ടോക്കിയോ: നിഗൂഢതകളുടെ വിസ്മയം തീര്‍ത്ത ഫിക്ഷനുകളിലൂടെ ജനപ്രിയനായ ജാപ്പനീസ് നോവലിസ്റ്റ് കെയ്ഗോ ഹിഗാഷിനോ (68) അന്തരിച്ചു. കാന്‍സര്‍ ബാധിതനായിരുന്നു. 109 ദശലക്ഷം കോപ്പികളാണ് അദ്‌ദേഹത്തിന്‌റെ കൃതികള്‍ പുറത്തിറങ്ങിയിട്ടുള്ളത്. 41 രാജ്യങ്ങളില്‍ അതിനു പരിഭാഷകളുണ്ടായി.
27-ാം വയസ്സില്‍ എന്‍ജിനീയറായി ജോലി ചെയ്യവെ ആദ്യമായി എഴുതിയ ‘ഹൊകാഗോ’ അഥവാ ‘സ്‌കൂളിനുശേഷം’ എന്ന ആദ്യ നോവലിന് എഡോഗാവ റാംപോ പുരസ്‌കാരം ലഭിച്ചു. ഹിഗാഷിനോ 1998-ല്‍ പ്രസിദ്ധീകരിച്ച ‘ഡിറ്റക്ടീവ് ഗലീലിയോ’ പരമ്പരയാണ് അദ്ദേഹത്തിന്‌റെ മാസ്റ്റര്‍ പീസ്. കേസുകള്‍ പരിഹരിക്കാന്‍ തന്റെ വൈദഗ്‌ദ്ധ്യം ഉപയോഗിക്കുന്ന ഒരു ഭൗതികശാസ്ത്രജ്ഞനെ അവതരിപ്പിക്കുന്ന ആ പരമ്പരയിലെ ‘ദി ഡിവോഷന്‍ ഓഫ് സസ്‌പെക്ട് എക്‌സ്’ 2006-ല്‍ നവോക്കി സമ്മാനത്തിന് അര്‍ഹമായി.
അദ്ദേഹത്തിന്റെ ബെസ്റ്റ് സെല്ലറുകളില്‍ ‘ജേര്‍ണി അണ്ടര്‍ ദി മിഡ്നൈറ്റ് സണ്‍’, ‘അണ്ടര്‍ ദി മിഡ്നൈറ്റ് സണ്‍’ , ‘ഡിറ്റക്ടീവ് കാഗ’ പരമ്പര, ‘മാസ്‌ക്വെറേഡ്’ പരമ്പര എന്നിവ ഉള്‍പ്പെടുന്നു.
ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് ചൈനയിലെയും ദക്ഷിണ കൊറിയയിലെയും പുസ്തക പ്രേമികള്‍ക്ക് പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു ഹിഗാഷിനോ.
അദ്ദേഹത്തിന്റെ ജനപ്രീതി രാജ്യങ്ങള്‍ക്കും ഭാഷകള്‍ക്കും അതീതമായിരുന്നു. വിദേശങ്ങളിലും അദ്ദേഹത്തിന് വ്യാപകമായ അംഗീകാരം ലഭിച്ചു, മിസ്റ്ററി റൈറ്റേഴ്സ് ഓഫ് അമേരിക്കയുടെ അഭിമാനകരമായ എഡ്ഗര്‍ അവാര്‍ഡിനും ബ്രിട്ടനിലെ ദി ക്രൈം റൈറ്റേഴ്സ് അസോസിയേഷന്റെ ഡാഗര്‍ അവാര്‍ഡിനും നാമനിര്‍ദ്ദേശങ്ങള്‍ നേടി. 2009 മുതല്‍ 2013 വരെ അദ്ദേഹം മിസ്റ്ററി റൈറ്റേഴ്സ് ഓഫ് ജപ്പാന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.