
ന്യൂദൽഹി: എസ്.ഐ.ആർ (SIR) നടപടിക്രമങ്ങളിലെ ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടും പ്രതിപക്ഷ സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾ പുതിയ വിവാദത്തിലേക്ക്. പ്രതിഷേധങ്ങളുടെ ലക്ഷ്യം സർക്കാരിനെതിരായ രാഷ്ട്രീയ നീക്കമാണെന്നും നേപ്പാളിലും ബംഗ്ലാദേശിലും ഉണ്ടായതുപോലുള്ള പ്രക്ഷോഭങ്ങൾക്ക് ഇന്ത്യയിലും സാഹചര്യമൊരുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ‘ടൈംസ് നൗ നവഭാരത്’ നടത്തിയ സ്റ്റിംഗ് ഓപ്പറേഷനിൽ വെളിപ്പെട്ടതായി റിപ്പോർട്ട്.
ഒളിക്യാമറയിൽ പകർത്തിയെന്ന് അവകാശപ്പെടുന്ന സംഭാഷണങ്ങളിലാണ് പ്രതിഷേധങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ചും ഭാവി നീക്കങ്ങളെക്കുറിച്ചുമുള്ള പരാമർശങ്ങളുള്ളത്. ദൽഹി സർവകലാശാലയിലെ മുസ്ലീം സ്റ്റുഡന്റ്സ് ഫെഡറേഷൻ (MSF) പ്രസിഡന്റ് സഫ്വാൻ കുടക്കൻ, നേപ്പാളിലും ബംഗ്ലാദേശിലും ഉണ്ടായതുപോലുള്ള സംഭവങ്ങൾ ഇന്ത്യയിലും ആവർത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് രഹസ്യ റിപ്പോർട്ടറോട് പറഞ്ഞതായി ചാനൽ റിപ്പോർട്ട് ചെയ്തു.
ജൂലൈ 20-ന് സമാനമായ സാഹചര്യം വീണ്ടും ഉണ്ടായാൽ നേപ്പാളിലേതുപോലുള്ള സംഭവങ്ങൾ ഇന്ത്യയിലും ഉണ്ടായേക്കാമെന്നായിരുന്നു സഫ്വാന്റെ പ്രതികരണം. ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) സംഘടിപ്പിച്ച ‘സൻസദ് ചലോ’ മാർച്ചിനിടെ അക്രമസംഭവങ്ങൾ ഉണ്ടായതും നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതും സംബന്ധിച്ചും റിപ്പോർട്ടിൽ പരാമർശിക്കുന്നു. നേപ്പാളിലോ ബംഗ്ലാദേശിലോ ഉണ്ടായതുപോലുള്ള സാഹചര്യം നേരിടാൻ തയ്യാറാണോ എന്ന ചോദ്യത്തിന് ‘എന്തെങ്കിലും ചെയ്തേ തീരൂ’ എന്നായിരുന്നു സഫ്വാന്റെ മറുപടിയെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലും നേപ്പാളിലേതുപോലുള്ള പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്ന ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവ് സഞ്ജയ് റാവത്തിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, ജനങ്ങൾ തെരുവിലിറങ്ങുമെന്നായിരുന്നു ജംഇയ്യത്തുൽ ഉലമ-എ-ഹിന്ദിന്റെ മുംബൈ അധ്യക്ഷൻ മൗലാന സിറാജ് ഖാന്റെ പ്രതികരണമെന്ന് ചാനൽ റിപ്പോർട്ട് ചെയ്തു. പ്രതിഷേധങ്ങളുടെ ഭാഗമായി സമുദായങ്ങൾക്കിടയിൽ സംഘർഷമുണ്ടാകാനുള്ള സാധ്യതയെക്കുറിച്ചും അദ്ദേഹം പരാമർശിച്ചതായി റിപ്പോർട്ടിലുണ്ട്. മുസ്ലീം പ്രതിഷേധക്കാരുടെ രോഷം നിയന്ത്രിക്കാൻ സർക്കാരിന് കഴിയില്ലെന്ന തരത്തിലുള്ള പരാമർശങ്ങളും നടത്തിയതായി ചാനൽ അവകാശപ്പെടുന്നു.
ക്രാന്തികാരി യുവ സംഘടൻ (KYS) കൺവീനർ ഭീമിന്റെ സംഭാഷണങ്ങളും സ്റ്റിംഗ് ഓപ്പറേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആം ആദ്മി പാർട്ടിയും സി.ജെ.പിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രതിഷേധ വേദികളിൽ ഒരുക്കിയ സൗകര്യങ്ങൾക്കായി പണം കണ്ടെത്തിയതിനെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
പ്രതിഷേധ വേദികളിൽ ഫാനുകളും കൂളറുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനായി പ്രതിദിനം ഏകദേശം അഞ്ചുലക്ഷം രൂപ ചെലവഴിച്ചിരുന്നതായി ഭീം വെളിപ്പെടുത്തിയെന്നാണ് ചാനലിന്റെ അവകാശവാദം. പ്രതിഷേധത്തിൽ പങ്കെടുത്തവരിൽ വലിയൊരു വിഭാഗം ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കുന്നവരും പാർട്ടിയുമായി ബന്ധമുള്ളവരുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ സുരക്ഷാ ജീവനക്കാരുടെ അകമ്പടിയോടെയാണ് സഞ്ചരിച്ചിരുന്നതായും ഭീം പരാമർശിച്ചതായി ചാനൽ റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശിലും നേപ്പാളിലും നടന്ന ഭരണമാറ്റങ്ങളെ അനുകൂലിച്ചുള്ള പരാമർശങ്ങളും സ്റ്റിംഗ് ഓപ്പറേഷനിലുണ്ട്. കെ.വൈ.എസ് ദേശീയ വക്താവ് മുദിത, ഇന്ത്യയിലും സമാനമായ പ്രക്ഷോഭ മുന്നേറ്റം കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന നിലപാട് പ്രകടിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
നിലവിലെ പ്രതിഷേധങ്ങളുടെ ലക്ഷ്യം സർക്കാരിനെ മാറ്റുകയാണെന്ന് നേഹ ബോറ, പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതായി നേഹ ബോറ പറഞ്ഞിരുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട വീഡിയോയിൽ കൃത്രിമം നടത്തിയെന്നായിരുന്നു പിന്നീട് അവരുടെ വിശദീകരണം.
സ്റ്റിംഗ് ഓപ്പറേഷനിലെ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ വിവാദത്തിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ.