• Tue. Jul 28th, 2026

24×7 Live News

Apdin News

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Byadmin

Jul 28, 2026


കാസര്‍കോട്: ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ കമ്മിറ്റിയുമായി സിപിഎം. ഇതിന്റെ ആദ്യ നടപടിയെന്നോണം കാസര്‍കോട് ജില്ലയില്‍ ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഏരിയാ തലങ്ങളില്‍ ക്ഷേത്ര ഭാരവാഹികളുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുകയും ചെയ്തു. എല്ലാ ജില്ലകളിലും കമ്മിറ്റികള്‍ രൂപീകരിക്കാനാണ് തീരുമാനം. മുതിര്‍ന്ന സിപിഎം നേതാവ് പി ജയരാജനാണ് സംസ്ഥാനതല ചുമതല നല്‍കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പുകില്‍ വന്‍ തിരിച്ചടികൾ നേരിടുന്ന സാഹചര്യത്തിലാണ് ക്ഷേത്രങ്ങളെ ആശ്രയിക്കാന്‍ സിപിഎം തീരുമാനിച്ചത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട കമ്മറ്റികളിലും പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടിയുടെ പങ്കാളിത്ത ഉറപ്പാക്കി നഷ്ടമായ വോട്ടുകളെ തിരിച്ചുപിടിക്കാനാണ് ഉദ്ദേശം. പാര്‍ട്ടി കേഡര്‍മാരും അനുഭാവികളും ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പാടില്ലെന്നതാണ് സിപിഎമ്മിന്റെ പൊതുനിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് ടെമ്പിള്‍ കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചത്.

ആദ്യഘട്ടത്തില്‍ മലബാറിലായിരിക്കും നടപ്പിലാക്കുക. ഇതിന്റെ ഭാഗമായാണ് പാര്‍ട്ടിയോട് അനുഭാവമുള്ള ക്ഷേത്ര ഭാരവാഹികളുടെ യോഗം വിളിച്ചുചേര്‍ത്തത്.
ക്ഷേത്ര ആഘോഷങ്ങളിലും പരിപാടികളിലും ഇടപെടല്‍ നടത്താനാണ് ആലോചന. പൊതുവേ ഭൗതീകവാദികളും നിരീശ്വരവാദികളുമൊക്കെയാണെങ്കിലും പാര്‍ട്ടിക്കാരും പാര്‍ട്ടി അനുഭാവികളും ക്ഷേത്രങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പാടില്ലെന്ന ഉദ്ദേശമാണ് പാര്‍ട്ടിക്ക്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് നേടിയ ബിജെപി ക്ഷേത്ര കമ്മിറ്റികളിലെ ആര്‍എസ്എസ് സാന്നിധ്യത്തെ കൃത്യമായി ഉപയോഗിച്ചെന്ന വിലയിരുത്തല്‍ സിപിഎമ്മിന് ഉണ്ടായിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. കേരളത്തിലെ മതേതര പാരമ്പര്യത്തിന് ബിജെപിയുടെ നീക്കങ്ങള്‍ ഭീഷണിയാണെന്നും വിലയിരുത്തലുണ്ടായിരുന്നു. ഇതിനിടെയാണ് ക്ഷേത്രങ്ങളിൽ പിടിമുറുക്കാനുള്ള സിപിഎം നീക്കം.

ക്ഷേത്രോത്സവം ഉള്‍പ്പെടെ അമ്പലവുമായി ബന്ധപ്പെട്ട വിവിധ കമ്മറ്റികളിലും പരിപാടികളിലും കയറിപ്പറ്റുക. ക്ഷേത്രങ്ങളും വിശ്വാസികളുമായുള്ള ബന്ധം ശക്തമായി ഊട്ടിയുറപ്പിക്കുക, ശക്തമായ സ്വാധീനം ഉണ്ടാക്കുകയൊക്കെയാണ് ലക്ഷ്യമിടുന്നത്.



By admin