കണ്ണൂര്‍: തളാപ്പ് അരയക്കണ്ടി സ്വദേശിനി ഡോ. ധനലക്ഷ്മിയെ അബുദാബി മുസഫയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് സുഹൃദ്‌വലയങ്ങളിലും സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായി.
‘ നീ നല്‍കുന്ന എല്ലാ വേദനയും ഞാന്‍ ഏറ്റുവാങ്ങുന്നു. എന്റെ ഹൃദയം തകര്‍ന്നുപോകട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തകരുന്ന ഓരോ തുണിയിലും നീയാവട്ടെ തെളിയാന്‍, എന്റെ ഉള്ളം മുഴുവന്‍ നിനക്കുവേണ്ടി ജീവിക്കാനാണ്. വേദനയുടെ പാതയില്‍ ഞാന്‍ വീണ്ടും നടക്കുന്നു. നിന്റെ ഓര്‍മകളില്‍ ഞാന്‍ ജീവിതം കണ്ടെത്തുന്നു. തളര്‍ന്നെങ്കിലും വീണുവെങ്കിലും നിന്റെ സ്‌നേഹത്തില്‍ ഞാന്‍ വീണ്ടും ഉയരുന്നു. മുറിവുകള്‍ താങ്ങുമ്പോഴും ഞാന്‍ മിണ്ടാതെ നില്‍ക്കുന്നു. കാരണം, അവ എന്റെ ആത്മാവിന്റെ ഗാനം ആകുന്നു. എന്നെ തകര്‍ക്കൂ, എന്റെ ഉള്ളം കീറിയിടൂ, എന്റെ ഹൃദയത്തില്‍ നിനക്കൊരു വേദി നിര്‍മിക്കാം. എന്റെ സ്വപ്നങ്ങള്‍ക്കും കരച്ചിലും നിന്റെ സ്‌നേഹത്തിന്റെ മധുരവും വേദനയും, എന്റെ ഓരോ അധരം ചിരിക്കാന്‍ പഠിക്കുന്നു. കാരണം നീയാണ് എന്റെ ഹൃദയത്തിന്റെ നിത്യപ്രകാശം…’ എന്ന കുറിപ്പാണ് ചര്‍ച്ചയായത്. സ്വന്തം ജീവിതത്തിലേക്കും മരണത്തിലും വെളിച്ചം വീശുന്നതാണോ, അതോ എഴുത്തുകാരിയെന്ന നിലയ്‌ക്ക് കുറിച്ചതാണോ എന്നതാണ് സുഹൃത് വലയങ്ങള്‍ ആരായുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ധനലക്ഷ്മി എഴുത്തുകാരികൂടിയായിരുന്നു.
അബുദാബി ലൈഫ് കെയര്‍ ആശുപത്രിയിലെ ദന്ത ഡോക്ടറായിരുന്ന ധനലക്ഷ്മി അബുദാബിയിലെ കലാ സാമൂഹിക സാംസ്‌കാരിക, കായിക രംഗത്ത് സജീവമായി ഇടപെട്ടിരുന്നു.