• Wed. Oct 14th, 2026

24×7 Live News

Apdin News

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

Byadmin

Oct 14, 2026


ശക്തി, വിശ്വാസം, ആത്മീയ സാധന, ആത്മശുദ്ധി എന്നിവയെ ആഘോഷിക്കുന്ന ഭാരതീയ സംസ്‌കാരത്തിലെ പുണ്യോത്സവമാണ് ശാരദീയ നവരാത്രി. ദുര്‍ഗ്ഗാ മാതാവിന്റെ ഒന്‍പത് ഭാവങ്ങളെ ആരാധിക്കുന്ന ഈ ഉത്സവം ധൈര്യം, ആത്മനിയന്ത്രണം, ക്ഷമ, കരുണ, ആത്മവിശ്വാസം എന്നിവ ജീവിതത്തില്‍ പകര്‍ത്താന്‍ നമ്മെ പ്രചോദിപ്പിക്കുന്നു. ഈ ഒന്‍പത് ദിനങ്ങള്‍ ആരാധനയ്‌ക്കും പ്രാര്‍ത്ഥനയ്‌ക്കുമുള്ള അവസരം മാത്രമല്ല, മറിച്ച് നമ്മുടെ ഉള്ളിലെ ശക്തി തിരിച്ചറിയാനും സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാനുള്ള ദൃഢനിശ്ചയം പുതുക്കാനുമുള്ള അവസരം കൂടിയാണ്.

നവരാത്രിയുടെ ഓരോ ദിനവും ഓരോ സന്ദേശം പ്രദാനം ചെയ്യുന്നു. ശൈലപുത്രി ഉറച്ച നിശ്ചയദാര്‍ഢ്യത്തെ പ്രചോദിപ്പിക്കുന്നു, ബ്രഹ്മചാരിണി തപസ്സിനെയും അച്ചടക്കത്തെയും പ്രതിനിധീകരിക്കുന്നു. ധൈര്യത്തെ പ്രതിനിധീകരിക്കുന്നതാണ് ചന്ദ്രഘണ്ഡ. കൂഷ്മാണ്ഡ മാതാവ് സര്‍ഗ്ഗാത്മകതയെ പ്രചോദിപ്പിക്കുന്നു. സ്‌കന്ദമാത മാതൃ വാത്സല്യത്തെയും കാത്യായനി അനീതിക്കെതിരായ പോരാട്ടത്തെയും കാളരാത്രി നിര്‍ഭയത്വത്തെയും മഹാഗൗരി പരിശുദ്ധിയെയും സിദ്ധിദാത്രി ആത്മീയ സാധനയുടെ പൂര്‍ത്തീകരണത്തെയും പ്രതിനിധീകരിക്കുന്നു.

വ്രതം, ധ്യാനം, മന്ത്രജപം, സേവനം എന്നിവയിലൂടെ നമുക്ക് മനസ്സിനെ ഏകാഗ്രമാക്കാനും
ജീവിതത്തില്‍ ഭാവാത്മകചിന്തകളും അച്ചടക്കവും കൈവരിക്കാനും സാധിക്കും. നമ്മുടെ ചിന്തകളെ ശുദ്ധീകരിക്കുകയും പെരുമാറ്റത്തില്‍ സംവേദനക്ഷമത വളര്‍ത്തുകയും അന്യരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ ആത്മീയ സാധന.

ദേവിയെ ആരാധിക്കുക, സ്ത്രീശക്തിയെ ആദരിക്കുക
ഭാരതീയ പാരമ്പര്യത്തില്‍, സ്ത്രീകളെ ‘ശക്തി’യുടെ അഥവാ ദൈവികമായ സ്ത്രീശക്തിയുടെ മൂര്‍ത്തീഭാവമായാണ് കണക്കാക്കുന്നത്. സ്‌നേഹത്തിനും കരുണയ്‌ക്കും ഒപ്പം, അസാമാന്യമായ ധൈര്യവും നേതൃപാടവവും വെല്ലുവിളികളെ അതിജീവിക്കാനുള്ള ശേഷിയും സ്ത്രീകള്‍ക്കുണ്ടെന്ന് ദുര്‍ഗ്ഗാ മാതാവിന്റെ രൂപം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. വിദ്യാഭ്യാസം, ശാസ്ത്രം, കായികം, ഭരണനിര്‍വ്വഹണം, സംരംഭകത്വം, കൃഷി, രാഷ്‌ട്രീയം തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീകള്‍ പ്രതിഭയും ശേഷിയും തെളിയിച്ചുകൊണ്ടിരിക്കുന്നു.

സ്ത്രീകളോടുള്ള ആത്മാര്‍ത്ഥമായ ആദരവ് ദേവീ ആരാധനയില്‍ മാത്രം ഒതുങ്ങരുത്. വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ, പുരോഗതി എന്നിവയില്‍ ഓരോ പെണ്‍കുട്ടിക്കും തുല്യ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സ്ത്രീകളെ സ്വയംപര്യാപ്തരാക്കാനും അവരുടെ തീരുമാനങ്ങളെ മാനിക്കാനും വിവേചനരഹിതമായ അന്തരീക്ഷം ഒരുക്കാനുമുള്ള ഉദ്യമങ്ങളാണ് ദേവീ ആരാധനയ്‌ക്ക് അര്‍ത്ഥം പകരുന്നത്. ഒരു സ്ത്രീ വിദ്യാസമ്പന്നയും സ്വയംപര്യാപ്തയുമാകുമ്പോള്‍, അവളുടെ ക്രിയാത്മകമായ സ്വാധീനം സ്വന്തം കുടുംബത്തിലേക്കും സമൂഹത്തിലേക്കും സംക്രമിക്കുന്നു. അതിനാല്‍, സ്ത്രീ ശാക്തീകരണം എന്നത് സ്ത്രീകളുടെ വികസനം എന്ന വിഷയത്തില്‍ മാത്രം ഒതുങ്ങുന്നതല്ല; മറിച്ച്, രാഷ്‌ട്രപു
രോഗതിയുടെ അടിസ്ഥാനശില കൂടിയാണത്.

