• Sat. Jun 13th, 2026

24×7 Live News

Apdin News

നിര്‍ണ്ണായക വെളിപ്പെടുത്തലുമായി അദാനി പോര്‍ട്‌സ്; മുങ്ങിയ എല്‍സ 3ക്ക് മൂന്നുഡിഗ്രി ചരിവുണ്ടായിരുന്നു

Byadmin

Jun 13, 2026


വിഴിഞ്ഞം: ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം കടലില്‍ താഴ്ന്നുപോയ എംഎസ്‌സിയുടെ കണ്ടെയ്‌നര്‍ കപ്പല്‍ എല്‍സ-3യെ കുറിച്ച് നിര്‍ണ്ണായക വെളുപ്പെടുത്തലുമായി വിഴിഞ്ഞം തുറമുഖ കമ്പിനിയായ അദാനി പോര്‍ട്ട്‌സ്. കൊളംബോ വഴി വിഴിഞ്ഞത്ത് ചരക്ക് കയറ്റാനായി എത്തുമ്പോള്‍ കപ്പലിന് മൂന്ന് ഡിഗ്രി ചരിവ് കണ്ടെത്തിയതായും അപകടാവസ്ഥയെ കുറിച്ച് അന്നുതന്നെ ക്യാപ്റ്റനെയും കമ്പനിയെയും അറിയിച്ചിരുന്നതായും പോര്‍ട് വെളുപ്പെടുത്തി. എന്നിട്ടും കണ്ടെയ്‌നര്‍ നിറച്ച കപ്പല്‍ കടല്‍ പ്രക്ഷുപ്തമായ സമയത്ത് ഓടിച്ചുപോയി.

കപ്പലിന് സ്‌റ്റെബിലിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നിട്ടും ഡിജി ഷിപ്പിങിന്റെ കൃത്യമായ അനുമതി രേഖകള്‍ ഉണ്ടായിരുന്നതിനാല്‍ കപ്പല്‍ തടഞ്ഞ് വയ്‌ക്കാന്‍ കഴിഞ്ഞില്ലെന്ന് അദാനി പോര്‍ട്ട് പറഞ്ഞു. എറെ പഴക്കം ചെന്ന കപ്പല്‍ മുങ്ങിയതിനെ കുറിച്ച് തുടക്കത്തില്‍ തന്നെ മത്സ്യതൊഴിലാളികള്‍ ദുരൂഹത ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ മുഖവില കൊടുത്തില്ല. 2025 മെയ് 25 ന് എല്‍സ അറബിക്കടലില്‍ താഴ്ന്നത്.

183.91മീറ്റര്‍ നീളവും 9. 9 മീറ്റര്‍ ആഴവുമുള്ള ലൈബീരിയന്‍ രജിസ്‌ട്രേഷനുള്ള എല്‍സ കൊച്ചിക്കും ആലപ്പുഴ തോട്ടപ്പള്ളിക്കുംഇടയിലെ ഉള്‍ക്കടലില്‍ താഴുമ്പോള്‍ 29 വര്‍ഷത്തെ പഴക്കം കപ്പലിനുണ്ടായിരുന്നു. എല്‍സ- 3 പഴക്കം കഴിഞ്ഞ് കണ്ടം ചെയ്യാറായ ഒന്നായിരുന്നു എന്നാണ് വിദഗ്ദര്‍ പറയുന്നത്. കാലപ്പഴക്കത്തില്‍ മുന്നിലായിരുന്ന എല്‍സ-3 രാസവസ്തുക്കള്‍ അടങ്ങിയത് ഉള്‍പ്പെടെ 643 കണ്ടെയ്‌നറുകളുമായി യാത്ര തുടര്‍ന്നത്.

തീരത്തിനും 38 നോട്ടിക്കല്‍മൈല്‍ ഉള്‍ക്കടലില്‍ നൂറ് മീറ്ററിലധികം ആഴത്തില്‍ താഴ്ന്ന കപ്പലില്‍ ഉണ്ടായിരുന്നതില്‍ 600ല്‍പ്പരം കണ്ടെയ്‌നറുകളെ കുറിച്ച് ഇപ്പോഴും യാതൊരു അറിവുമില്ല. ഇവ കടലിന്റെ ആവാസ വ്യവസ്ഥയെയും മത്സ്യ സമ്പത്തിനെയും പ്രതികൂലമായി ബാധിക്കുമെന്നും തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകാന്‍ സാധ്യതയുണ്ടെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുമ്പോള്‍ പരിഹാരമാര്‍ഗ്ഗം ഉന്നതരുടെ വാക്കുകളില്‍ ഒതുങ്ങുകയാണ്.

തീരദേശ പോലീസും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം തുടരുന്നതിനിടയില്‍ ജീവനക്കാരില്‍ ബഹുഭൂരിപക്ഷവും സ്വന്തം നാടുകളിലേക്ക് വിമാനം കയറി. ലകപ്പല്‍ മുങ്ങിയത് മുതല്‍ തുടങ്ങിയ അന്വേഷണവും തെളിവെടുപ്പും അവസാനമില്ലാതെ തുടരുകയാണ്.



By admin