• Wed. Jul 8th, 2026

24×7 Live News

Apdin News

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Byadmin

Jul 8, 2026


ന്താരാഷ്‌ട്ര ബന്ധങ്ങളുടെ ചരിത്രത്തില്‍ ചില കരാറുകള്‍ വ്യാപാരത്തിന്റെ പരിധികള്‍ക്കപ്പുറം പുതിയ ഭൗമരാഷ്‌ട്രീയ യാഥാര്‍ഥ്യങ്ങള്‍ക്ക് രൂപം നല്‍കാറുണ്ട്. 2026 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്ന ഭാരതം-ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (Comprehensive Economic Partnership Agreement – CEPA) അത്തരമൊരു കരാറാണ്. ആദ്യനോട്ടത്തില്‍ ഇത് തീരുവ കുറയ്‌ക്കുകയും വ്യാപാരം വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഒരു സാമ്പത്തിക കരാറായി തോന്നാം. എന്നാല്‍ ആഴത്തില്‍ പരിശോധിക്കുമ്പോള്‍, പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ തന്ത്രപരമായ സാന്നിധ്യം ശക്തിപ്പെടുത്തുന്ന സുപ്രധാന നയതന്ത്ര നീക്കമാണിത്.

ഒരു കാലത്ത് ഗള്‍ഫ് രാജ്യങ്ങളുമായുള്ള ഭാരതത്തിന്റെ ബന്ധം പ്രധാനമായും രണ്ട് തൂണുകളിലായിരുന്നു-ഊര്‍ജസുരക്ഷയും പ്രവാസി ഭാരതീയ സമൂഹവും. ഗള്‍ഫില്‍നിന്ന് എണ്ണയും വാതകവും ലഭിച്ചു; ലക്ഷക്കണക്കിന് ഭാരതീയര്‍ അവിടെ തൊഴില്‍ കണ്ടെത്തി രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ നിര്‍ണായക സംഭാവന നല്‍കി. എന്നാല്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഈ ബന്ധം അടിസ്ഥാനപരമായി മാറി. ഇന്ന് ഗള്‍ഫ് മേഖല വെറും ഊര്‍ജവിതരണ കേന്ദ്രമല്ല; ആഗോള നിക്ഷേപം, നിര്‍മാണം, ലോജിസ്റ്റിക്സ്, സാങ്കേതികവിദ്യ, സമുദ്രവ്യാപാരം, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ എന്നിവയുടെ കേന്ദ്രമായി ഉയര്‍ന്നിരിക്കുകയാണ്. ഈ മാറ്റം കൃത്യമായി തിരിച്ചറിഞ്ഞാണ് ഭാരതം തന്റെ പശ്ചിമേഷ്യാ നയത്തിന് പുതിയ ദിശ നല്‍കിയിരിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് ഭാരതം-ഒമാന്‍ സി.ഇ.പി.എയെ വിലയിരുത്തേണ്ടത്. കരാറിന്റെ ഏറ്റവും വലിയ നേട്ടം ഭാരതത്തില്‍നിന്ന് ഒമാനിലേക്കുള്ള കയറ്റുമതിയിലെ 99.38 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും തീരുവയില്ലാത്ത പ്രവേശനം ലഭിക്കുന്നതാണ്. ഫാര്‍മസ്യൂട്ടിക്കല്‍സ്, വസ്ത്രവ്യവസായം, എന്‍ജിനീയറിങ് ഉല്‍പ്പന്നങ്ങള്‍, രാസവസ്തുക്കള്‍, ഭക്ഷ്യസംസ്‌കരണം, സമുദ്രോല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകള്‍ക്ക് ഇതിലൂടെ വന്‍ അവസരങ്ങളാണ് തുറക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള തീരദേശ സംസ്ഥാനങ്ങളിലെ സമുദ്രോല്‍പ്പന്ന കയറ്റുമതിക്കാര്‍ക്കും ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കും ഈ കരാര്‍ പുതിയ വളര്‍ച്ചാമേഖലകള്‍ സൃഷ്ടിക്കും.

