തിരുവനന്തപുരം : ദേശീയ പണിമുടക്കിന്റെ പേരില്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ഡ് അപ്രഖ്യാപിത ബന്ദ് നടത്താനാണ് ഇടത് തൊഴിലാളി സംഘടനകള്‍ ശ്രമിക്കുന്നതെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്. കേരളത്തില്‍ ഒരു ദിവസം ഹര്‍ത്താല്‍ നടത്തിയാല്‍ 600 മുതല്‍ 1000 കോടി രൂപയുടെ വരെ നഷ്ടമാണ് സംഭവിക്കുന്നത്. കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഈ നഷ്ടം താങ്ങാവുന്നതല്ല. സര്‍ക്കാര്‍ തന്നെ ഇതിന് മുതിരുന്നത് ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യമാണ്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങളെ ഇന്‍ഡി മുന്നണി ശിക്ഷിക്കുകയാണ്.ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യവും തൊഴില്‍ ചെയ്യാനുള്ള സാഹചര്യം സംരക്ഷിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. പാര്‍ലമെന്റില്‍ പല സമിതികളില്‍ ചര്‍ച്ച ചെയ്ത് തൊഴിലാളി സംഘടനാ പ്രതിനിധികളുമായി കൂടിയാലോചിച്ചാണ് ദേശീയ തൊഴില്‍ നിയമം രൂപപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ എന്തിനോടാണ് എതിര്‍പ്പ് എന്നും പറയാതെയാണ് സമരപ്രഖ്യാപനം.
44 തൊഴില്‍ നിയമങ്ങള്‍ ക്രോഡീകരിച്ചുള്ള നിയമഭേദഗതി ചരിത്രപരമായ തീരുമാനമായിരുന്നു. എന്തിനാണ് പണിമുടക്ക് എന്നത് തൊഴിലാളി സംഘടനകള്‍ വിശദീകരിക്കണം. ജോലി ചെയ്യാന്‍ വരുന്നവര്‍ക്ക് ആവശ്യമായ സംരക്ഷണം സര്‍ക്കാര്‍ നല്‍കണം.പണിമുടക്കിലൂടെ ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം തൊഴിലാളി സംഘടനാ നേതാക്കളില്‍ നിന്ന് ഈടാക്കണം- എം ടി രമേശ് പറഞ്ഞു.
സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ജനജീവിതം തടസപ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നും എം. ടി. രമേശ് ആവശ്യപ്പെട്ടു.
പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്ന ഇടതു സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 45 മാസത്തെ കുടിശിക നല്‍കാനുണ്ട് ഏകദേശം 10,000 കോടി രൂപ വരും. ഇതൊന്നും പരിഹരിക്കാതെയാണ് അനാവശ്യമായി പണിമുടക്കിലൂടെ കൂടുതല്‍ പ്രതിസന്ധി രൂക്ഷമാക്കുമെന്നും എം. ടി. രമേശ് കൂട്ടിച്ചേര്‍ത്തു.