വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടല്‍ നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോമിനെതിരെ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. അദ്ദേഹം അഭിഭാഷകനല്ലെന്നും മധ്യസ്ഥതയുടെ പേരില്‍ വ്യാപകമായി പണം പിരിക്കുന്നെന്നും തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘ബിബിസി ചാനലിനോട് പറഞ്ഞതു പോലെ അഭിഭാഷകനല്ല. നാല്‍പ്പതിനായിരം ഡോളറെങ്കിലും അദ്ദേഹം കവര്‍ന്നു. ഈ വിഷയത്തില്‍ അദ്ദേഹം ഞങ്ങളെ കാണുകയോ സന്ദേശം അയക്കുകയും ചെയ്തിട്ടില്ല. മറിച്ചാണെനന് തെളിയിക്കാന്‍ അദ്ദേഹത്തെ ഞാന്‍ വെല്ലുവിളിക്കുന്നു. നിമിഷ പ്രിയയുടെ വധശിക്ഷ പ്രഖ്യാപിച്ചതിന് ശേഷം അദ്ദേഹത്തെ സന്‍ആയില്‍ വെച്ച് കണ്ടിരുന്നു. അന്ന് അദ്ദേഹം സന്തോഷവനായിരുന്നു. എന്നോട് അഭിനന്ദനങ്ങള്‍ എന്ന് പറയുകയും ചെയ്തു. അതിന് ശേഷം മലയാള മാധ്യമങ്ങളില്‍ അദ്ദേഹം മധ്യസ്ഥനായി പ്രത്യക്ഷപ്പെടുകയായിരുന്നു. തലാലിന്റെ കുടുംബവുമായി ചര്‍ച്ച ചെയ്യാന്‍ 20,000 ഡോളറിന് വേണ്ടി അഭ്യര്‍ഥിക്കുന്നത് കണ്ടു. മാധ്യമങ്ങളിലൂടെ മാത്രം അറിഞ്ഞ അദ്ദേഹം മധ്യസ്ഥതക്ക് വേണ്ടി ഞങ്ങളുടെ ചോര ഊറ്റുകയാണ്. സത്യം ഞങ്ങള്‍ക്കറിയാം. അദ്ദേഹം കള്ളം പറയുന്നതും വഞ്ചനയും അവസാനിച്ചില്ലെങ്കില്‍ ഞങ്ങള്‍ വെളിപ്പെടുത്തുമെന്നും’ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലും പങ്കുവച്ച പോസ്റ്റില്‍ സാമുവല്‍ ജെറോം അഭിഭാഷകന്‍ അല്ലെന്നും മഹ്ദി ആരോപിക്കുന്നു.
സാമുവല്‍ ജെറോം നിമിഷയെ രക്ഷിക്കാനുളള ശ്രമങ്ങളെ പ്രതിസന്ധിയിലാക്കരുതെന്ന് നേരത്തെ അഡ്വ. സുഭാഷ് ചന്ദ്രന്‍ പറഞ്ഞിരുന്നു. മോചനത്തിനായി സാമുവലിന് 44,000 ഡോളര്‍ നല്‍കി. അത് എന്തിനാണ് ഉപയോഗിച്ചതെന്ന് അറിയിച്ചിട്ടില്ല. ദയവുചെയ്ത് മോചനശ്രമങ്ങളെ പരാജയപ്പെടുത്തരുത്’ എന്നായിരുന്നു സുഭാഷ് ചന്ദ്രന്റെ പ്രതികരണം.
യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ 2017 മുതല്‍ ജയിലിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ. ജൂലൈ 16-ന് നിമിഷപ്രിയയുടെ വധശിക്ഷ നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വധശിക്ഷ നീട്ടിവയ്ച്ചുകൊണ്ടുളള ഉത്തരവ് പുറത്തിറങ്ങി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനു പിന്നാലെയാണ് നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമായത്. യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹബീദുല്‍ വിഷയത്തില്‍ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെക്കുന്നതിനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ യെമനില്‍ ആരംഭിച്ചത്.