• Tue. Jul 15th, 2025

24×7 Live News

Apdin News

നവമാധ്യമങ്ങളിലെ അപനിർമ്മിതികളെ നിയന്ത്രിക്കുക; സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്ന് ബാലഗോകുലം പ്രമേയം

Byadmin

Jul 15, 2025


പൊതുസമൂഹത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്ന സമൂഹമാധ്യമങ്ങൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഏറെയാണ്. സമൂഹത്തിന് വഴികാട്ടി ആവേണ്ട ഇത്തരം മാധ്യമങ്ങൾ യുവതലമുറയെയാണ് ഏറ്റവും അധികം സ്വാധീനിച്ചിരിക്കുന്നത്. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിലും ഇത്തരം നവമാധ്യമങ്ങളിലെ റീൽസുകളും മറ്റും വലിയ തോതിൽ സ്വാധീനം ചെലുത്തുന്നു. കുട്ടികളുടെ മാനസികാരോഗ്യത്തെ തളർത്തുന്നതിലും സോഷ്യൽ മീഡിയ വലിയ പങ്കു വഹിക്കുന്നു.

വിജ്ഞാനവും വിനോദവും പകരുന്ന ഈ മേഖല പലപ്പോഴും തെറ്റായ പ്രവണതകൾക്കും സ്വാധീനങ്ങൾക്കും കാരണമാകുന്നു. ലഹരി മരുന്നു വിൽപ്പനയുടെയും സദാചാര വിരുദ്ധ കൂട്ടായ്മകളുടെയും തട്ടിപ്പ് കേന്ദ്രങ്ങളുടെ കെണികളായും മതവിദ്വേഷ പ്രേരണാ സ്രോതസ്സുകളായും സംഘർഷ വേദികളായും ഈ മേഖല മാറിക്കൊണ്ടിരിക്കുകയാണ്.

ദേശവിരുദ്ധവും സംസ്കാരനിഷേധവുമായ അപ നിർമിതികൾ ഏറ്റവും അധികം നടന്നുകൊണ്ടിരിക്കുന്ന മേഖലയാണിത്. അർബൻ നക്സലുകളുടെയും തീവ്രവാദ ഗ്രൂപ്പുകളുടെയും ആശയപ്രചരണവേദികൾ കൂടിയാണ് ഇവ. രാഷ്‌ട്രവിരുദ്ധങ്ങളായ വീഡിയോകളും റിയൽസുകളുമല്ലാം വ്യാപകമായ തോതിൽ പ്രചരിപ്പിക്കപ്പെടുന്നു. സാംസ്കാരിക അപനിർമ്മിതികളും വൻതോതിൽ നടന്നുവരുന്നു. നമ്മുടെ പാരമ്പര്യത്തെയും പൈതൃകത്തെയും തകർക്കുന്ന തരത്തിലുള്ള ദൃശ്യ ശ്രാവ്യ സാമഗ്രികൾ വ്യാപകമായി പ്രചരിക്കപ്പെടുന്ന ഈ മേഖലയെ നിയന്ത്രിക്കുന്നതിന് ഇന്നുള്ള ചട്ടങ്ങളും നിയമങ്ങളും അപര്യാപ്തമാണ്.

ഈ മേഖലയെ സമ്പൂർണ്ണമായും നിയന്ത്രണവിധേയമാക്കുക എളുപ്പമല്ലെങ്കിലും കൂടുതൽ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. സോഷ്യൽ മീഡിയയിൽ നടന്നുവരുന്ന സാംസ്കാരിക അപ നിർമിതികളെയും രാഷ്‌ട്രവിരുദ്ധ പ്രവർത്തനങ്ങളെയും നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. കുട്ടികളിലെ സോഷ്യൽ മീഡിയ സ്വാധീനം കുറക്കുന്ന കാര്യത്തിൽ രക്ഷകർത്താക്കളും അധ്യാപകരും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനെല്ലാം വേണ്ടതായ സമഗ്രമായ നിയമനിർമ്മാണം നടത്തണമെന്ന് ബാലഗോകുലം സംസ്ഥാന സമ്മേളനം കേന്ദ്ര സംസ്ഥാന സർക്കാരുകളോട് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.



By admin