എന്നാല്‍ ഈ കരാറിന്റെ യഥാര്‍ത്ഥ ശക്തി വ്യാപാരക്കണക്കുകളില്‍ ഒതുങ്ങുന്നില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതം സ്വീകരിച്ച വിദേശനയത്തിന്റെ കേന്ദ്ര ആശയം സാമ്പത്തിക നയതന്ത്രം എന്നതാണ്. രാഷ്‌ട്രീയബന്ധങ്ങളെ സാമ്പത്തിക പങ്കാളിത്തവുമായി ബന്ധിപ്പിക്കുകയും സാമ്പത്തിക സഹകരണത്തെ തന്ത്രപരമായ സ്വാധീനമാക്കി മാറ്റുകയും ചെയ്യുന്ന സമീപനമാണ് മോദി സര്‍ക്കാര്‍ പിന്തുടരുന്നത്.

2014 നുശേഷം ഭാരതത്തിന്റെ വിദേശനയത്തില്‍ പ്രകടമായ മാറ്റം, പരമ്പരാഗത ‘എണ്ണയും പ്രവാസികളും’ എന്ന സമീപനത്തില്‍നിന്ന് ‘വ്യാപാരവും നിക്ഷേപവും സാങ്കേതികവിദ്യയും കണക്റ്റിവിറ്റിയും’ എന്ന സമഗ്ര പങ്കാളിത്തത്തിലേക്കുള്ള മാറ്റമാണ്. ‘Neighbourhood First’, ‘Act East’, ‘Think West’, ‘SAGAR (Securtiy and Growth for All in the Region)’, ‘Global South’ എന്നീ നയപരമായ ആശയങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് ഈ പുതിയ സമീപനം രൂപപ്പെട്ടത്.

അതില്‍ ‘Think West’ നയത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഒരുകാലത്ത് ഭാരതത്തിന്റെ പശ്ചിമേഷ്യാ നയം പ്രധാനമായും ഊര്‍ജസുരക്ഷയെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാല്‍ ഇന്ന് പശ്ചിമേഷ്യയെ ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ചയുടെ പങ്കാളിയായും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ സുരക്ഷയുടെ നിര്‍ണായക ഘടകമായും കാണുകയാണ്. യുഎഇയുമായുള്ള സിഇപിഎ, സൗദി അറേബ്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം, ഖത്തറുമായുള്ള ഊര്‍ജനിക്ഷേപ സഹകരണം, ഇസ്രായേലുമായുള്ള സാങ്കേതിക സഹകരണം എന്നിവയുടെ തുടര്‍ച്ചയാണ് ഒമാനുമായുള്ള പുതിയ കരാര്‍.

ഒമാന്റെ പ്രാധാന്യം അതിന്റെ ആഭ്യന്തര വിപണിയുടെ വലിപ്പത്തില്‍ മാത്രമല്ല. അറബിക്കടലിലേക്കുള്ള കവാടമായ ഒമാന്‍, ഹോര്‍മുസ് കടലിടുക്കിന് പുറത്തുള്ള ഡുഖം, സൊഹാര്‍, സലാല എന്നീ തുറമുഖങ്ങളിലൂടെ ഗള്‍ഫ്, കിഴക്കന്‍ ആഫ്രിക്ക, ചെങ്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവയെ ബന്ധിപ്പിക്കുന്ന നിര്‍ണായക സമുദ്രപാതകളുടെ കേന്ദ്രമാണ്. പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുകയും ഹോര്‍മുസ് കടലിടുക്കിലും ചെങ്കടലിലും കപ്പല്‍ഗതാഗതം സുരക്ഷാഭീഷണി നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഒമാനുമായുള്ള അടുത്ത സാമ്പത്തിക ബന്ധം ഭാരതത്തിന് ബദല്‍ വ്യാപാര ലോജിസ്റ്റിക് സാധ്യതകള്‍ ഒരുക്കുന്നു.

