കൊച്ചി: നാളികേര ഉൽപാദനത്തിലും കൃഷിയിലും വളർച്ച മുരടിച്ചു നിൽക്കുമ്പോഴും രാജ്യത്തെ നാളികേര ഉൽപന്ന കയറ്റുമതിയിൽ കുതിച്ചുചാട്ടം. 2024–25 വർഷം 4349 കോടി രൂപയ്‌ക്കുള്ള ഉൽപന്നങ്ങൾ കയറ്റി അയച്ച സ്ഥാനത്തു കഴിഞ്ഞ വർഷം 7038 കോടി രൂപയ്‌ക്കുള്ള ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ കഴിഞ്ഞു. 62% വർധന.
നാളികേര ഉൽപന്നം കൂടിയായ കയറിന്റെ കയറ്റുമതി മൂല്യം കൂടി കണക്കാക്കിയാൽ കയറ്റുമതി കഴിഞ്ഞ വർഷം 13652 കോടി രൂപയുടേതാണ്. മുൻവർഷം ഇത് 8692 കോടിയുടേതായിരുന്നു. 2024–25 വർഷത്തിൽ രാജ്യത്താകെ 2300 കോടി നാളികേരം ഉൽപാദിപ്പിച്ചത് കഴിഞ്ഞവർഷം 2200 കോടിയായി കുറഞ്ഞെങ്കിലും കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ ഉൽപാദനത്തിൽ നേരിയ വർധനയുണ്ട്.
4 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടേതാണ് ആകെ ഉൽപാദനത്തിന്റെ 90 ശതമാനവും. എന്നാൽ, ഗുജറാത്തിൽ നാളികേരക്കൃഷി വൻതോതിൽ വർധിക്കുന്നുണ്ടെന്നു നാളികേര വികസന ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിൽ 523.8 കോടിയാണു കഴിഞ്ഞ വർഷത്തെ നാളികേര ഉൽപാദനം.
നാളികേര ഉൽപന്നങ്ങളുടെ കയറ്റുമതിയുടെ 67% ആക്ടിവേറ്റഡ് കാർബൺ ആണ്. പുതുതായി ഒപ്പുവച്ച വ്യാപാരക്കരാറിലൂടെ യുഎഇ, ഒമാൻ, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നാളികേര ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്താൻ കഴിഞ്ഞതാണു കയറ്റുമതി വർധനയ്‌ക്കു കാരണം.
ചിരട്ട സംസ്കരിച്ച് ഉത്തേജിതകരി നിർമിച്ചതിലൂടെ 2025-26 കാലയളവിൽ ഭാരതം നേടിയത് റെക്കോർഡ് വരുമാനമായ 4688 കോടി രൂപയാണ്. ഈ വർഷം 1.79 ലക്ഷം ടൺ ഉത്തേജിതകരിയാണ് രാജ്യത്തുനിന്ന് കയറ്റുമതി ചെയ്തത്. രാജ്യത്തിന്റെ മൊത്തം നാളികേര കയറ്റുമതി മൂല്യത്തിന്റെ 66 ശതമാനവും ചിരട്ടയിൽ നിന്നുള്ള ഈ വരുമാനമാണ്.
കഴിഞ്ഞ സാമ്പത്തിക വർഷവുമായി (2024-25) താരതമ്യം ചെയ്യുമ്പോൾ അളവിലുള്ള വർധന ചെറിയതാണെങ്കിലും ആഗോളവിപണിയിലെ വിലക്കയറ്റമാണ് ഇന്ത്യയ്‌ക്ക് വലിയ നേട്ടമായത്. 2024-25ൽ 1.76 ലക്ഷം ടൺ കരി കയറ്റുമതി ചെയ്തവഴി 2799 കോടി രൂപയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ 2025-ൽ അമേരിക്കയുടെ ഇറക്കുമതി 10 ശതമാനം മാത്രം കൂടിയപ്പോൾ വിലയിലുണ്ടായ കുതിപ്പ് 38 ശതമാനമായി ഉയർന്നു. 2025 പകുതിയോടെ ഇന്ത്യയിലും ഇൻഡൊനീഷ്യയിലും ഉത്തേജിതകരി വില ടണ്ണിന് 900 മുതൽ 1000 ഡോളർ വരെ വർധിച്ചതായി ഇന്റർനാഷണൽ കോക്കനട്ട് കമ്മ്യൂണിറ്റി വിലയിരുത്തുന്നു. ലോകത്ത് ഏറ്റവും കൂടുതൽ ചിരട്ടക്കരി അധിഷ്ഠിത ഉത്തേജിതകരി കയറ്റുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. ജലം, വായു ശുദ്ധീകരണ പ്രക്രിയകളിലാണ് ഉത്തേജിതകരി പ്രധാനമായും ഉപയോഗിക്കുന്നത്.
മറ്റ് പ്രധാന ഉത്പന്നങ്ങളുടെ 2025-26 ലെ കയറ്റുമതി കണക്കുകൾ
വെളിച്ചെണ്ണ (റിഫൈൻഡ്): 16,605 ടൺ (മൂല്യം: 661 കോടി രൂപ)
പച്ചത്തേങ്ങ: 54,102 ടൺ (മൂല്യം: 376 കോടി രൂപ)
കൊപ്ര: 16,468 ടൺ (മൂല്യം: 374 കോടി രൂപ)
ഡെസിക്കേറ്റഡ് കോക്കനട്ട്: 7210 ടൺ (മൂല്യം: 199 കോടി രൂപ)
വെളിച്ചെണ്ണ (ക്രൂഡ്): 2650 ടൺ (മൂല്യം: 96 കോടി രൂപ)