ന്യൂഡല്‍ഹി: പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ കാലപ്പഴക്കം ചെന്ന കാറുകള്‍ക്ക് ഇന്ധനം നല്‍കാതിരിക്കുക എന്ന തീരുമാനം നടപ്പാക്കുന്നതില്‍ നിന്നും ഡല്‍ഹി സര്‍ക്കാര്‍ പിന്നോട്ട്. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തീരുമാനം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നത്. കമ്മീഷന്‍ ഓഫ് എയര്‍ ക്വാളിറ്റി മാനേജ്‌മെന്റിനെ ഡല്‍ഹി സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചു. സാങ്കേതിക പ്രശ്‌നങ്ങളും സങ്കീര്‍ണമായ നടപടികളും തീരുമാനം നടപ്പാക്കുന്നതിനെ ബാധിക്കുമെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ വിശദീകരണം.
വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കേണ്ടതില്ലെന്ന തീരുമാനം ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിങ് സിര്‍സയും വ്യക്തമാക്കി. നീക്കത്തിനെതിരെ ജനങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടെന്നും സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു എന്നും വ്യക്തമാക്കിയാണ് മന്ത്രി നിലപാട് അറിയിച്ചത്.