• Sat. Jul 12th, 2025

24×7 Live News

Apdin News

നിയമസഭാ തെരഞ്ഞെടുപ്പ്: മാധ്യമങ്ങളുടെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുത്: മുസ്‌ലിം ലീഗ്‌

Byadmin

Jul 12, 2025


നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുസ്ലിം ലീഗിനെ കുറിച്ച് ചില മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വരുന്ന വാർത്തകൾ തികച്ചും വ്യാജമാണെന്നും വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം എന്നിവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സീറ്റുകളെ സംബന്ധിച്ചോ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ കുറിച്ചോ ടേം നിബന്ധനകളെ കുറിച്ചോ പാർട്ടി ഇത് വരെ ഒരു ചർച്ചയും നടത്തിയിട്ടില്ല. തീരുമാനവും എടുത്തിട്ടില്ല. എല്ലാ കാര്യങ്ങളും അതിന്റെതായ സമയങ്ങളിൽ സമയബന്ധിതമായി തീരുമാനിക്കാൻ മുസ്ലിം ലീഗിന് സാധിക്കും. ഇപ്പോൾ ഇത്തരം ചർച്ചകളിലേക്ക് പാർട്ടി കടന്നിട്ടില്ല. എന്നാൽ ഇത് സംബന്ധിച്ച് പലതരം വാർത്തകൾ വിവിധ കോണുകളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നു. ഇതെല്ലാം ചില നിക്ഷിപ്ത താല്പര്യക്കാർ അവരുടെ ആഗ്രഹങ്ങൾക്കും മനോഗതിക്കുമനുസരിച്ച് കെട്ടിച്ചമക്കുന്നതാണ്. വ്യാജ പ്രചാരവേലകളുമാണ്. ഇതിന്റെ പിറകിൽ ആർക്കെങ്കിലും എന്തെങ്കിലും താൽപര്യമുണ്ടോയെന്നറിയില്ല.

തെരഞ്ഞെടുപ്പ് സംബന്ധിയായ പ്രവർത്തനങ്ങൾ ആരംഭിക്കാനും വോട്ടർപട്ടികയിൽ പേര് ചേർക്കൽ ഉൾപ്പെടെയുള്ള നടപടി ക്രമങ്ങൾ തുടങ്ങാനും സംഘടനാരംഗം ശക്തമാക്കാനും മുന്നണി ബന്ധം ദൃഢമാക്കാനുമുള്ള കാര്യങ്ങളാണ് പാർട്ടി ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളുമായി ശാഖാ തലങ്ങളിൽ പ്രിയപ്പെട്ട പ്രവർത്തകർ മുന്നോട്ട് പോവുകയാണ്. അവരുടെ ആത്മവീര്യം തകർക്കാനുള്ള കുത്സിത ശ്രമവും സംഘടനാ ശത്രുക്കൾ നടത്തുന്ന പ്രചാര വേലയുമായി മാത്രമെ ഇത്തരം വാർത്തകളെ കാണാൻ കഴിയൂ. പ്രിയപ്പെട്ട സഹപ്രവർത്തകർ ഇത്തരം പ്രചാരവേലകളിൽ വഞ്ചിതരാവരുത്. പാർട്ടി തെരഞ്ഞെടുപ്പ് സംബന്ധിയായ എല്ലാ തീരുമാനങ്ങളും കഴിഞ്ഞ കാലങ്ങളിലെന്നപ്പോലെ പാർട്ടിയുടെ ഉന്നത നേതൃത്വവും പാർലമെന്ററി ബോർഡുമൊക്കെ കൂടി തീരുമാനിക്കുന്നതായിരിക്കും. യഥാസമയം അത്തരം കാര്യങ്ങൾ പാർട്ടി തന്നെ ഔദ്യോഗികമായി പ്രവർത്തകരെ അറിയിക്കും. മറ്റു മാധ്യമങ്ങളിലും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും വരുന്ന വാർത്തകൾ വിശ്വസിക്കരുത്. പ്രചരിപ്പിക്കരുത്. – നേതാക്കൾ പറഞ്ഞു.

By admin