• Thu. Aug 20th, 2026

24×7 Live News

Apdin News

നീറ്റ് വിദ്യാര്‍ഥി പ്രക്ഷോഭത്തിലെ പൊലീസ് അതിക്രമം: അന്വേഷിക്കാന്‍ ഉന്നതാധികാര സമിതിയെ നിയോഗിക്കാന്‍ സുപ്രീം കോടതി

Byadmin

Aug 20, 2026


ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ വിദ്യാർഥികൾ നടത്തിയ പാർലമെന്റ് മാർച്ചിനിടെയുണ്ടായ പൊലീസ് അതിക്രമങ്ങളെയും ലാത്തിച്ചാർജ്ജിനെയും കുറിച്ച് അന്വേഷിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കാൻ സുപ്രീം കോടതി തീരുമാനം. വിരമിച്ച ജഡ്ജിമാർ, മുൻ സംസ്ഥാന ഡിജിപി, സിബിഐ മുൻ ഡയറക്ടർ എന്നിവരടങ്ങുന്ന ഉന്നതതല സമിതിയെയാണ് ഇതിനായി നിയോഗിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായക തീരുമാനം വ്യക്തമാക്കിയത്.
 
സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച അന്തിമ ഉത്തരവ് ബുധനാഴ്ച പുറപ്പെടുവിക്കും. ജൂലൈ 20-ന് ഡൽഹിയിൽ നടന്ന പാർലമെന്റ് മാർച്ചിനിടെ അരങ്ങേറിയ സംഘർഷങ്ങളുടെയും പൊലീസ് നടപടികളുടെയും സിസിടിവി ദൃശ്യങ്ങളും വീഡിയോ റെക്കോർഡിംഗുകളും സുപ്രീം കോടതി നിർദ്ദേശിക്കുന്ന സമിതിക്ക് മുൻപാകെ കൈമാറും. വനിതാ വിദ്യാർത്ഥികൾക്കെതിരെയുണ്ടായ അതിക്രമങ്ങളെക്കുറിച്ചുള്ള പരാതികളും സമിതി പ്രത്യേകമായി പരിശോധിക്കും.

By admin