തിരുവനന്തപുരം: കെഎസ്യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് കെപിസിസി വക്താവ് ജിന്റോ ജോണ്‍. വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികള്‍ മാത്രമെന്ന് ജിന്റോ ജോണ്‍ ഫേസ്ബുക്ക് കുറിപ്പിട്ടു.
പട്ടാഭിഷേകം കഴിഞ്ഞാല്‍ വാഗ്ദാനങ്ങള്‍ മറക്കുന്നത് രാജശീലങ്ങള്‍ ആണല്ലോയെന്നാണ് ജിന്റോ ജോണ്‍ പറയുന്നത്. അക്കാദമിക, രാഷ്‌ട്രീയ രംഗങ്ങള്‍ മുതല്‍ മനുഷ്യവിനിമയത്തിന്റെ സകലയിടത്തും പെരുച്ചാഴികളെ കാണാം. അവര്‍ സാഹചര്യങ്ങളുടെ ആനുകൂല്യങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിച്ച് മാനിപ്പുലേറ്റഡ് വിഗ്രഹവത്ക്കരണത്തിലൂടെ അനുദിനം മുന്നേറും.
രാജാവിനേക്കാള്‍ വലിയ രാജഭക്തരും കൊട്ടാരം വിദൂഷകരും പ്രീതി പറ്റാന്‍ വാഴ്‌ത്തുകള്‍ പാടിക്കൊണ്ടേയിരിക്കും. രാജാക്കന്മാര്‍ മാറി വന്നാലും രാജാധികാര രീതികള്‍ തുടര്‍ച്ചയാണ്. അധികാരമൊഴിയുമ്പോള്‍ മാത്രം തിരിച്ചറിവിന്റെ കണ്ണാടി നോക്കുന്നവരുടെ എണ്ണം കൂടുന്ന കാലത്ത് സത്യം പറയാന്‍ കുട്ടികള്‍ വേണം. ചോദ്യങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കണം. ചോദിക്കാന്‍ കുട്ടികളും ഉണ്ടാകുമെന്ന് ജിന്റോ ജോണ്‍ കുറിച്ചു.
ഗവണ്‍മന്റ് പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് കെ എസ് യു മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. യു ഡി എഫ് ഇതര പ്രസ്ഥാനങ്ങളുമായി ബന്ധമുളളവരെ പ്ലീഡറാക്കുന്നുവെന്നും വിമര്‍ശിച്ചു. കെ എസ് യു നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്‌ക്ക് മുഖ്യമന്ത്രി അവസരം നല്‍കുന്നില്ലെന്നും പരാതിയുണ്ട്.എന്നാല്‍ കെ എസ് യുവിനെ തളളിപ്പറയുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.