ഇത് വെറും വ്യാപാരസൗകര്യം മാത്രമല്ല; വിതരണശൃംഖലകളുടെ സുരക്ഷ, സമുദ്രഗതാഗതത്തിന്റെ സ്ഥിരത, ഊര്‍ജവിതരണത്തിന്റെ വിശ്വാസ്യത എന്നിവ ഉറപ്പാക്കുന്ന തന്ത്രപരമായ നിക്ഷേപമാണ്. ആഗോള വ്യാപാരത്തില്‍ ചൈനയുടെ അമിത സ്വാധീനവും ‘Belt and Road Initiative’ വഴിയുള്ള തുറമുഖ ശൃംഖലയും പശ്ചാത്തലമാകുമ്പോള്‍, പശ്ചിമേഷ്യയിലും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും സ്വന്തം സാമ്പത്തിക സാന്നിധ്യം ശക്തിപ്പെടുത്തേണ്ടത് ഭാരതത്തിന് അനിവാര്യമാണ്.

ഒരു ശക്തികേന്ദ്രത്തോടും പൂര്‍ണമായ ആശ്രിതത്വം പുലര്‍ത്താതെ, എല്ലാവരുമായും ദേശീയ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി സഹകരിക്കുന്ന നയമാണ് ഭാരതം സ്വീകരിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ യുഎസ്, യൂറോപ്പ്, റഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍, ഇസ്രായേല്‍, ഇറാന്‍ തുടങ്ങിയവരുമായുള്ള ബന്ധങ്ങള്‍ ഒരേസമയം വികസിപ്പിക്കാന്‍ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ട്. ഒമാന്‍ സി.ഇ.പി.എ ആ സമതുലിത നയതന്ത്രത്തിന്റെ മറ്റൊരു ഉദാഹരണമാണ്.

മറ്റൊരു പ്രധാന വശം മനുഷ്യവിഭവശേഷിയാണ്. ലക്ഷക്കണക്കിന് ഭാരതീയര്‍ ഒമാനില്‍ ജീവിക്കുകയും തൊഴില്‍ എടുക്കുകയും ചെയ്യുന്നു. ആരോഗ്യരംഗം, വിവരസാങ്കേതികവിദ്യ, വിദ്യാഭ്യാസം, ധനകാര്യ സേവനങ്ങള്‍, എന്‍ജിനീയറിങ് തുടങ്ങിയ മേഖലകളില്‍ ഭാരതീയ പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസ്ഥകള്‍ ഈ കരാറിലുണ്ട്. ആധുനിക വ്യാപാര കരാറുകള്‍ ചരക്കുകളുടെ കൈമാറ്റത്തില്‍ മാത്രം ഒതുങ്ങുന്നില്ല; സേവനമേഖല, അറിവ്, സാങ്കേതികവിദ്യ, നൈപുണ്യം എന്നിവയുടെ ഒഴുക്കിനും വഴിയൊരുക്കുന്നു. ആ നിലയില്‍ സി.ഇ.പി.എ ഭാരതത്തിന്റെ മനുഷ്യവിഭവശേഷിയെ ആഗോള സമ്പദ്വ്യവസ്ഥയുമായി കൂടുതല്‍ ആഴത്തില്‍ ബന്ധിപ്പിക്കുന്നു.

ഈ കരാറിന് മറ്റൊരു വലിയ പശ്ചാത്തലവുമുണ്ട്. പശ്ചിമേഷ്യയിലെ രാജ്യങ്ങള്‍ ഇന്ന് എണ്ണയെ ആശ്രയിച്ചിരുന്ന സമ്പദ്വ്യവസ്ഥയില്‍നിന്ന് നിര്‍മ്മാണം, ലോജിസ്റ്റിക്സ്, കൃത്രിമബുദ്ധി, ഹരിതോര്‍ജം, ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയിലേക്ക് അതിവേഗം മാറുകയാണ്. സൗദി അറേബ്യയുടെ വിഷന്‍ 2030, യു.എ.ഇ.യുടെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ നയങ്ങള്‍, ഒമാന്റെ വിഷന്‍ 2040 തുടങ്ങിയ പദ്ധതികള്‍ ഈ മേഖലയുടെ സാമ്പത്തിക ഭൂപടം തന്നെ മാറ്റുകയാണ്. ഈ പരിവര്‍ത്തനത്തിന്റെ പങ്കാളിയാകുക എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യം. അതുകൊണ്ടാണ് വ്യാപാരകരാറുകളും നിക്ഷേപ സഹകരണവും കണക്റ്റിവിറ്റി പദ്ധതികളും ഇന്ന് ഭാരതത്തിന്റെ വിദേശനയത്തിന്റെ പ്രധാന ഉപകരണങ്ങളായി മാറിയിരിക്കുന്നത്.

