പാലക്കാട്: നിപ വീണ്ടും സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ പാലക്കാട്ട് അവലോകനയോഗം. നാലുപേര്‍ക്ക് കുടി പനി ബാധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് വകുപ്പിന്റെ യോഗം ചേരുന്നത്. മന്ത്രിക്കെതിരേയുള്ള പ്രതിഷേധം അരങ്ങേറുന്ന സാഹചര്യത്തില്‍ മന്ത്രിക്ക് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. പ്രത്യേക കണ്‍ട്രോള്‍ റൂമിലാണ് അവലോകന യോഗം നടക്കുന്നത്്.
പലാക്കാട് തച്ചനാട്ട് കരയില്‍ സമ്പര്‍ക്കപട്ടികയിലുള്ളവര്‍ പനി ബാധിക്കുന്നത് ആശങ്കയാണ്. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കാണ് ഇപ്പോള്‍ പനി ബാധിച്ചിരിക്കുന്നത്. ഇവരെ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡിലാണ് കിടത്തിയിരിക്കുന്നത്. പനിബാധിച്ച രണ്ടു കുട്ടികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്്. പ്രാഥമിക പരിശോധനയില്‍ ഇവരുടെ നില നെഗറ്റീവാണ്. എന്നാല്‍ വൈറോളജി ലാബിലെ പരിശോധനാഫലം ഇന്നേ കിട്ടുകയുള്ളു. തച്ചനാട്ടുകര പഞ്ചായത്തിലെ നാലു വാര്‍ഡുകളും കരിമ്പുഴ പഞ്ചായത്തിലെ രണ്ടുവാര്‍ഡുകളുമാണു കണ്ടെയ്ന്‍മെന്റ് സോണുകളായുള്ളത്. നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി 2185 വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഭവനസന്ദര്‍ശനം നടത്തി വിവരശേഖരണം നടത്തിയതായി ജില്ലാ കലക്ടര്‍ ജി. പ്രിയങ്ക അറിയിച്ചു.
ജില്ലയില്‍ നിലവില്‍ ഒരു രോഗിക്ക് മാത്രമാണു നിപ സ്ഥിരീകരിച്ചിട്ടുള്ളത്. അവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലെ സാധ്യതാപട്ടികയിലുള്ള മൂന്നുപേര്‍ ഐസൊലേഷനില്‍ തുടരുകയാണ്. 173 പേരെയാണു നിലവില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജില്ലാ മാനസികാരോഗ്യ വിഭാഗം 165 പേര്‍ക്കു ടെലഫോണിലൂടെ കൗണ്‍സലിങ് സേവനം നല്‍കി. പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലിലേക്ക് 21 കോളുകള്‍ ലഭിച്ചു. അവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ ജില്ലാ ഭരണകൂടം പുറത്തുവിട്ടു. കണ്ടെയ്‌മെന്റ് സോണിലുള്ളവര്‍ അനാവശ്യമായി കൂട്ടംകൂടരുത്. എന്‍ 95 മാസ്‌ക്ക് നിര്‍ബന്ധമായും ധരിക്കണം. കണ്ടെയ്ന്‍മെന്റ് സോണില്‍നിന്നും പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കണം. ഐസൊലേഷന്‍/ക്വാറന്റൈനില്‍ കഴിയുന്നവര്‍ നിര്‍ബന്ധമായും എന്‍ 95 മാസ്‌ക് ധരിക്കണം.
കൃത്യമായും ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. ശുചിമുറിയുള്ള റൂമില്‍ തന്നെ ക്വാറന്റൈനില്‍ ഇരിക്കണം. ആരുമായും സമ്പര്‍ക്കത്തില്‍ വരാതെ ശ്രദ്ധിക്കണം. അവരെ പരിചരിക്കുന്ന വീട്ടിലുള്ള എല്ലാവരും മാസ്‌ക് എപ്പോഴും ധരിക്കണം. കൈകള്‍ ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ അണുവിമുക്തമാക്കണം തുടങ്ങിയവയാണു നിര്‍ദേശങ്ങള്‍. പനി, ചുമ, തലവേദന, ശ്വാസ തടസം, മാനസിക വിഭാന്ത്രി, ബോധക്ഷയം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ വിവരം അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരെ ഫോണ്‍ മുഖാന്തിരം അറിയിക്കുകയോ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് 0491 2504002 വിളിക്കുകയോ ചെയ്യണമെന്നും കലക്ടര്‍ അറിയിച്ചു.
തച്ചനാട്ടുകരയിലെ നിപ ബാധയേറ്റ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് വെള്ളിയാഴ്ച രാത്രി 10 നു മാറ്റി. കോഴിക്കോട് ബയോളജി ലാബിലേക്ക് അയച്ച മൂന്നു കുട്ടികളുടേയും ഫലം നെഗറ്റീവായതാണ് ആശ്വാസം. യുവതിയുടെ രണ്ടു മക്കളും ബന്ധുവായ 10 വയസുകാരനും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തച്ചനാട്ടുകര 8ാം വാര്‍ഡ് കിഴക്കുംപുറത്തുള്ള മുപ്പതിയൊമ്പതുകാരിക്കാണു നിപ സ്ഥിരീകരിച്ചത്. കണ്ടെയ്ന്‍മെന്റ് സോണിലെ മുഴുവന്‍ വീടുകളിലും ആരോഗ്യപ്രവര്‍ത്തകര്‍ വിവരശേഖരണം നടത്തി.