തൃശൂര്‍: മുണ്ടത്തിക്കോട് ഗ്രാമം ചൊവ്വാഴ്ച വൈകിട്ട് ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ല. പരിചയക്കാരായ പലരുടേയും വേര്‍പാട് ഇവിടത്തുകാരെ ആകെ തളര്‍ത്തിയിരിക്കുകയാണ്. വെടിപ്പുരയുടെ സമീപത്ത് താമസിക്കുന്ന പലരുടേയും വീടുകള്‍ക്ക് വലിയ തോതിലുള്ള നാശമാണ് ഉണ്ടായിരിക്കുന്നത്. ചില വീടുകള്‍ വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്.
500 മീറ്ററിലധികം അകലെയുള്ള കെട്ടിടങ്ങള്‍ക്കുവരെ കേടുപാട് സംഭവിച്ചിട്ടുണ്ട്. വീടുകള്‍ നന്നാക്കാനും മറ്റും സര്‍ക്കാര്‍ സഹായമുണ്ടാകുമെന്ന വിശ്വാസത്തിലാണ് ഇവിടത്തുകാര്‍. പലരും സ്ഫോടനത്തില്‍ വീടുകള്‍ കുലുങ്ങുകയും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തപ്പോള്‍ കരുതിയത് ഭൂകമ്പം ഉണ്ടായതാണെന്നാണ്. ചിലര്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടുകയും ചെയ്തിരുന്നു. പീന്നീടാണ് വെടിക്കെട്ട് അപകടമാണെന്ന് വ്യക്തമായത്.
സ്‌ഫോടനം നടന്ന പാടത്തിന് തൊട്ടടുത്താണ് സിജോയുടെ വീട്. ഇരുനില വീട് വലിയ ഭൂകമ്പത്തിലേത് പോലെ ജനലും കട്ടിളകളും ഭിത്തിയും എല്ലാം തകര്‍ന്ന നിലയിലാണ്. സ്ഫോടക വസ്തുവിന്റെ ഒരു ഭാഗം സിജോയുടെ വീടിന്റെ ഉള്‍ഭാഗത്തു നിന്നാണ് കണ്ടെത്തിയത്. ഇനി ഇവിടെ എങ്ങനെ താമസിക്കാന്‍ ആകുമെന്ന് സിജോയ്‌ക്കും അറിയില്ല.
മുണ്ടത്തിക്കോട് സ്‌ഫോടനം നടന്ന വയലിന് തൊട്ടപ്പുറത്തെ വീടിന്റെ ഉടമസ്ഥന്‍ ബാബുവിന് ഭീതിയോടെ അല്ലാതെ സംഭവത്തെക്കുറിച്ച് ഓര്‍ക്കാന്‍ പറ്റുന്നില്ല. ജനലുകളെല്ലാം പൂര്‍ണ്ണമായും തകര്‍ന്നു. ഒരു ചാക്ക് നിറയെ ചില്ലുകളാണ് ഇവിടെ കൂട്ടിവെച്ചിരിക്കുന്നത്. 200 മീറ്ററില്‍ അധികം ദൂരത്താണ് ഈ വീട് നില്‍ക്കുന്നതെങ്കിലും വലിയൊരു അമിട്ട് വീടിനു മുന്നില്‍ വച്ചാണ് പൊട്ടിത്തെറിച്ചത്. ഭാഗ്യത്തിന് ആര്‍ക്കും ഒന്നും സംഭവിച്ചില്ല.
വെടിക്കെട്ട് അപകടത്തില്‍ നിന്ന് അത്ഭുതകരമായാണ് വെടിപ്പുരയില്‍ ഉണ്ടായിരുന്ന സഹോദരിമാരായ സുഭദ്രയും വത്സലയും രക്ഷപ്പെട്ടത്. ‘ചായ കുടിക്കാന്‍ എഴുന്നേറ്റതാണ്. അപ്പോഴാണ് പൊട്ടിത്തെറി ഉണ്ടായത്. തലയ്‌ക്കു പുറകില്‍ എന്തോ വന്നിടിച്ചത് അറിഞ്ഞു. ആരൊക്കെ പോയി എന്നും ആരൊക്കെ രക്ഷപ്പെട്ടു എന്നും ഇപ്പോഴും അറിയില്ല.’ -സുഭദ്രയും വത്സലയും പറയുന്നു. ഇരുവര്‍ക്കും ഇപ്പോഴും നടുക്കം മാറിയിട്ടില്ല. സുഭദ്രയുടെ തലയില്‍ പരുക്കുണ്ട്.