• Sat. Jul 5th, 2025

24×7 Live News

Apdin News

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍, കൂടുതല്‍പേര്‍ മലപ്പുറത്ത്, അതീവ ജാഗ്രതയില്‍ പാലക്കാട്

Byadmin

Jul 4, 2025


തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്. പാലക്കാട്, മലപ്പുറം ജില്ലയിലുള്ളവര്‍ക്കാണ് നിപ സംശയിച്ചത്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി അയച്ച സാമ്പിളുകളില്‍ പാലക്കാട് ചികിത്സയിലുള്ളയാള്‍ പോസിറ്റീവായി.

പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് സമ്പർക്കമുണ്ടായവരെ കണ്ടെത്താനുള്ള ശ്രമം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. സമ്പര്‍ക്കപ്പട്ടികയില്‍ പെടാത്ത ആരെങ്കിലുമുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കണം. സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ ഉറപ്പാക്കണം. ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും ശക്തമാക്കണം. റൂട്ട് മാപ്പ് ഉടന്‍ തന്നെ പുറത്തിറക്കണം.

കഴിഞ്ഞ മാസം 25, 26 തീയതികളിലാണ് നിപ ബാധിച്ച രണ്ട് പേര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങിയത്. ഈ പ്രദേശങ്ങളില്‍ നിന്ന് 3 ആഴ്ച മുമ്പ് തൊട്ടുള്ള വിവരങ്ങള്‍ ശേഖരിക്കും. ഇവിടങ്ങളില്‍ നിശ്ചിത കാലയളവില്‍ മസ്തിഷ്‌ക ജ്വരമോ ന്യൂമോണിയയോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂമും ജില്ലാ കണ്‍ട്രോള്‍ റൂമുകളും സ്ഥാപിച്ചു. 26 കമ്മിറ്റികള്‍ വീതം 3 ജില്ലകളില്‍ രൂപീകരിച്ചു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോലീസിന്റെ കൂടി സഹായത്തോടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി വരുന്നു. രണ്ട് ജില്ലകളില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ കലക്ടര്‍മാര്‍ പ്രഖ്യാപിച്ചു. കണ്ടൈന്‍മെന്റ് സോണുകളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.

പാലക്കാട് ജില്ലയില്‍ നിപ രോഗ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദേശവുമായി ജില്ലാ ഭരണകൂടം. കിഴക്കുംപുറം തച്ചനാട്ടുകര സ്വദേശിനി(38)ക്കാണ് നിപ രോഗ ബാധ സ്ഥിരീകരിച്ചത്. നിപാ രോഗസാധ്യതയുള്ള ലക്ഷണങ്ങള്‍ നിരീക്ഷിക്കാനും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

രോഗബാധയുളളയാളുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെട്ട കരിമ്പുഴ, തച്ചനാട്ടുകര മേഖലകളിലാണ് കണ്ടെയ്മെന്റ് സോണുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (കുണ്ടൂര്‍ക്കുന്ന്), വാര്‍ഡ് 8 (പാലോട്), വാര്‍ഡ് 9 (പാറമ്മല്‍), വാര്‍ഡ് 11 (ചാമപറമ്പ്) എന്നിവയും കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 (ആറ്റശ്ശേരി), വാര്‍ഡ് 18 (ചോളക്കുറിശ്ശി) എന്നിവയുമാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ പൊതുജനങ്ങള്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

By admin