കോഴിക്കോട്: പന്തീരാങ്കാവ് ഇസാഫ് ബാങ്കിന്റെ 40 ലക്ഷം കവർച്ച ചെയ്ത കേസിൽ നിർണായക വഴിതിരിവ്. 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെയാണ് പൊലീസ് പണം കണ്ടെത്തിയത്.
കഴിഞ്ഞ ജൂൺ 11നായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ പന്തീരങ്കാവ് സ്വദേശി ഷിബിൻ ലാലിനെ പൊലീസ് പിടികൂടിയിരുന്നു. ഇയാളിൽ നിന്ന് 50,000 രൂപ മാത്രമായിരുന്നു പൊലീസിന് കണ്ടെടുക്കാൻ സാധിച്ചത്. എന്നാൽ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് 39 ലക്ഷം രൂപ പ്രതിയുടെ വീടിന്റെ അര കിലോമീറ്റർ അകലെനിന്ന് പൊലീസ് കണ്ടെത്തിയത്.
പന്തീരാങ്കാവിൽ ജൂൺ 11ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ഇസാഫ് ബാങ്കിലെ ജീവനക്കാരനായ അരവിന്ദ് എന്നയാളുടെ കയ്യിൽനിന്നു പണം ഉൾപ്പെടുന്ന കറുത്ത നിറത്തിലുള്ള ബാഗാണ് ഷിബിൻ ലാൽ തട്ടിപ്പറിച്ചുകൊണ്ടുപോയത്. പന്തീരാങ്കാവിൽനിന്ന് മാങ്കാവിലേക്കു പോകുന്ന റോഡിൽ അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിനു മുന്നിലായിരുന്നു സംഭവം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച സ്വർണം ഇസാഫ് ബാങ്കിലേക്ക് മാറ്റാമെന്നും അതിനായി 40 ലക്ഷം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജീവനക്കാരിൽ നിന്ന് ഷിബിൻ ലാൽ പണം തട്ടിയെടുത്ത്. അക്ഷയ ഫിനാൻസിയേഴ്സിൽ പണയംവെച്ച സ്വർണം എടുക്കാനാണ് പണം എന്നാണ് ഷിബിൻ ബാങ്ക് ജീവനക്കാരോട് പറഞ്ഞിരുന്നത്.