• Wed. Jul 1st, 2026

24×7 Live News

Apdin News

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

Byadmin

Jul 1, 2026


കാസര്‍കോട്: പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തില്‍ പതിറ്റാണ്ടുകളായി സജീവമായി സേവനമനുഷ്ഠിക്കുന്ന അങ്കണവാടി ജീവനക്കാരെ അവഗണിക്കുന്ന കേരള സര്‍ക്കാരിന്റെ നടപടിക്കെതിരെ ഭാരതീയ അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് മസ്ദൂര്‍ സംഘം (ബി എം എസ്) പ്രതിഷേധിച്ചു.

1997ല്‍ പള്‍സ് പോളിയോ പദ്ധതി ആരംഭിച്ചതു മുതല്‍ എല്ലാ വര്‍ഷവും പോളിയോ ബൂത്തുകളില്‍ സജീവ സാന്നിധ്യമായിട്ടുള്ളത് അങ്കണവാടി വര്‍ക്കര്‍മാരും ഹെല്‍പ്പര്‍മാരുമാണ്. രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെ പോളിയോ ബൂത്തുകളില്‍ ഇരുന്ന് ഈ ജീവനക്കാര്‍ മാതൃകാപരമായ രീതിയില്‍ ജോലി ചെയ്തുവരുന്നു. അതുകൂടാതെ, യഥാസമയം പോളിയോ തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികളെ കണ്ടെത്തുന്നതിനായി തൊട്ടടുത്ത ദിവസങ്ങളില്‍ വീടുവീടാന്തരം കയറിയിറങ്ങി പോളിയോ വാക്‌സിന്‍ നല്‍കുന്ന കഠിനമായ ജോലിയും അങ്കണവാടി വര്‍ക്കര്‍മാര്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

എന്നാല്‍ ഇത്രയും അധികമായി ചെയ്യുന്ന ഈ ഫീല്‍ഡ് വര്‍ക്കിന് യാതൊരുവിധ പ്രത്യേക പ്രതിഫലവും ഇവര്‍ക്ക് നല്‍കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. ഒരുമിച്ച് ഒരേ സമയം ഒരേ രീതിയില്‍ അധിക ജോലി ഉള്‍പ്പെടെ കഠിനാധ്വാനം ചെയ്യുന്നവരില്‍ ഒരു വിഭാഗത്തിന് മാത്രം ആനുകൂല്യങ്ങള്‍ നല്‍കുകയും, ഒരു രൂപ പോലും പ്രത്യേക പ്രതിഫലം നല്‍കാതെ പദ്ധതിയുടെ നട്ടെല്ലായ അങ്കണവാടി ജീവനക്കാരെ വിവേചനത്തോടെ മാറ്റിനിര്‍ത്തുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്.

കഴിഞ്ഞ ദിവസം ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രമായി ഇന്‍സെന്റീവ് അനുവദിക്കുകയും അതേ ബൂത്തുകളിലും ഫീല്‍ഡിലും ഒരേസമയം തുല്യ ജോലി ചെയ്യുകയും അധികമായി ഹൗസ് വിസിറ്റ് നടത്തുകയും ചെയ്യുന്ന അങ്കണവാടി ജീവനക്കാരെ പൂര്‍ണ്ണമായി കണ്ടില്ലെന്ന് നടിക്കുകയും ചെയ്ത സര്‍ക്കാര്‍ നിലപാട് വിവേചനപരമാണ്.

ഇത് വര്‍ഷങ്ങളായി ഈ മേഖലയില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരെ അവഹേളിക്കുന്നതിന് തുല്യമാണ്. ജീവനക്കാരോട് കാണിക്കുന്ന കടുത്ത അവഗണനയ്‌ക്കും വിവേചനത്തിനുമെതിരെ കേരള ഗവണ്‍മെന്റ് അടിയന്തരമായി ഇടപെടണമെന്നും, അര്‍ഹമായ ഇന്‍സെന്റീവ് അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ലഭ്യമാക്കണമെന്നും ഭാരതീയ അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍പ്പേഴ്‌സ് മസ്ദൂര്‍ സംഘം (ബി എം എസ്) കാസര്‍കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന അറിയിച്ചു.

യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് ശോഭ ബല്‍രാജ് നയിക്കാപ്പ്, ബി എംഎസ് ജില്ലാ സെക്രട്ടറി കെ.വി.ബാബു, യൂണിയന്‍ ജില്ലാ പ്രസിഡന്റ് ശോഭ നായ്‌ക്ക്, സെക്രട്ടറി ദേവകി ടീച്ചര്‍ മധൂര്‍, വി.വി.ബാലകൃഷ്ണന്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് കെ. ഉപേന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.



By admin