശിപ്പിച്ചു. അങ്ങിനെ ആശ്രമത്തിലെ യാഗങ്ങൾ മംഗളകരമായി പൂർത്തിയായി. രാമലക്ഷ്മണന്മാർ മൂന്ന് ദിവസം കൂടി ആശ്രമത്തിൽ താമസിച്ചു. ആ സമയത്ത് വിശ്വാമിത്രൻ അവർക്ക് വിലപ്പെട്ട ആത്മീയമൂല്യങ്ങളും ഭാവിയിൽ ഉപയോഗിക്കാനായി ഭരണത്തിനുള്ള രാജകീയപാഠങ്ങളും പകർന്നു നൽകി.

അഹല്യാമോക്ഷം
പിന്നീട് വിശ്വാമിത്രൻ അവരെ ജനകരാജാവിന്റെ യാഗത്തിൽ പങ്കെടുക്കാനായി മിഥിലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വഴിയിൽ ഒരുദിനം ഗംഗാനദിയുടെ തീരത്തുള്ള ഗൗതമമഹർഷിയുടെ ആശ്രമത്തിൽ താമസിച്ചു. പ്രശാന്തമായ വനപ്രദേശത്ത് മൃഗങ്ങളില്ലാത്തതുമായ ആ ചുറ്റുപാടുകളിൽ കൗതുകം പൂണ്ട രാമനോട് ആ ഭൂവിഭാഗത്തിന്റെ ചരിത്രത്തെക്കുറിച്ച് വിശ്വാമിത്രൻ വിവരിച്ചു കൊടുത്തു. മഹർഷി ഗൗതമന്റെ ഭാര്യ അഹല്യ പതിവ്രതയാണെങ്കിലും, ഇന്ദ്രനാൽ വഞ്ചിക്കപ്പെട്ടു. അയാൾ ഗൗതമന്റെ രൂപമെടുത്ത് അവളെ പ്രലോഭിപ്പിച്ചു. അതറിഞ്ഞ് ക്രുദ്ധനായ ഗൗതമൻ അഹല്യയെ ഒരു കല്ലായിമാറി കാട്ടിൽ കഴിയുവാൻ ശപിച്ചു. അങ്ങിനെ വിഷ്ണുവിന്റെ രാമാവതാരത്തെ ധ്യാനിച്ച്, രാമന്റെ പാദസ്പർശനം കിട്ടും വരെ മോചനത്തിനായി കാത്തിരിക്കാൻ അവൾ വിധിക്കപ്പെട്ടു. കല്ലായി വനത്തിൽ കിടന്ന അഹല്യയുടെമേൽ രാമൻ തന്റെ കാൽ കൊണ്ട് മൃദുവായി സ്പർശിച്ചപ്പോൾ കല്ലിൽ നിന്നും ആ ദേവി പുറത്തുവന്നു. അതീവഭക്തിയോടെ അവൾ രാമനെ സ്തുതിച്ചു. അഹല്യാസ്തുതി എന്നറിയപ്പെടുന്ന അതിമനോഹരമായ ഈ സ്തുതി ഐശ്വര്യം, സന്താനലാഭം, മോചനം എന്നിവയ്‌ക്ക് ഉത്തമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഗൗതമനും അഹല്യയും വീണ്ടും ഒരുമിച്ച് ഭക്തിയോടെ ജീവിതം തുടർന്നു.

By admin