ബെംഗളൂരു: ബെംഗളൂരു സ്ഫോടനക്കേസിലെ 29-ാം പ്രതിയും കുടക് സ്വദേശിയുമായ അബ്ദുൽ ഖാദർ (64) ജയിലിൽ വെച്ച് മരിച്ചു. കഴിഞ്ഞ 17 വർഷമായി കർണാടകയിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ വിചാരണത്തടവുകാരനായി കഴിഞ്ഞിരുന്ന ഇയാളെ വെള്ളിയാഴ്ച ഉച്ചയോടെ ജയിലിനുള്ളിൽ ഹൃദയസ്തംഭനം ഉണ്ടായതിനെ തുടർന്ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കടുത്ത പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾ അബ്ദുൽ ഖാദറിനെ അലട്ടിയിരുന്നു.
സ്ഫോടനക്കേസിലെ മുഖ്യപ്രതികൾക്ക് ഒളിവിൽ കഴിയാൻ സംരക്ഷണം നൽകി എന്നതായിരുന്നു ഇയാൾക്കെതിരെയുള്ള കേസ്. തടവറയിലെ ജീവിതത്തിനിടയിൽ കടുത്ത പ്രമേഹവും വൃക്കരോഗവും മൂർച്ഛിച്ചതിനെ തുടർന്ന് ഇരു കണ്ണുകളുടെയും കാഴ്ച അബ്ദുൽ ഖാദറിന് ഏതാണ്ട് പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു. തുടർന്ന് 2020-ൽ ഇയാളുടെ ഇടതുകാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റുകയും ചെയ്തിരുന്നു. അതിനുശേഷം പൂർണ്ണമായും വീൽചെയറിലായിരുന്നു ജയിൽവാസം.
വിദഗ്‌ദ്ധമായ മെഡിക്കൽ ചികിത്സയ്‌ക്കായി ഇയാൾ കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. വരുന്ന ജൂൺ 22-നകം അബ്ദുൽ ഖാദറിന് ആവശ്യമായ അടിയന്തര വിദഗ്‌ദ്ധ ചികിത്സ ഉറപ്പാക്കണമെന്ന് കോടതി ചീഫ് സുപ്രണ്ട് ഓഫ് പ്രിസൺസിന് കർശന നിർദ്ദേശം നൽകിയിരുന്നെങ്കിലും, അത് പൂർണ്ണമായും ലഭ്യമാകുന്നതിന് മുൻപ് തന്നെ മരണം സംഭവിക്കുകയായിരുന്നു.
2008 ജൂലൈ 25-നാണ് ബെംഗളൂരു നഗരത്തെ ഞെട്ടിച്ചുകൊണ്ട് മഡിവാള, അഡുഗോഡി, കോരമംഗല, നായന്ദഹള്ളി, വിറ്റൽ മല്യ റോഡ്, ലാങ്ഫോർഡ് റോഡ്, റിച്ച്മണ്ട് സർക്കിൾ എന്നിവിടങ്ങളിലായി ഒമ്പതോളം തുടർച്ചയായ ബോംബ് സ്ഫോടനങ്ങൾ അരങ്ങേറിയത്. സ്ഫോടനത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഇരുപതോളം പേർക്ക് കഠിനമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മഡിവാള പോലീസാണ് ഈ കേസ് ആദ്യം രജിസ്റ്റർ ചെയ്തത്.
കേരള സ്വദേശിയായ തടിയന്റവിട നസീർ അടക്കം 11 പേരെ മാത്രം പ്രതിയാക്കി 2009-ൽ അന്വേഷണം ആരംഭിച്ച കേസിൽ വളരെ വൈകിയാണ് അബ്ദുൽ ഖാദറിനെ പോലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നത്. നസീറിനും സംഘത്തിനും കുടകിൽ ക്ലാസ് നടത്തുന്നതിനായി അബ്ദുൽ ഖാദർ തന്റെ ഉടമസ്ഥതയിലുള്ള ഇഞ്ചിത്തോട്ടം വാടകയ്‌ക്ക് എടുത്തു നൽകിയെന്നതായിരുന്നു പോലീസ് കണ്ടെത്തിയ കുറ്റം. കേസിന്റെ ആദ്യഘട്ടത്തിൽ ഇദ്ദേഹത്തെ മാപ്പുസാക്ഷിയാക്കാൻ അന്വേഷണസംഘം ശ്രമിച്ചിരുന്നെങ്കിലും പിന്നീട് പ്രതി ചേർക്കുകയാണുണ്ടായത്.