ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷ കാത്തുകിടക്കുന്ന നിമിഷപ്രിയയുടെ കാര്യത്തില്‍ നയതന്ത്രപരമായ നീക്കം സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഈ മാസം 16 ന് വധശിക്ഷ നടപ്പാക്കാനിരിക്കെ സാധ്യമായ എല്ലാ നീക്കവും നടത്തുന്നുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഇപ്പോള്‍ വധശിക്ഷ നീട്ടിവെയ്ക്കാന്‍ കഴിയുന്ന ഒരു സാഹചര്യത്തെക്കുറിച്ചാണ് കേന്ദ്രസര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും പരതുന്നത്.
നയതന്ത്ര ഇടപെടലുകള്‍ക്ക് പരിമിതിയുണ്ടെന്ന സൂചനയാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. യെമനിലെ ഹൂതി സര്‍ക്കാരുമായി കാര്യമായി ബന്ധമില്ലാത്തതും ഇന്ത്യയുടെ സൗഹൃദരാജ്യങ്ങളായ ഗള്‍ഫ് രാജ്യങ്ങള്‍ വഴിയുള്ള നീക്കവും അപര്യാപ്തമാണെന്നതാണ് കേന്ദ്രം വ്യക്തമാക്കുന്നത്. യെമന്റെ സൗഹൃദരാജ്യങ്ങളില്‍ പെടുന്ന ഇറാന്‍വഴിയുള്ള ഒരു നീക്കം നടത്തുമോ എന്ന് വ്യക്തമല്ല. എന്നിരുന്നാലൂം പരിമിതികള്‍ക്കിടയില്‍ സാധ്യമായതെല്ലാം ചെയ്യുമെന്നാണ് കേന്ദ്രം അറ്റോര്‍ണി ജനറല്‍ വഴി സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്.
ഗള്‍ഫ് മേഖലയിലെ വിദേശകാര്യമന്ത്രാലയത്തിലെ ജോ. സെക്രട്ടറി വഴി നിരന്തരം ഇടപെടല്‍ നടത്തുന്നതായും കേന്ദ്രം അറിയിച്ചിട്ടുണ്ട്. അമേരിക്കയുമായും ഇറാനുമായി പോലും ഏതെങ്കിലും ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആഭ്യന്തരയുദ്ധം പതിവായ യെമനിലേക്ക് ഇന്ത്യ യാത്രാവിലക്ക് പോലും ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.
ഈ സാഹചര്യത്തില്‍ ബ്‌ളഡ്മണി എന്നത് സര്‍ക്കാരിന് അപാപ്യമാണെന്നും ഇക്കാര്യത്തില്‍ സ്വകാര്യ ഇടപെടലേ സാധ്യമാകൂ എന്നും അത്തരത്തിലുള്ള സ്വകാര്യ ചര്‍ച്ചകളാണ് നടക്കുന്നതെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. നിമിഷപ്രിയയ്ക്കായി എത്ര പണം വേണമെങ്കിലും ബ്‌ളഡ്മണിയായി നല്‍കാന്‍ തയ്യാറാണെന്നാണ് നിമിഷപ്രിയാ സേവിംഗ് ഫോറം കോടതിയില്‍ അറിയിച്ചിട്ടുള്ളത്.
നയതന്ത്രപരമായ ഇടപെടലാണ് വേണ്ടതെന്നും സേവ് നിമിഷപ്രിയാ ഫോറം പറയുന്നു. പക്ഷേ ചര്‍ച്ചയ്ക്കായി ഹൂതി വിഭാഗത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ആരെയെങ്കിലും കണ്ടെത്തുകയാണ് പ്രധാനം. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ വേണ്ടി സുപ്രീംകോടതി മാറ്റിയിരിക്കുകയാണ്.