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തവണ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും അവിടുത്തെ ഭരണാധികാരികളുമായി വ്യക്തിപരമായ വിശ്വാസബന്ധം വളര്‍ത്തുകയും ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായാണ് നിക്ഷേപം, പ്രതിരോധം, ഭീകരവിരുദ്ധ സഹകരണം, ഫിന്‍ടെക്, ഡിജിറ്റല്‍ പേയ്‌മെന്റ്, ബഹിരാകാശം, നവീന ഊര്‍ജം എന്നിവ ഉള്‍പ്പെടെയുള്ള മേഖലകളില്‍ പുതിയ പങ്കാളിത്തങ്ങള്‍ രൂപപ്പെട്ടത്. ഒരുകാലത്ത് വിദേശനാണ്യത്തിന്റെയും എണ്ണയുടെയും ഉറവിടമായി മാത്രം കണക്കാക്കിയിരുന്ന ഗള്‍ഫ് മേഖല ഇന്ന് ഭാരതത്തിന്റെ വളര്‍ച്ചാപങ്കാളിയായി മാറിയിരിക്കുന്നു.

അന്താരാഷ്‌ട്ര രാഷ്‌ട്രീയത്തില്‍ സാമ്പത്തിക ശക്തിയാണ് ഇന്ന് നയതന്ത്രത്തിന്റെ ഏറ്റവും വലിയ ആയുധം. സ്വതന്ത്ര വ്യാപാരകരാറുകള്‍, വിതരണശൃംഖലകള്‍, തുറമുഖ വികസനം, നിക്ഷേപ ഇടനാഴികള്‍, ഡിജിറ്റല്‍ കണക്റ്റിവിറ്റി എന്നിവയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്വാധീനത്തിന്റെ പുതിയ മാനദണ്ഡങ്ങള്‍. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് ഭാരതം സാമ്പത്തിക നയതന്ത്രത്തെ തന്റെ വിദേശനയത്തിന്റെ കേന്ദ്രസ്ഥാനത്തേക്ക് ഉയര്‍ത്തിയിരിക്കുന്നത്.

ഇത് ഒമാനിലേക്കുള്ള കയറ്റുമതി വര്‍ധിപ്പിക്കുന്ന കരാര്‍ മാത്രമല്ല. ആഗോള സാമ്പത്തിക ശക്തിയായി ഉയരുന്ന ഭാരതത്തിന്റെ ആത്മവിശ്വാസത്തിന്റെയും, സാമ്പത്തിക വളര്‍ച്ചയെ ഭൗമരാഷ്‌ട്രീയ സ്വാധീനമാക്കി മാറ്റുന്ന പുതിയ വിദേശനയത്തിന്റെയും വ്യക്തമായ പ്രഖ്യാപനമാണ്. എണ്ണ വാങ്ങാന്‍ മാത്രം പശ്ചിമേഷ്യയിലേക്ക് പോകുന്ന രാജ്യമെന്ന നിലയില്‍നിന്ന്, ആ മേഖലയിലെ സാമ്പത്തിക ഭാവി രൂപപ്പെടുത്തുന്ന പങ്കാളിയായി ഭാരതം മാറിക്കൊണ്ടിരിക്കുകയാണെന്ന സന്ദേശമാണ് ഈ കരാര്‍ ലോകത്തിന് നല്‍കുന്നത്.



By admin