തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ നീക്കിയത് നടപടി എന്ന് വേണമെങ്കിൽ വ്യാഖ്യാനിച്ചോളാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ. ഉദ്യോഗസ്ഥർ സർക്കാരിന്റെ സിസ്റ്റത്തെ മാനിച്ചു പോകണം. ശബരിമലയിൽ ഡോക്ടർമാരുടെ സേവനം നൽകില്ലെന്ന് പറഞ്ഞ് കത്ത് അയച്ചത് തെറ്റാണ്. വകുപ്പുമായി ആലോചിക്കാതെ ഇത്തരം കാര്യങ്ങൾ അവർ ചെയ്തുവെന്നും മുരളീധരൻ പറഞ്ഞു.
കൂടാതെ ഡോ. റീന മൂന്നു വർഷം കാലാവധി പൂർത്തിയാക്കിയതാണ്. ഈ രണ്ടു കാര്യങ്ങൾ കൊണ്ടാണ് റീനയെ മാറ്റിയത്. അവരെ മാറ്റി പുതിയ ആൾക്ക് ചുമതല കൊടുക്കുകയാണ് ചെയ്തതെന്നും മുരളീധരൻ പറഞ്ഞു. അതേസമയം ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയതിനെതിരെ അതൃപ്തി അറിയിച്ച് ഡോ.കെ.ജെ. റീന രംഗത്തെത്തി ആരോഗ്യമന്ത്രിയുടെ നടപടി ഞെട്ടിച്ചു. അസുഖം മൂലം രണ്ടര ദിവസത്തെ ലീവിനാണ് അപേക്ഷിച്ചത്. അവധി ആവശ്യപ്പെട്ടത് പനിയും വയറിളക്കവുമായതിനാലെന്നും അവർ പറഞ്ഞു.
15 ദിവസം അവധി ചോദിച്ചിട്ടില്ല. ഉത്തരവ് കണ്ട് ഷോക്കായതായും ഡോ. റീന പറഞ്ഞു. സ്ഥാനചലനത്തിന് പിന്നിൽ കെ.മുരളീധരന്റെ അതൃപ്തിയെന്ന് സൂചന. സ്ഥാനമാറ്റത്തിന് നൽകിയ വിശദീകരണം തെറ്റാണെന്നും ഡോ. റീന പറഞ്ഞു. ഇന്നലെയാണ് ഡോ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത്.