
കൊച്ചി:നെടുമ്പാശേരി മിനികൂപ്പര്‍ അപകടത്തില്‍, കോടതിയില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വേണമെന്ന് ആവശ്യം.അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബം അഡ്വ ജോണ്‍ എസ് റാല്‍ഫിന്റെ പേരാണ് നിര്‍ദേശിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും കത്ത് നല്‍കി.
അതിനിടെ, കേസില്‍ പ്രതിഭാഗം എറണാകുളം സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യ അപേക്ഷ തള്ളിയിരുന്നു.
അതേസമയം, ദേവികയുടെ വയനാട് മടക്കിമലയിലെ വീട്ടില്‍ എത്തിയ പ്രത്യേക അന്വേഷണസംഘം മാതാപിതാക്കളുടെ മൊഴിയെടുത്തു. ദേവികയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അന്വേഷണ സംഘം ചോദിച്ചറിഞ്ഞു. അപകടത്തില്‍ മരിച്ച പാലക്കാട് സ്വദേശി ഗോപികയുടെയും കര്‍ണാടക സ്വദേശി ഇയാസിന്റെയും കുടുംബാംഗങ്ങളുടെ മൊഴി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.
ഒക്ടബോര്‍ 11ന് പുലര്‍ച്ചെ 1.45 ന് ഉണ്ടായ അപകടത്തില്‍ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് മരിച്ചത്. അമിതമായി മദ്യപിച്ച് വാഹനമോടിച്ച 19 കാരനായ സുഹൈല്‍ സജീവിനെതിരെ നെടുമ്പാശേരി പൊലീസ് നരഹത്യ ചുമത്തിയാണ് കേസെടുത്തത്.