ന്യൂഡൽഹി: വിവാദമായ നീറ്റ്-യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് സി.ബി.ഐ. ചോദ്യപേപ്പർ ചോർന്നതിന് പിന്നിൽ ‘മഹാരാഷ്‌ട്ര-രാജസ്ഥാൻ-ഹരിയാന’, ‘മഹാരാഷ്‌ട്ര-രാജസ്ഥാൻ-കേരള’ എന്നീ രണ്ട് പ്രധാന മെസ്സേജിംഗ് ആപ്പ് വഴികളുണ്ടെന്ന് സി.ബി.ഐ കണ്ടെത്തൽ. വിഷയ വിദഗ്‌ദ്ധരും കോച്ചിംഗ് സെന്റർ ഉടമകളും ഇടനിലക്കാരും ഉൾപ്പെട്ട രാജ്യവ്യാപകമായ ഗൂഢാലോചനയാണ് കേസിനു പിന്നിലെന്ന് ഡൽഹിയിലെ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കി.
എൻ.ടി.എ ബയോളജി വിദഗ്‌ദ്ധ മനീഷ മന്ധാരെ, കെമിസ്ട്രി വിദഗ്‌ദ്ധൻ പ്രൽഹാദ് വിത്തൽറാവു കുൽക്കർണി, ഫിസിക്സ് വിദഗ്‌ദ്ധ മനീഷ സഞ്ജയ് ഹവാൽദാർ എന്നിവരുൾപ്പെടെ 13 പ്രമുഖരെ പ്രതി ചേർത്താണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രശസ്തമായ റെനുകായ് കരിയർ സെന്റർ (RCC) കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ശിവരാജ് രഘുനാഥ് മൊട്ടേഗാവ്കർ, മറ്റ് എട്ട് ഇടനിലക്കാർ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
മൊട്ടേഗാവ്കറിന്റെ ലാതൂരിലെ വസതിയിൽ നടത്തിയ പരിശോധനയിലാണ് ചോർന്ന ചോദ്യപേപ്പറിന്റെ വിവരങ്ങൾ ലഭിച്ചത്. അദ്ദേഹത്തിന്റെ ഫോണിൽ നിന്നും പരീക്ഷയ്‌ക്ക് 10 ദിവസം മുൻപ് ഫോണിൽ പകർത്തിയ 132 കൈയ്യെഴുത്ത് കെമിസ്ട്രി ചോദ്യങ്ങളുടെ ചിത്രങ്ങൾ കണ്ടെടുത്തു. ഇതിൽ 111 ചോദ്യങ്ങളും എൻ.ടി.എയുടെ യഥാർത്ഥ നീറ്റ് മാസ്റ്റർ സെറ്റിലെ ചോദ്യങ്ങളുമായി പൂർണ്ണമായി ഒത്തുപോകുന്നവയാണെന്ന് സി.ബി.ഐ വെളിപ്പെടുത്തി. ചോദ്യപേപ്പർ കൈപ്പറ്റാൻ 5 ലക്ഷം രൂപ വീതം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു.
പരീക്ഷ കഴിഞ്ഞ മെയ് 3-ന് വൈകുന്നേരം രാജസ്ഥാനിലെ സികാറിലുള്ള കെമിസ്ട്രി അധ്യാപകൻ ശശികാന്ത് സുതാർ എൻ.ടി.എയ്‌ക്ക് അയച്ച ഇമെയിൽ സന്ദേശമാണ് അന്വേഷണത്തിൽ നിർണ്ണായക വഴിത്തിരിവായത്. വാട്‌സ്ആപ്പിൽ ലഭിച്ച പരീക്ഷാ ചോദ്യങ്ങൾ യഥാർത്ഥ ചോദ്യപേപ്പറുമായി ഒത്തുനോക്കിയപ്പോൾ സമാനമാണെന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു. ഈ ചോദ്യപേപ്പറുകളുടെ ഉറവിടം അന്വേഷിച്ചപ്പോഴാണ് കേരളത്തിൽ എം.ബി.ബി.എസ് പഠിക്കുന്ന വിദ്യാർത്ഥി വഴിയാണ് ഇത് പങ്കുവെക്കപ്പെട്ടതെന്ന് വ്യക്തമായത്. പരീക്ഷ നടക്കുന്നതിന് തലേദിവസം രാത്രി 11 മണിയോടെ 450 ചോദ്യങ്ങളും ഉത്തരങ്ങളും ഫോൺപേ വഴി പണം കൈപ്പറ്റി വിദ്യാർത്ഥികൾക്ക് അയച്ചുകൊടുത്തതായി സി.ബി.ഐ കണ്ടെത്തി.