
ചെന്നൈ : ക്രിസ്ത്യൻ വിഭാഗങ്ങളെയും മതം മാറിയവരെയും സംവരണ പട്ടികയിൽ ഉൾപ്പെടുത്തിയതിനെതിരായ ഹർജി മദ്രാസ് ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഒബിസി പദവി സ്ഥിരമായ ഒന്നായി കണക്കാക്കാൻ കഴിയില്ലെന്നും, ഏതെങ്കിലും വിഭാഗത്തെ സംവരണ പട്ടികയിൽ ഉൾപ്പെടുത്തിയെങ്കിൽ അതിനുള്ള ന്യായീകരണം സർക്കാർ ബോധിപ്പിക്കണമെന്നും ഹൈക്കോടതിയുടെ മധുര ബെഞ്ച് വ്യക്തമാക്കി.
“ഒരാളുടെ ഒബിസി പദവി എന്നത് മാറ്റമില്ലാത്തതോ ശാശ്വതമായതോ ആയ ഒന്നല്ല. ഒരു വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തുന്നതിനോ നിലനിർത്തുന്നതിനോ വ്യക്തമായ കാരണങ്ങൾ ബോധിപ്പിക്കേണ്ടതുണ്ട്. ചില വിഭാഗങ്ങൾ പതിറ്റാണ്ടുകളായി സംവരണ ആനുകൂല്യങ്ങൾ അനുഭവിച്ചു എന്നതുകൊണ്ട് മാത്രം, അവരെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഭരണഘടനാപരമായി ശരിയായിരുന്നു എന്ന് അർത്ഥമാക്കുന്നില്ല.
അങ്ങനെയല്ലെന്ന് ഞങ്ങൾ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ ഒരു വെല്ലുവിളി ഉയരുമ്പോൾ, ബന്ധപ്പെട്ട വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയതോ നിലനിർത്തിയതോ ഭരണഘടനാപരമായി സാധുതയുള്ളതാണെന്ന് കോടതിക്ക് ബോധ്യപ്പെടുന്ന രീതിയിൽ തെളിയിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്,” എന്ന് ബെഞ്ച് നിരീക്ഷിച്ചു.
മധുര സ്വദേശിയായ ജി. കോടീശ്വരൻ സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ചുകൊണ്ട്, ജസ്റ്റിസുമാരായ ജി.ആർ. സ്വാമിനാഥൻ, എം.ഡി. സുമതി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഈ നിരീക്ഷണങ്ങൾ നടത്തിയത്.
‘തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥരുടെ (സേവന വ്യവസ്ഥകൾ) നിയമം, 2016’-ലെ ഷെഡ്യൂൾ ഒന്നിൽ ചില ക്രിസ്ത്യൻ വിഭാഗങ്ങളെയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരെയും ഉൾപ്പെടുത്തിയതിനെയാണ് ഹർജിക്കാരൻ ചോദ്യം ചെയ്തിരിക്കുന്നത്
ഇവരെ സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളുടെയും ഏറ്റവും പിന്നോക്ക വിഭാഗങ്ങളുടെയും പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. ഇവരെ ഉൾപ്പെടുത്തിയത് ഭരണഘടനയുടെ 14, 15(1), 16 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ പറയുന്നു.