• Mon. Jun 15th, 2026

24×7 Live News

Apdin News

ധർമ്മസ്ഥലയിൽ 100 ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്തു കൊന്നു കുഴിച്ചു മൂടിയെന്ന് പറയാൻ പ്രകാശ് രാജ് നിർബന്ധിച്ചെന്ന് ഒന്നാം പ്രതിയുടെ വെളിപ്പെടുത്തൽ

Byadmin

Jun 13, 2026


ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ് കർണാടക ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നത്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്.

തീർഥാടനകേന്ദ്രമായ ധർമസ്ഥലയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നൂറിൽപ്പരം സ്ത്രീകളുടെ മൃതദേഹം താൻ കുഴിച്ചുമൂടിയിട്ടുണ്ടെന്നായിരുന്നു ശുചീകരണത്തൊഴിലാളിയായ ചിന്നയ്യയുടെ ആരോപണം. ഇയാൾ പറഞ്ഞ സ്ഥലങ്ങളിൽ മണ്ണുനീക്കി പരിശോധന നടത്തി. എന്നാൽ, വ്യാജ ആരോപണമാണ് ഉന്നയിച്ചതെന്ന് കണ്ടെത്തിയതോടെ ഇയാളെ പ്രതിയാക്കി കർണാടക സ്‌പെഷ്യൽ അന്വേഷണ സംഘം കേസെടുക്കുകയായിരുന്നു.

പ്രകാശ് രാജും മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ, യുറ്റ്യൂബർ സമീർ തുടങ്ങിയവർ ധർമസ്ഥല ക്ഷേത്രം ധർമാധികാരിക്കെതിരേ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നു വെളിപ്പെടുത്തലെന്നാണ് ചിന്നയ്യ ഹർജിയിൽ ആരോപിക്കുന്നത്. ഇവരുടെ നിർദേശപ്രകാരമായിരുന്നു തന്റെ ഓരോ നീക്കവും.

ഗൂഢാലോചന വിജയിച്ചാൽ 50 ലക്ഷം രൂപനൽകാമെന്ന് ഇവർ വാഗ്ദാനം ചെയ്തു. തമിഴ്നാട്ടുകാരനായ തന്നോട് പ്രകാശ് രാജ് തമിഴിൽ സംസാരിച്ച് നിർദേശം നൽകിയെന്നും ചിന്നയ്യ ആരോപിക്കുന്നു. ഹർജിയിൽ പ്രകാശ് രാജ് അടക്കമുള്ളവർക്ക് നോട്ടീസയക്കാൻ നിർദേശിച്ച കോടതി, കേസ് ഈ മാസം 29-ന് വീണ്ടും പരിഗണിക്കാൻ മാറ്റി.



By admin