കൊച്ചി: നവകേരള സദസിലെ വിവാദ രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമന്‍സയക്കാന്‍ പ്രോസിക്യൂഷന്‍ അനുമതി നേടണമെന്ന് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. ഇതനുസരിച്ച് നിലവിലെ സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരെ എറണാകുളം സിജെഎം കോടതി സമന്‍സ് അയയ്ക്കില്ല. ഗവര്‍ണറില്‍ നിന്ന് പ്രോസിക്യൂഷൻ അനുമതി ഹാജരാക്കാന്‍ പരാതിക്കാരനായ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് കോടതി നിര്‍ദേശം നല്‍കി.
പ്രോസിക്യൂഷന്‍ അനുമതി ഹാജരാക്കാന്‍ പരാതിക്കാരന് കോടതി നാല് മാസം സമയം നല്‍കി. രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ പ്രേരണാക്കുറ്റം ചുമത്തണമെന്നാണ് സ്വകാര്യ അന്യായത്തിലെ ആവശ്യം. പതിനഞ്ച് തവണ ഉത്തരവ് പറയാന്‍ മാറ്റിയ ശേഷമാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി തീരുമാനമെടുത്തത്. രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്നായിരുന്നു നേരത്തെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സിജെഎം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ അന്യായം നവംബര്‍ ഒന്നിന് സിജെഎം കോടതി വീണ്ടും പരിഗണിക്കും.