• Fri. Jul 18th, 2025

24×7 Live News

Apdin News

ധനകാര്യ സ്ഥാപനത്തിന്റെ പീഡനം: ആത്മഹത്യ ചെയ്ത ശശിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണം, പരാതി നൽകി സന്ദീപ് വാചസ്പതി

Byadmin

Jul 18, 2025



ആലപ്പുഴ: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വള്ളികുന്നം സ്വദേശി ശശിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് സന്ദീപ് വാചസ്പതി ദേശീയ പട്ടികജാതി കമ്മീഷന്റെ കേരള റീജ്യണൽ ഓഫീസിലെത്തി പരാതി നൽകി. സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ ജി ധന്യ പരാതി സ്വീകരിച്ചു.

പട്ടികജാതി പീഡന നിരോധന നിയമം അനുസരിച്ച് കേസെടുത്ത സംഭവങ്ങളിൽ അടിയന്തിര ധനസഹായത്തിന് മരണപ്പെട്ടയാളുടെ കുടുംബത്തിന് അർഹതയുണ്ടെന്ന് സന്ദീപ് പരാതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് നൽകാൻ ആവശ്യമായ നടപടി സ്വീകരിക്കണം എന്ന് പരാതിയിൽ ആവശ്യപ്പെട്ടു. അനുകൂല തീരുമാനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി സന്ദീപ് വ്യക്തമാക്കി.

ശശി എടുത്ത വായ്പയുടെ ഒരു അടവ് മുടങ്ങിയതിനാണ് മിനി മുത്തൂറ്റിലെ ജീവനക്കാർ ഭീഷണിപ്പെടുത്തിയത്. ആയിരം രൂപയിൽ താഴെയായിരുന്നു അടയ്‌ക്കാനുണ്ടായിരുന്നത്. രാവിലെ സൈക്കിളിൽ ജോലിക്ക് പോയ ശശിയെ മിനി മുത്തൂറ്റിലെ നാല് ജീവനക്കാർ തടയുകയും മോശമായി സംസാരിക്കുകയും സൈക്കിൾ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് ശശിയുടെ മരുമകളുടെ മൊബൈലിൽ ഭീഷണി സന്ദേശം എത്തുകയും ചെയ്തിരുന്നു. ഇതിൽ മനം നൊന്താണ് ശശി ആത്മഹത്യ ചെയ്തത്.

50,000 രൂപയായിരുന്നു ശശി എടുത്തിരുന്നത്. എല്ലാ ആഴ്ചയിലും 699 രൂപ വീതം അടയ്‌ക്കണം. ഇത്തരത്തിൽ മുപ്പതിനായിരത്തോളം രൂപ ശശി അടയ്‌ക്കുകയും ചെയ്തിരുന്നു.

By admin