തിരുവനന്തപുരം: പരീക്ഷകളുമായി ബന്ധപ്പെട്ട് പല ക്രമക്കേടുകളും പല തലങ്ങളിൽ നടക്കാറുണ്ട്. അതിന് സംവിധാനത്തെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട്, ഒരു സർക്കാരിനെ മുഴുവൻ കുറ്റപ്പെടുത്തിക്കൊണ്ട് ഒരു സംസ്ഥാന നിയമസഭ പ്രമേയം പാസ്സാക്കുക എന്ന് പറഞ്ഞാൽ, അത് രാഷ്‌ട്രീയ നിലപാടിനു വേണ്ടി ഒരു നിയമസഭയെ ഉപയോഗപ്പെടുത്തലാണ് എന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്ന് വി. മുരളീധരൻ എംഎൽഎ.
വിദ്യാർത്ഥികളുടെ ഭാവിയാണ് ഏറ്റവും പ്രധാനം. നീറ്റ് പരീക്ഷാസംവിധാനം കൂടുതൽ സുതാര്യവും സുരക്ഷിതവും വിശ്വാസ്യതയുള്ളതുമാക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണ്. മുൻപ് കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കേണ്ടിവന്നു. പരീക്ഷ ഫലവുമായി ബന്ധപ്പെട്ട പല കുഴപ്പങ്ങളും നടക്കാറുണ്ട്;അതിനെ രാഷ്‌ട്രീയവൽക്കരിക്കുന്നത് അംഗീകരിക്കാൻ ആവില്ല.
നീറ്റ് വിഷയത്തിൽ പ്രമേയം പാസാക്കി എന്നാണ് സ്പീക്കർ വിശദീകരിച്ചത്. ഭേദഗതി തള്ളി എന്നതിന്റെ അർത്ഥം പ്രമേയം പാസായി എന്നല്ല. ഓട്ടോമാറ്റിക് ആയി പ്രമേയം പാസാകാൻ പറ്റില്ല. ഭേദഗതി തള്ളിയതിനുശേഷം പ്രമേയം വീണ്ടും വോട്ടിനിടണം. വോട്ടിനിട്ടതിനു ശേഷം ആ പ്രമേയത്തെ അനുകൂലിക്കാം, എതിർക്കാം. സ്വാഭാവികമായും പ്രമേയത്തെ അനുകൂലിക്കുന്ന ആളുകൾ ഭൂരിപക്ഷമാണെങ്കിൽ അവരെല്ലാവരും അനുകൂലിക്കുമായിരുന്നു. അതുകൊണ്ട് സ്പീക്കറുടെ റൂളിംഗ് മാത്രമേ അവിടെ ഉണ്ടായിട്ടുള്ളൂ. അതിന്റെ വീഡിയോ പരിശോധിക്കുന്ന ആളുകൾക്ക് വ്യക്തമായി മനസ്സിലാക്കാൻ പറ്റും
സിപിഎമ്മും കോൺഗ്രസും ചേർന്നുള്ള ഇൻഡീ സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം. എൻടിഎ നടത്തുന്ന നീറ്റ് പരീക്ഷയിൽ വീഴ്ചയുണ്ടായി എന്ന് അംഗീകരിച്ചുകൊണ്ടു തന്നെയാണ് കേന്ദ്രസർക്കാർ അതിനുത്തരവാദികൾക്കെതിരെ നടപടി സ്വീകരിച്ചത്. അന്വേഷണം നടത്താൻ സിബിഐയെയാണ് ഏൽപ്പിച്ചത്. വിദ്യാർഥികളുടെ ആശങ്ക അകറ്റുന്നതിന് പകരം അവരുടെ മനസ്സിൽ ഭയവും ആശയക്കുഴപ്പവും സൃഷ്ടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്.
ആസൂത്രണബോർഡിലെ ചീഫിന്റെ നിയമനത്തിനായുള്ള പരീക്ഷയെഴുതിയ ആളുകൾക്ക് മുഴുവൻ ഉത്തരങ്ങൾക്കും മാർക്ക് നൽകിയിട്ടില്ല എന്ന് പിഎസ്സി തന്നെ സമ്മതിച്ചിരിക്കുകയാണ്. മൂല്യനിർണ്ണയം നടത്താതെ റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. 2019-ൽ ഇതേ പി എസ് സി നടത്തിയ സിവിൽ പോലീസ് ഓഫീസർ പരീക്ഷയിൽ ക്രിമിനൽ കേസ് പ്രതികളായിട്ടുള്ള, എസ്എഫ്ഐക്കാരായിട്ടുള്ള ആളുകൾ റാങ്ക്പട്ടികയിൽ വന്ന കാര്യവും കഴിഞ്ഞകാലങ്ങളിൽ നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ്.
കഴിഞ്ഞ വർഷം, 2024-ൽ എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള കീം പരീക്ഷാഫലം ഹൈക്കോടതിക്ക് റദ്ദാക്കേണ്ടി വന്നു. കാരണം, ഫലപ്രഖ്യാപനത്തിന് ഒരു മണിക്കൂർ മുമ്പ് പ്രോസ്പെക്റ്റസിൽ മാറ്റം വരുത്തിയിട്ടാണ് അന്ന് പരീക്ഷാഫലം പ്രഖ്യാപിച്ചത്. നീറ്റിൽ ഇത്രയും ഗൗരവത്തോടെ ഇടപെടുന്ന സിപിഎം , കോൺഗ്രസ് മുന്നണി പി എസ് സി നിയമന ക്രമക്കേടിൽ ഒന്നും ഇടപെട്ട് കണ്ടില്ലെന്നും മുരളീധരൻ കുറ്റപ്പെടുത്തി.