സ്ത്രീകളോടുള്ള ആദരവില്‍ നിന്ന് രാഷ്‌ട്രനിര്‍മ്മാണത്തിലേക്ക്
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അവസരങ്ങളാല്‍ സമ്പന്നവും സുരക്ഷിതവും ആരോഗ്യപൂ
ര്‍ണ്ണവുമായ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ ലക്ഷ്യം. മാതൃ-ശിശു ആരോഗ്യം, പോഷകാഹാരം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീകളുടെ സുരക്ഷ, സാമ്പത്തിക സ്വാശ്രയത്വം എന്നിവ മന്ത്രാലയത്തിന്റെ കൂട്ടായ പ്രവര്‍ത്തനങ്ങളിലെ പ്രധാന മുന്‍ഗണനകളില്‍ ഉള്‍പ്പെടുന്നു.

സ്ത്രീശാക്തീകരണത്തെ രാഷ്‌ട്രവികസനത്തിന്റെ അവിഭാജ്യ ഘടകമാക്കുന്നതിനുള്ള നിരവധി സുപ്രധാന നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ടിട്ടുണ്ട്. സ്ത്രീകളുടെ വികസനം എന്നതിലുപരി, വികസന പ്രക്രിയയ്‌ക്ക് നേതൃത്വം നല്‍കാന്‍ അവരെ പ്രാപ്തരാക്കുക എന്നതും സര്‍ക്കാരിന്റെ ദര്‍ശനമാണ്.

ഈ ദിശയിലുള്ള ചരിത്രപരമായ ചുവടുവയ്‌പ്പാണ് ‘നാരീ ശക്തി വന്ദന്‍ അധിനിയം, 2023’. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്കായി 33 ശതമാനം സീറ്റുകള്‍ സംവരണം ചെയ്യാന്‍ ഈ നിയമം വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥയില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനും തീരുമാനമെടുക്കല്‍ പ്രക്രിയയില്‍ അവരുടെ പങ്ക് ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന ചുവടുവയ്‌പ്പാണിത്.
സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, രാഷ്‌ട്രീയ ശാക്തീകരണത്തോടൊപ്പം അവരുടെ സുരക്ഷയ്‌ക്കും ആരോഗ്യത്തിനും കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു. ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ അടക്കമുള്ള പ്രചാരണങ്ങള്‍ പെണ്‍കുട്ടികളോടുള്ള ഭാവാത്മക മനോഭാവത്തെയും അവരുടെ വിദ്യാഭ്യാസത്തെയും പ്രോത്സാഹിപ്പിക്കുന്നു. മിഷന്‍ ശക്തിയാകട്ടെ സ്ത്രീസുരക്ഷ, പിന്തുണ, ശാക്തീകരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സക്ഷം അങ്കണവാടിയും പോഷണ്‍ 2.0-ഉം മാതൃ-ശിശു പോഷകാഹാരത്തെ ശക്തിപ്പെടുത്തുന്നു.

അര്‍ഹരായ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ക്കനുസൃതമായി സാമ്പത്തിക സഹായം നല്‍കുന്നതില്‍ പ്രധാനമന്ത്രി മാതൃ വന്ദന യോജന സുപ്രധാന പങ്ക് വഹിക്കുന്നു.

ഈ നവരാത്രിയില്‍ സ്ത്രീകളെ ആദരിക്കാനും അവരെ സേവിക്കാനും നമുക്ക് പ്രതിജ്ഞയെടുക്കാം. ശക്തിയുടെ യഥാര്‍ത്ഥ അര്‍ത്ഥം കേവലം അധികാരം കൈവശം വയ്‌ക്കുക എന്നതല്ല, മറിച്ച് സത്യത്തിനും നീതിക്കും പൊതുനന്മയ്‌ക്കും വേണ്ടി അത് വിനിയോഗിക്കുന്നതിലാണെന്ന് ശാരദീയ നവരാത്രി നമ്മെ പഠിപ്പിക്കുന്നു. ഈ പുണ്യവേളയില്‍, പെണ്‍കുട്ടികള്‍ക്ക് മുന്നേറാനുള്ള അവസരങ്ങള്‍ ഒരുക്കാനും സ്ത്രീകളുടെ സംഭാവനകളെ ആദരിക്കാനും, സഹായം ആവശ്യമുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി മുന്നിട്ടിറങ്ങാനും നമുക്ക് പ്രതിജ്ഞ ചെയ്യാം. നമ്മുടെ ജീവിതത്തില്‍ ക്രിയാത്മകമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള അവസരമാക്കി ഈ ഒന്‍പത് ദിവസങ്ങളിലെ ആത്മീയ സാധനയെ മാറ്റാം. നമ്മുടെ ദൃഢനിശ്ചയം സ്ത്രീശാക്തീകരണത്തിനും ശിശുക്ഷേമത്തിനും പുതിയ ദിശാബോധം നല്‍കട്ടെ.

 



By admin