ന്യൂദല്‍ഹി: നീറ്റ് യുജി പുനഃപരീക്ഷയില്‍ പിഴവുകള്‍ ഉണ്ടാകരുതെന്ന് കര്‍ശന നിര്‍ദേശം. പരീക്ഷയുടെ സുരക്ഷ കര്‍ശനമാക്കാനും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നിര്‍ദേശം നല്‍കി. പരീക്ഷ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് മന്ത്രി ഈ നിര്‍ദേശം നല്‍കിയത്.
കഴിഞ്ഞ തവണയുണ്ടായ പിഴവുകള്‍ പൂര്‍ണമായും സമഗ്രമായി പരിഹരിക്കാനും മന്ത്രി ആവശ്യപ്പെട്ടു. പുനഃപരീക്ഷയില്‍ കര്‍ശനസുരക്ഷാ പ്രോട്ടക്കോളുകള്‍ പാലിക്കണം. അതാത് ജില്ലാ കളക്ടര്‍മാര്‍ക്കും പോലീസ് സൂപ്രണ്ടുമാര്‍ക്കുമായിരിക്കും അതിന്റെ ഏകോപന ചുമതല. പരീക്ഷാകേന്ദ്രങ്ങളിലെ ജാഗ്രതയിലും സുരക്ഷയിലും വിട്ടുവീഴ്ച ഉണ്ടാകരുത്. വിദ്യാര്‍ത്ഥികള്‍ക്ക് കുടിവെള്ളത്തിനും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയതായി വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
പരീക്ഷ സുരക്ഷിതവും നീതിയുക്തവുമായ രീതിയില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ ജാഗ്രതയും ശക്തമായ സുരക്ഷാ നടപടികളും ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.കൂടാതെ സമൂഹ മാധ്യമങ്ങള്‍ വഴി മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. പരീക്ഷ നടക്കുന്നതിന് മുമ്പ് ടെലഗ്രാം അടക്കമുള്ള വിവിധ ചാനലുകളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമാകുകയും വ്യാജ ചോദ്യപേപ്പര്‍ ചോര്‍ച്ച അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുമുണ്ട്. ഇത്തരത്തില്‍ സംഘടിതമായാണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. ഇവര്‍ക്കെതിരെ നടപടിയെടുക്കാനും കേന്ദ്രമന്ത്രി ഉത്തരവിട്ടു. പരീക്ഷയ്‌ക്ക് മുമ്പ് വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും വിദ്യാര്‍ത്ഥികളില്‍ പരിഭ്രാന്തിയുണ്ടാക്കുന്ന ചാനലുകളെ തിരിച്ചറിഞ്ഞ് അവയെ നീക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
തെറ്റായ വിവരങ്ങള്‍ വേഗത്തില്‍ തടയുന്നതിനും പരീക്ഷ പ്രക്രിയയുടെ സമഗ്രത സംരക്ഷിക്കുന്നതിന് സമൂഹമാധ്യമങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം, എന്‍ടിഎ, നിയമ നിര്‍വഹണ ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. തെറ്റിദ്ധരിപ്പിക്കുന്ന വിവരണങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതിനും പരീക്ഷ സമ്പ്രദായത്തില്‍ പൊതുജനവിശ്വാസം നിലനിര്‍ത്തുന്നതിനുള്ള പ്രതിബദ്ധത സര്‍ക്കാരിനുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ഡയറക്ടര്‍ ജനറലും യോഗത്തില്‍ പങ്കെടുത്തു. പരീക്ഷയ്‌ക്കുള്ള തയാറെടുപ്പുകള്‍ യോഗത്തില്‍ അവലോകനം ചെയ്തു.