• Wed. Sep 23rd, 2026

24×7 Live News

Apdin News

പഴയ വോട്ടര്‍ പട്ടിക ഉപയോഗിച്ച് ബംഗാളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം, ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണം:മമത ബാനര്‍ജി

Byadmin

Sep 23, 2026


വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (Special Intensive Revision – SIR) നടപടികളിൽ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ എതിർപ്പ് പ്രകടിപ്പിച്ചെന്ന മാധ്യമ റിപ്പോർട്ടിന് പിന്നാലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. SIR നടപടികൾക്ക് മുമ്പുള്ള പഴയ വോട്ടർ പട്ടിക ഉപയോഗിച്ച് പശ്ചിമ ബംഗാളിൽ പുതിയ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്ന് അവർ ആവശ്യപ്പെട്ടു.

കൂടാതെ, ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു മമതയുടെ പ്രതികരണം. ഗ്യാനേഷ് കുമാർ ചീഫ് ഇലക്ഷൻ കമ്മീഷണർ സ്ഥാനത്ത് തുടരുന്നിടത്തോളം കാലം രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

ബി.ജെ.പിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്ന് അവർ ആരോപിച്ചു. ഗ്യാനേഷ് കുമാറിനെ ഉടനടി അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും സി.ഇ.സി പദവിയിൽ ഇരിക്കാൻ അദ്ദേഹത്തിന് യാതൊരു ധാർമ്മിക അവകാശവുമില്ലെന്നും മമത കൂട്ടിച്ചേർത്തു. വിഷയത്തിൽ ഇന്ത്യ (INDIA) സഖ്യത്തിലെ നേതാക്കൾ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ യോഗം ചേരുമെന്നും അവർ വ്യക്തമാക്കി.

അതേസമയം, ബി.ജെ.പിയെ സഹായിക്കാനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാളിലെ വോട്ടർ പട്ടികയിൽ നിന്ന് 30 ലക്ഷത്തോളം വോട്ടർമാരുടെ പേരുകൾ ആസൂത്രിതമായി നീക്കം ചെയ്തുവെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനർജി ആരോപിച്ചു. ഹരിയാനയിലും ബിഹാറിലും സമാനമായ രീതിയിൽ വോട്ടർ പട്ടികയിൽ തിരിമറി നടന്നിട്ടുണ്ടെന്ന് ആരോപിച്ച അദ്ദേഹം ഗ്യാനേഷ് കുമാറിന്റെ അടിയന്തര അറസ്റ്റ് ആവശ്യപ്പെട്ടു.

തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾ തന്നെയാണ് ഇപ്പോൾ മറ്റു തിരഞ്ഞെടുപ്പ് കമ്മീഷണർമാരും ശരിവെച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.എന്നാൽ, ഈ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. നിർദ്ദേശങ്ങളുടെയും കരട് തീരുമാനങ്ങളുടെയും ഘട്ടത്തിൽ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും ഉന്നയിച്ച സംശയങ്ങളും അഭിപ്രായങ്ങളും വോട്ടർമാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള സ്വാഭാവിക ഭരണനിർവ്വഹണ നടപടിക്രമങ്ങളുടെ ഭാഗം മാത്രമായിരുന്നുവെന്ന് കമ്മീഷൻ വ്യക്തമാക്കി. വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും മൂന്ന് കമ്മീഷണർമാരുടെയും അനുമതിയോടെ ഏകകണ്ഠമായാണ് എടുത്തതെന്നും കമ്മീഷൻ അറിയിച്ചു.







By admin