• Sat. Sep 21st, 2024

24×7 Live News

Apdin News

പയ്യനാട് ഇന്ന് ആര്‍പ്പോ ഓണം; പന്തുകൊണ്ടുള്ള ഉത്രാടപ്പാച്ചില്‍

Byadmin

Sep 14, 2024


മഞ്ചേരി: ഇന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ പന്ത് കൊണ്ടുള്ള ഉത്രാടപ്പാച്ചില്‍ നടത്താന്‍ മലപ്പുറം എഫ്‌സിയും കാലിക്കറ്റ് എഫ്‌സിയും കളത്തിലിറങ്ങും. സൂപ്പര്‍ ലീഗ് കേരളാ മത്സരത്തില്‍ സ്വന്തം മണ്ണില്‍ ആദ്യമായി ഇറങ്ങുന്ന മലപ്പുറം എഫ്‌സി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. സ്വന്തം നാട്ടിലെ ആരാധകര്‍ക്ക് വിഭവ സമൃദ്ധമായി ഗോളുകൊണ്ടൊരു സദ്യ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ് മലപ്പുറം എഫ്‌സി. അറബിക്കടലിന്റെ റാണിയായ കൊച്ചിയില്‍ പോയി ആദ്യജയം സ്വന്തമാക്കിയതിന്റെ ത്രില്ലിലാണ് ഇവര്‍.

കോഴിക്കോട് ചെറിയ മീനല്ല

കാലിക്കറ്റ് എഫ്‌സി ആദ്യ മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍ തിരുവനന്തപുരം കൊമ്പന്‍സുമായി സമനില പാലിച്ചെങ്കിലും ഇന്ന് ജയിക്കാനുറച്ചു തന്നെയാണ് പയ്യനാട് സ്‌റ്റേഡിയത്തില്‍ കളിക്കാനിറങ്ങുന്നത്. ഹെയ്തി രാജ്യാന്തര താരമായിരുന്ന കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടും ഇന്ന് മത്സരം നടക്കുന്ന പയ്യനാട് സ്‌റ്റേഡിയത്തില്‍ വച്ച് കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ജിജോ ജോസഫ് അടക്കമുള്ള വളരെ ശക്തമായ നിര അവര്‍ക്കുണ്ട്. ടീമിലെ ഭാരത താരങ്ങളില്‍ ഒന്‍പതു പേരോളം സന്തോഷ് ട്രോഫി അടക്കമുള്ള ദേശീയ മത്സരങ്ങള്‍ കളിച്ചവരാണെന്നതും കാലിക്കറ്റ് എഫ്സിയുടെ ശക്തി വെളിവാക്കുന്നു. മലബാറിലെ ഏറ്റവും കരുത്തരായ രണ്ടു ടീമുകള്‍ ഇന്ന് പയ്യനാട് സ്റ്റേഡിയത്തില്‍ കൊമ്പു കോര്‍ക്കുമ്പോള്‍ മനോഹരമായ ഫുട്‌ബോള്‍ ആര്‍പ്പോണവിരുന്നുതന്നെയാവും കാണികള്‍ക്ക്.

ഫോളേവേഴ്‌സില്‍ മലപ്പുറം എഫ്‌സി

മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയം ഇന്ന് മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ആരാധകരെ കൊണ്ട് വര്‍ണ്ണപൂക്കളം തന്നെ തീര്‍ക്കുന്ന തരത്തില്‍ അവേശം അലകടലായി തീരും. മലബാറിന്റെ രണ്ട് ശക്തികള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ആവേശം വാനോളമുയരുമെന്ന കാര്യം ഉറപ്പാണ്. ആരാധാകരുടെ ആര്‍പ്പോ ഇര്‍റോ വിളികളാണ് ഇന്‍സ്റ്റഗ്രാമില്‍ മലപ്പുറം എഫ്‌സിക്ക്. രണ്ട് ലക്ഷത്തിനടുത്ത് പേരാണ് മലപ്പുറം എഫ്‌സിയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. സൂപ്പര്‍ ലീഗ് കേരളയില്‍ മത്സരിക്കുന്ന ആറ് ടീമുകളില്‍ കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ളതും മലപ്പുറം എഫ്‌സിക്കാണ്. കാലിക്കറ്റ് എഫ്‌സിയാണ് തൊട്ടു പിന്നില്‍. അറുപത്തയ്യായിരത്തി ലധികം ഫോളോവര്‍മാര്‍ കാലിക്കറ്റ് എഫ്സിക്കുണ്ട്. ആരാധകരുടെ എണ്ണത്തില്‍ മത്സരിക്കുന്ന മലപ്പുറവും കാലിക്കറ്റും പയ്യനാട്ട് പരസ്പരം പോരിനിറങ്ങുമ്പോള്‍ ഗാലറിയില്‍ ആര്‍പ്പോ ഓണമായിരിക്കും രൂപപ്പെടുക.



By admin