പത്തനംതിട്ട കോന്നിയില്‍ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഹിറ്റാച്ചി പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. രണ്ട് തൊഴിലാളികള്‍ ഹിറ്റാച്ചിക്കകത്ത് കുടുങ്ങിക്കിടക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. തിരുവല്ലയില്‍ നിന്നുള്ള സംഘമാണ് എത്തുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തില്‍ 27 അംഗ സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിച്ചിരിക്കുന്നത്.
അതേസമയം അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ എത്താന്‍ കഴിഞ്ഞിട്ടില്ല. പാറമടയുടെ താഴ്ഭാഗത്തേക്ക് ഇറങ്ങിച്ചെല്ലാന്‍ പറ്റാത്ത സാഹചര്യമാണ്. പ്രദേശത്ത് അപകട സാധ്യതയുണ്ടായിരുന്നതായി അധികൃതരെ അറിയിച്ചിരുന്നതായാണ് നാട്ടുകാര്‍ പറഞ്ഞു.