കൊച്ചി: രാജ്യത്തെ സമുദ്ര മത്സ്യസമ്പത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തിയതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (CMFRI) ഏറ്റവും പുതിയ വാർഷിക കണക്കുകൾ. കഴിഞ്ഞ വർഷം ഇന്ത്യയിലാകെ 35.7 ലക്ഷം ടൺ മത്സ്യമാണ് ലഭിച്ചത്. മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ വളർച്ചയാണിത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മത്തി ലഭ്യതയ്‌ക്കാണ് കേരള തീരം ഇത്തവണ സാക്ഷ്യം വഹിച്ചത്.സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്‌സസ് അസസ്‌മെന്റ്, ഇക്കണോമിക്‌സ് ആന്റ് എക്സ്റ്റൻഷൻ വിഭാഗമാണ് വാർഷിക സമുദ്രമത്സ്യ ലഭ്യത കണക്കാക്കി റിപ്പോർട്ട് തയ്യാറാക്കിയത്.
6.85 ലക്ഷം ടൺ മത്സ്യവുമായി ഉത്പാദനത്തിൽ തമിഴ്‌നാടാണ് രാജ്യത്ത് ഒന്നാം സ്ഥാനത്ത്. മോശം കാലാവസ്ഥയും ട്രോളിംഗ് നിരോധനത്തിന്റെ കാലാവധി നീട്ടിയതും കാരണം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഗുജറാത്ത് ഇത്തവണ രണ്ടാമതായി. രണ്ട് ശതമാനം വളർച്ചയോടെ 6.24 ലക്ഷം ടൺ മത്സ്യവുമായി കേരളം മൂന്നാം സ്ഥാനം നിലനിർത്തി.
കേരളത്തിൽ മത്തിയുടെ ലഭ്യത 13 ശതമാനം കൂടി കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയർന്ന ലഭ്യതയിലെത്തി. 1.68 ലക്ഷം ടണ്ണുമായി സംസ്ഥാനത്ത് ഏറ്റവുമധികം പിടിച്ച മത്സ്യവും മത്തിയാണ്. 2013ന് ശേഷമുള്ള ഏറ്റവും വലിയ ലഭ്യതയാണിത്. കഴിഞ്ഞ വർഷം 1.49 ലക്ഷം ടണ്ണായിരുന്നു. കേരളത്തിലെ ആകെ സമുദ്രമത്സ്യ ലഭ്യത 6.24 ലക്ഷം ടണ്ണാണ്. മത്തിക്ക് പുറമെ, കിളിമീൻ, കണവ-കൂന്തൽ-നീരാളി ഇനങ്ങളുടെ ലഭ്യതയിലും വർധനവുണ്ടായി. എന്നാൽ, തിരിയാൻ, ചെമ്മീൻ, പാമ്പാട എന്നിവ കുറഞ്ഞു.
മത്തി കഴിഞ്ഞാൽ, അയല (62,269 ടൺ), കൊഴുവ (43,917 ടൺ), കിളിമീൻ (43,184 ടൺ), ചെമ്മീൻ (40,443 ടൺ) എന്നിവയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ. കൂടുതൽ മീൻ ലഭിച്ചത് എറണാകുളത്താണ്. ശക്തമായ മഴയും ചരക്കു കപ്പൽ അപകടവും കാരണം മെയ്, ജൂൺ മാസങ്ങളിൽ തെക്കൻ ജില്ലകളിൽ മത്സ്യബന്ധന ദിവസത്തിൽ കുറവുണ്ടായി. സംസ്ഥാനത്ത് എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ മീൻ ലഭിച്ചത്. കൊല്ലം, കോഴിക്കോട് ജില്ലകളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഹാർബറുകളിൽ കൊല്ലം ജില്ലയിലെ നീണ്ടകരയാണ് മുന്നിൽ. എറണാകുളം ജില്ലയിലെ മുനമ്പം രണ്ടാമതാണ്.
സമുദ്രമത്സ്യ മേഖലയിൽ നിന്നുള്ള വരുമാനത്തിലും വർധനയുണ്ടായി. ഇന്ത്യയിലാകെ ലാൻഡിംഗ് സെന്ററുകളിൽ 69,254 കോടി രൂപയും (10.45 ശതമാനം വർധനവ്) ചില്ലറ വിപണിയിൽ 97,702 കോടി രൂപയും (8.43 ശതമാനം വർധനവ്) വിറ്റുവരവുണ്ടായി. കേരളത്തിൽ ലാൻഡിംഗ് സെന്ററുകളിലെ മൂല്യം 12,665 കോടി രൂപയും (17.8% വർധനവ്), ചില്ലറ വിപണിയിലേത് 16,681 (11.1% വർധനവ്) കോടി രൂപയുമാണ്. വിപണന കാര്യക്ഷമതയിൽ കേരളം രാജ്യത്ത് ഒന്നാമതാണ് (72.83 ശതമാനം).