ഇസ്ലമാബാദ്: പാകിസ്ഥാനില്‍ പ്രശസ്ത ടിക് ടോക് താരവും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ ഷംസോ ബീബി അജ്ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. രാജ്യത്തിന്റെ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 14 ന് ടക്സില നഗരത്തില്‍ വെച്ചാണ് ദാരുണമായ ഈ സംഭവം നടന്നത്. 1.3 മില്യണിലധികം ഫോളോവേഴ്സുള്ള ഷംസോ കൗമാരക്കാരായ സഹോദരങ്ങള്‍ക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്നതിനിടെ, മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ടുപേര്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. ഈ വര്‍ഷം മാത്രം പാകിസ്ഥാനില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ടിക് ടോക് താരമാണ് ഷംസോ ബീബി.
ബിബിയുടെ പിതാവ് ഫസൽ സാഹിബ്സാദ നൽകിയ പരാതിപ്രകാരം, കാഷിഫ് എന്ന ഒരാളിൽ നിന്ന് ബിബിക്ക് ഫോൺ കോൾ വരികയും ടാക്സിലയിൽ വീടിന് പുറത്തേക്ക് വരാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ബിബി തന്റെ സഹോദരിക്കും സഹോദരനുമൊപ്പം കാറിൽ പുറപ്പെട്ടു. അവർ ഒരു മാർക്കറ്റിന് സമീപം എത്തിയപ്പോൾ ബൈക്കിലെത്തിയ രണ്ട് പേർ വാഹനം തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു.
ബിബിയുടെ കഴുത്തിലാണ് വെടിയേറ്റതെന്ന് പോലീസ് പറഞ്ഞു. പരുക്കേറ്റ അവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സിസിടിവി ദൃശ്യങ്ങളിൽ, ബൈക്കിലെത്തിയ രണ്ട് പേർ കാർ തടഞ്ഞുനിർത്തുന്നതും, അതിലൊരാൾ തോക്കെടുത്ത് തൊട്ടടുത്തുനിന്ന് വെടിയുതിർക്കുന്നതും വ്യക്തമാണ്. വെടിവെയ്‌പ്പിനെ തുടർന്ന് ബിബി സഞ്ചരിച്ച കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഒരു ടിപ്പർ ലോറിയിലിടിച്ചു. അപകടത്തിൽ ബിബിയുടെ സഹോദരിക്ക് ഗുരുതരമായി പരുക്കേറ്റു.
പണം തിരിചുനൽകുന്നതുമായി ബന്ധപ്പെട്ട് രണ്ട് പേരിൽ നിന്ന് ബിബിക്ക് ഭീഷണികൾ നേരിടേണ്ടി വന്നിരുന്നതായി പിതാവ് ആരോപിച്ചു. പ്രതികളെ എത്രയുംവേഗം പിടികൂടണമെന്ന് ബിബിയുടെ സഹോദരൻ നിയാമത്തുല്ല, പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫിനോട് അഭ്യർത്ഥിച്ചു.
സംഭവത്തിന് ശേഷം കുടുംബം ബിബിയുടെ ടിക്ടോക് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. അവരുടെ യൂട്യൂബ് പേജും അപ്രത്യക്ഷമായിട്ടുണ്ട്. പ്രതികളെ രക്ഷപെടാൻ സഹായിച്ച രണ്ടുപേരെ ഉൾപ്പെടെ നാലുപേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.