ന്യൂദല്‍ഹി: പഹല്‍ ഗാം ഭീകരര്‍ പരസ്പരം ബന്ധപ്പെടാനും പാകിസ്ഥാനിലെ ഐഎസ് ഐ ഉദ്യോഗസ്ഥരുമായും ബന്ധപ്പെടാനും ഉപയോഗിച്ചത് ചൈനയുടെ വാര്‍ത്താവിനിമയ സംവിധാനം. ഇത് ഒരു ചൈനീസ് നിര്‍മ്മിത ഉപഗ്രഹ ഫോണ്‍ (സാറ്റലൈറ്റ് ഫോണ്‍) ആണ്.
കഴിഞ്ഞ ദിവസം അര്‍ധരാത്രി രണ്ട് മണിക്കാണ് ഇവരുടെ വയര്‍ലെസ് വാര്‍ത്താവിനിമയ സംവിധാനം പ്രവര്‍ത്തിച്ച് തുടങ്ങിയത്. ടി82 അള്‍ട്രാ സെറ്റ് എന്നത് ചൈന നിര്‍മ്മിച്ച ഉപഗ്രഹ ഫോണ്‍ ആണ്. ഇതാണ് തീവ്രവാദികള്‍ ഉപയോഗിച്ചിരുന്നത്.
ഇന്ത്യയുടെ സെന്‍സറുകള്‍ ഇവരെ നിരീക്ഷിച്ചുവരുന്നതിനാല്‍ ഇവരുടെ ഉപഗ്രഹ ഫോണ്‍ പ്രവര്‍ത്തനക്ഷമമായതോടെ ഇവരുടെ ഒളികേന്ദ്രം ഇന്ത്യന്‍ സേന തിരിച്ചറിഞ്ഞു. രാവിലെ എട്ട് മണിക്ക് ഇന്ത്യയുടെ ഡ്രോണുകള്‍ പറന്നു. അവ ഈ മൂന്ന് പഹല്‍ഗാം ഭീകരരുടെയും ലൈവായ വീഡിയോ ചിത്രങ്ങള്‍ ആകാശത്ത് നിന്നും പകര്‍ത്തി.
ഏകദേശം ഒമ്പതര മണിയോടെ ഇവര്‍ ഒളിച്ചിരിക്കുന്ന പ്രദേശം രാഷ്‌ട്രീയ റൈഫില്‍ വളയാന്‍ ആരംഭിച്ചു. ജമ്മു കശ്മീരിലെ ലിഡ് വാസ് ദാരാ മേഖലയിലായിരുന്നു സേനയുടെ ഈ ദൗത്യം. പത്ത് മണിയോടെ ഒരു പാരാ കമാന്‍റോ സംഘം മഹാദേവ് കുന്ന് കയറി. ഇവിടെയായിരുന്നു തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നത് എന്നതിനാലാണ് ഇവരെ പിടികൂടാനുള്ള ദൗത്യത്തിന് ഓപ്പറേഷന്‍ മഹാദേവ് എന്ന് പേരിട്ടത്. ഡചിഗാം നാഷണല്‍ പാര്‍ക്കിന്റെയും ദാരാ മേഖലയുടെയും വനപ്രദേശത്താണ് ഇവര്‍ ഒളിച്ചുകഴിയുന്നത്. ശ്രീനഗറില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ പ്രദേശം. കശ്മീരിലെ മഹാദേവ് കുന്നിനെ ചുറ്റിക്കിടക്കുന്ന ദുര്‍ഘടമായ ഭൂപ്രദേശമാണ് ഇത്. ശിവനെ ദര്‍ശിക്കാന്‍ കശ്മീര്‍ പണ്ഡിറ്റുകള്‍ വര്‍ഷത്തിലൊരിയ്‌ക്കല്‍ തീര്‍ത്ഥാടനത്തിന് പോകുന്നതാണ് മഹാദേവ് കുന്നുകള്‍. ഹിന്ദുപുരാണങ്ങളില്‍ മഹാദേവ് മലകളെക്കുറിച്ച് പരാമര്‍ശമുണ്ട്.
പത്തരയോടെ കമാന്‍ഡോകള്‍ ഈ തീവ്രവാദികളെ ഒന്നുകൂടി വ്യക്തമായി തിരിച്ചറിയല്‍ നടത്തി. 11 മണിയോടെ ആദ്യഭീകരന് വെടിയേറ്റു. വെടിയേറ്റ ഒരു ഭീകരരന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതോടെ വകവരുത്തി. 12.30ഓടെ രണ്ട് കിലോമീറ്റര്‍ പ്രദേശത്ത് ഒന്നുകൂടി തിരച്ചില്‍ ശക്തമാക്കി. 12.45ന് ഈ ഭീകരരുടെ ഫോട്ടോയും അവരുടെ ഐഡി കാര്‍ഡുകളുടെ ഫോട്ടോയും എടുത്തു. പാകിസ്ഥാന്‍ നിര്‍മ്മിത ചോക്കലേറ്റുകളും ഈ ഭീകരരുടെ പാക് ഐഡി കാര്‍ഡുകളും കണ്ടെടുത്തിരുന്നു. സുലൈമാന്‍ ഷാ എന്ന മുസ ഫൗജി എന്ന പഹല്‍ഗാം ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ച ലഷ്കര്‍ ഇ ത്വയിബ നേതാവും വെടിയേറ്റ് മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
എന്തിനും ഏതിനും തെളിവ് ചോദിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഒരു നല്ല പ്രതിപക്ഷമാണ് ഇന്ത്യയിലുള്ളതെന്നതിനാലാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. അതല്ലെങ്കില്‍ പഹല്‍ഗാം ഭീകരരെ വധിച്ചതിന് തെളിവുണ്ടോ എന്നായിരിക്കും നാളെ രാഹുല്‍ ഗാന്ധിയും ചിദംബരവും ചോദിച്ചേക്കാം.