• Thu. Sep 19th, 2024

24×7 Live News

Apdin News

ദൈവദശകം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: പി.എസ്. ശ്രീധരന്‍പിള്ള

Byadmin

Sep 17, 2024


ശിവഗിരി: ശ്രീനാരായണ ഗുരുദേവന്‍ രചിച്ച ദൈവദശകം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ആത്മീയതയും ഭൗതികതയും സമന്വയിച്ചിട്ടുള്ള പത്ത് ശ്ലോകങ്ങളുടെ മഹത്തായ കാവ്യമാണ് ദൈവദശകമെന്നും അദ്ദേഹം പറഞ്ഞു. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ശിവഗിരിയില്‍ സംഘടിപ്പിച്ച ആഗോള പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശ്വവിജയിയായ വിശ്വഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്നും മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് പില്‍ക്കാലത്ത് ഐക്യരാഷ്‌ട്ര സഭ രേഖപ്പെടുത്തിയിട്ടുള്ള പല കാര്യങ്ങളും ഗുരുദേവ ചിന്തയുടെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായി. ഗുരുദേവന്‍ പകര്‍ന്നു നല്കിയ ദര്‍ശനങ്ങള്‍ വരാനിരിക്കുന്ന നൂറ്റാണ്ടുകള്‍ക്കും ദിശാബോധം നല്‌കേണ്ട കാലാതീത പ്രസക്തിയുള്ളവയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെമ്പാടുമുള്ള മലയാളികളല്ലാത്തവരിലേക്കും ഗുരുദര്‍ശനത്തിന്റെ പൊരുള്‍ എത്തിക്കാനാണ് ആഗോള പ്രവാസംഗമം ആവിഷ്‌കരിച്ചിട്ടുള്ളതെന്നും അദ്ദേഹം വിശദമാക്കി.

ഗോവയില്‍ ഗുരുധര്‍മ്മ പ്രചാരണം നിര്‍വഹിക്കാന്‍ പൂര്‍ണ സഹകരണം തേടിക്കൊണ്ടുള്ള നിവേദനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക് സമര്‍പ്പിച്ചു. എല്ലാവിധ സഹകരണവും ഗവര്‍ണര്‍ വാഗ്ദാനം ചെയ്തു. സ്വാമി സച്ചിദാനന്ദ രചിച്ച ദ ലെഗസി ഒഫ് ശ്രീനാരായണഗുരുദേവ്, സ്വാമി സൂക്ഷ്മാനന്ദ രചിച്ച മൈന്‍ഡ് ദ ഗ്യാപ്, സ്വാമി സച്ചിദാനന്ദ രചിച്ച വിശ്വഗുരു എന്ന കൃതിയുടെ ജാപ്പനീസ് പരിഭാഷ തുടങ്ങിയ പുസ്തകങ്ങളും പ്രകാശനം ചെയ്തു.

സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ബെന്നിമാത്യൂസ് (ഇന്തോനേഷ്യ), ആഗോള പ്രവാസി സംഗമം ചെയര്‍മാന്‍ കെ.ജി. ബാബുരാജന്‍, വൈസ് ചെയര്‍മാന്മാരായ കെ. മുരളീധരന്‍, ഡോ.കെ. സുധാകരന്‍, ജനറല്‍ കണ്‍വീനര്‍ എ.വി. അനൂപ്, സ്വാമി അസംഗാനന്ദഗിരി, ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ തുടങ്ങിയവര്‍ സംസാരിച്ചു. ഉച്ചയ്‌ക്കുശേഷം നടന്ന സിമ്പോസിയം കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ ജഗതി രാജ് അധ്യക്ഷനായി. സ്വാമി ത്യാഗീശ്വര, സ്വാമി സാന്ദ്രാനന്ദ, യേശുദാസ്, കെ.ടി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.



By admin