കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വിമാനം താഴ്ന്നുപറന്നതിനെ തുടർന്ന് സ്കൂളിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി അപകടം. ഒക്കൽ ശ്രീനാരായണ ഹയർസെക്കൻഡറി സ്കൂളിന്റെ ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയ്ക്കാണ് ഇന്നലെ രാത്രിയോടെ നാശനഷ്ടമുണ്ടായത്. അപകടം നടന്നത് രാത്രി സമയത്തായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
നെടുമ്പാശ്ശേരിയിലേക്ക് ലാൻഡ് ചെയ്യാൻ താഴ്ന്നുപറന്ന വിമാനത്തിന്റെ കാറ്റിലും പ്രകമ്പനത്തിലുമാണ് മേൽക്കൂര തകർന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഏതാനും മാസങ്ങൾക്ക് മുൻപും പ്രദേശത്തെ ഒരു വീടിന്റെ ഓടുകൾ സമാനമായ രീതിയിൽ തകർന്നിരുന്നു. വിമാനങ്ങൾ താഴ്ന്നുപറന്ന് ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് നിരന്തരം പരാതി നൽകിയിട്ടും എയർപോർട്ട് അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആക്ഷേപം.
എന്നാൽ, ഇത്തരം സംഭവങ്ങളിൽ വിമാന കമ്പനികളാണ് പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതെന്നാണ് എയർപോർട്ട് അധികൃതരുടെ വിശദീകരണം. മുൻകാലങ്ങളിൽ സമാനമായ പരാതികൾ ഉയർന്നപ്പോൾ എയർപോർട്ട് അതോറിറ്റി ഇടപെട്ട് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.