
കശ്മീരിലെ പഹല്‍ഗാമില്‍ ഇസ്ലാമിക ഭീകരവാദികള്‍ നടത്തിയ കൂട്ടക്കുരുതിയുടെ ഓര്‍മയ്‌ക്ക് ഇന്ന് ഒരു വര്‍ഷം. ഹിന്ദു വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് ഇസ്ലാമിക ഭീകരര്‍ നടത്തിയ അതിക്രൂരമായ ആക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. അവരിലെ ഏക മലയാളിയായിരുന്നു, കൊച്ചി ഇടപ്പള്ളിയില്‍ മങ്ങാട്ട് നീരഞ്്ജനത്തില്‍ രാമചന്ദ്രന്‍(65). കശ്മീര്‍ സ്വദേശിയായ ഒരാളും ക്രിസ്ത്യാനിയായ ഒരു സഞ്ചാരിയും ഒഴികെ എല്ലാവരും ഹിന്ദു നാമധാരികളായിരുന്നു.
ഹിന്ദുവനിതകളുടെ നെറ്റിയിലെ സിന്ദൂരക്കുറി മായ്ച്ച ആക്രമണത്തിന് തിരിച്ചടിയായി ഭാരതം നടത്തിയ ഓപ്പറേഷനില്‍ പാക്കിസ്ഥാനിലെ ഭീകരത്താവളങ്ങള്‍ പൂര്‍ണമായും തകര്‍ത്തിരുന്നു. വനിതകളുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ നടത്തിയ ആ തിരിച്ചടി, ഭാരത വനിതകളുടെ മാനം കാക്കാനുള്ള രാഷ്‌ട്രത്തിന്റെ ദൃഢ പ്രതിജ്ഞയുടെ ഭാഗമായിരുന്നു.
2025 ഏപ്രില്‍ 22നാണ് ഇസ്ലാമിക ഭീകരവാദികളായ 3 പേര്‍ വിനോദസഞ്ചാരികളായ 26 പേരെ വെടിവച്ചു കൊന്നത്. കുടുംബത്തോടൊപ്പം വിനോദയാത്ര പോയ രാമചന്ദ്രന്‍ വെടിയേറ്റു വീണത് മകള്‍ ആരതിയുടെയും പേരക്കുട്ടികളുടെയും മുന്നില്‍ വച്ചായിരുന്നു. ഭാര്യ ഷീല ഈ സമയം കാറില്‍ ഇരിക്കുകയായിരുന്നു. ആഘോഷത്തോടെ ഒന്നിച്ചുപോയ രാമചന്ദ്രന്റെ കുടുംബത്തിന് പഹല്‍ഗാമിലെ ആഘാതം താങ്ങാവുന്നതിനും അപ്പുറമായിരുന്നു. സങ്കടക്കടലില്‍ നിന്ന് മോചനം നേടാനുള്ള പരിശ്രമത്തിലാണ് കുടുംബാംഗങ്ങള്‍ എല്ലാവരും. ബന്ധുജനങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ പരിചയമുള്ളവരും അല്ലാത്തവരും അടങ്ങുന്ന വലിയൊരു വലയം ആശ്വാസ വാക്കുകളുമായി കുടുംബത്തോടൊപ്പം ഇന്നും നില്‍ക്കുന്നു.
അപ്പൂപ്പന്റെ മരണത്തിന്റെ ആഘാതം കുട്ടികളുടെ മനസില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല. പടക്കം പൊട്ടുമ്പോഴും തോക്ക് കാണുമ്പോഴും കുഞ്ഞുമനസുകള്‍ ഇന്നും നടുങ്ങുകയാണ്. തലമുറകളില്‍ ഭയം നിറച്ച് ഇല്ലാതാക്കുക എന്ന ഭീകര വാദികളുടെ ലക്ഷ്യത്തെ മറികടക്കാനുള്ള പരിശീലനത്തിലാണ് ആരതിയുടെ ഇരട്ട കുട്ടികള്‍. അച്ഛന്‍ കണ്‍മുന്നില്‍ വെടിയേറ്റ് വീണപ്പോഴും ധൈര്യത്തോടെ പിടിച്ചു നിന്നതിനെ തുടര്‍ന്നാണ് കുട്ടികളെ ഭീകരരില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞത്. യുഎഇയില്‍ ജോലി ചെയ്തിരുന്ന ആരതി ഇപ്പോള്‍ അമ്മയ്‌ക്കും മക്കള്‍ക്കുമൊപ്പം ഇടപ്പള്ളിയിലെ വീട്ടില്‍ നില്‍ക്കുകയാണ്. തന്റെ അച്ഛന്‍ മരണത്തെ ധീരതയോടെ നേരിടുകയും രാജ്യത്തിന് വേണ്ടി രക്ത സാക്ഷിയാവുകയും ചെയ്തതില്‍, മരണത്തില്‍ വേദനയും ദുഃഖവും ഉണ്ടെങ്കിലും അഭിമാനിക്കുന്നുവെന്ന് ആരതി ആര്‍. മേനോന്‍ പറഞ്ഞു.
ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ രാമചന്ദ്രന്റെ കുടുംബത്തെ വിശിഷ്ടാതിഥികളായി വിളിച്ച് ആദരിച്ചിരുന്നു. കളിക്കൂട്ടുകാരനും അമ്മാവന്റെ മകനുമായ രാമചന്ദ്രന്റെ മരണത്തെ തുടര്‍ന്ന് ഭീകരതയ്‌ക്ക് എതിരെയുള്ള പോരാട്ടത്തില്‍ സമാന ചിന്താഗതിയുള്ളവരെ ഒന്നിച്ചു ചേര്‍ത്ത് സജീവ ഇടപെടലുകള്‍ നടത്തുകയാണ് റിട്ട. ഡിഎഫ്ഒ ആയ ഡോ. എന്‍.സി. ഇന്ദുചൂഡന്‍. രാമചന്ദ്രന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും വേണ്ട കാര്യങ്ങള്‍ ചെയ്യാനും അദ്ദേഹം എപ്പോഴും കൂടെ നില്‍ക്കുന്നു.
ഒരുമിച്ചു കളിച്ചു വളര്‍ന്നതും ഇടപ്പള്ളി ദേവന്‍കുളങ്ങര ശാഖയില്‍ പോവുകയും പിന്നീട് രണ്ടുപേരും ശിക്ഷക് ആയതും ഇന്ദുചൂഡന്‍ ഓര്‍ത്തു. മരിച്ച ദിവസത്തെ നാള്‍ വച്ച് രാമചന്ദ്രന്റെ ആണ്ട് ശ്രാദ്ധം വരുന്നത് മെയ് 10നാണ്.
ഇന്ന് രാവിലെ 7.30ന് ദേവന്‍കുളങ്ങര കവലയില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കല്‍ ചടങ്ങ് നടക്കും. ആര്‍എസ്എസ് കാര്യകാരി സദസ്യന്‍ ഡോ. കെ.കെ. വാമനന്‍ അനുസ്മരണഭാഷണം നടത്തും. റിട്ട. ഡിഎഫ്ഒ ഡോ. ഇന്ദുചൂഡന്‍, ആര്‍എസ്എസ് ജില്ലാ സദസ്യന്‍ രാജേന്ദ്രകുമാര്‍, ഉപനഗര്‍ പ്രൗഢ പ്രമുഖ് ആനന്ദ്കുമാര്‍, ശാഖാ കാര്യവാഹ് നാരായണന്‍, ശാഖാ ശിക്ഷക് വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.