• Thu. Aug 20th, 2026

24×7 Live News

Apdin News

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

Byadmin

Aug 20, 2026


ഹരിപ്പാട്: കരുവാറ്റ സ്വദേശി വയോധികന്‍ ശിവന്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ കടുത്ത നിയമനടപടികള്‍ സ്വീകരിക്കാന്‍ പോലീസ്. ശിവന്‍കുട്ടിയുടെ ബന്ധുവായ 13കാരി ഒഴികെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്ന് പ്രതികളെയും മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. പ്രതികള്‍ 18 വയസിന് താഴെയുള്ളവരായതിനാല്‍ സാധാരണഗതിയില്‍ ബാലനീതി നിയമപ്രകാരമാണ് നടപടികള്‍ ഉണ്ടാകേണ്ടതെങ്കിലും, കുറ്റകൃത്യത്തിന്റെ ഗൗരവവും കാഠിന്യവും കണക്കിലെടുത്ത് ഒരുതരത്തിലുള്ള ഇളവും നല്‍കരുതെന്നാണ് പോലീസിന്റെ തീരുമാനം.

കൊല്ലത്തു നിന്ന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് കരുവാറ്റയിലെത്തിയാണ് പ്രതികള്‍ ഈ ദാരുണമായ കൊലപാതകം നടത്തിയത്. വീടിന്റെ ഷീറ്റ് പൊളിച്ച് അകത്തുകയറിയ പ്രതികള്‍ വയോധികനെ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. കത്തിയുപയോഗിച്ച് ദേഹമാസകലം മുറിവേല്‍പ്പിച്ചശേഷം ബെഡ്ഷീറ്റ് ഉപയോഗിച്ച് കൈകാലുകള്‍ കെട്ടിയിടുകയും കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. പെണ്‍കുട്ടിയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നാണ് പോലീസ് വെളിപ്പെടുത്തുന്നത്. വീട്ടില്‍ മറ്റാരുമില്ലെന്ന വിവരവും സ്വര്‍ണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന കൃത്യമായ നിര്‍ദേശങ്ങളും ഈ പെണ്‍കുട്ടിയാണ് മറ്റ് പ്രതികള്‍ക്ക് നല്‍കിയത്.

ശിവന്‍കുട്ടിയെ കൊലപ്പെടുത്താന്‍ പ്രതികള്‍ മുന്‍കൂട്ടി തന്നെ പദ്ധതി തയാറാക്കിയിരുന്നു. വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ പൊളിച്ച് അകത്തുകടന്നശേഷം വലിയ കല്ലുപയോഗിച്ച് ശിവന്‍കുട്ടിയുടെ തലയില്‍ ഇടിച്ച് കൊലപ്പെടുത്താനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ ഓട് പൊളിച്ചപ്പോള്‍ വീടിന്റെ സീലിങ് തടസമായി മാറിയതോടെ ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. കൊലപാതകശേഷം ഈ പെണ്‍കുട്ടി നടത്തിയ അഭിനയം അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിക്കുന്നതായിരുന്നു. ശനിയാഴ്ച രാത്രി കൊലപാതകം നടന്നതിന് ശേഷം പെണ്‍കുട്ടി ഈ വീട്ടിലെത്തി അപ്പൂപ്പനെ കാണാനില്ലെന്ന് അയല്‍ക്കാരോട് പറഞ്ഞു. ഒടുവില്‍ നാട്ടുകാരെയും കൂട്ടി പെണ്‍കുട്ടി തന്നെ വീടിനകത്ത് കയറി പരിശോധന നടത്താന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കൊല്ലപ്പെട്ട നിലയില്‍ വയോധികനെ കണ്ടെത്തുകയും ചെയ്തത്. പോലീസിനെ വഴിതിരിച്ചുവിടാന്‍ നടത്തിയ ഈ നാടകങ്ങള്‍ പ്രതികളുടെ കുറ്റകരമായ മനോഭാവത്തെയാണ് കാണിക്കുന്നത്.

നിലവില്‍ നാല് പ്രതികളാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇതില്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്ത മൂന്ന് പേരെയും പ്രായത്തിന്റെ പേരില്‍ ലഭിക്കുന്ന നിയമപരമായ ഇളവുകളില്‍ നിന്ന് ഒഴിവാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. ഇതിനായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ട് അംഗീകരിക്കപ്പെട്ടാല്‍ സാധാരണ ക്രിമിനല്‍ കേസുകളിലെ പ്രതികളെ കൈകാര്യം ചെയ്യുന്നതുപോലെ കടുത്ത ശിക്ഷാ നടപടികള്‍ ഇവര്‍ക്ക് നേരെ ഉണ്ടാകും. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടിക്ക് കൗണ്‍സലിങ് നല്‍കും.

വീട്ടില്‍ നിന്ന് കവര്‍ന്ന 4.5 പവന്റെ സ്വര്‍ണാഭരണങ്ങളില്‍ 1.5 ഗ്രാം തൂക്കമുള്ള ആഭരണം പ്രതികള്‍ 16,000 രൂപയ്‌ക്കു വിറ്റു. ബാക്കി സ്വര്‍ണം ഇവരുടെ കൈയില്‍ നിന്നു പോലീസ് കണ്ടെടുത്തു. വില്‍പനക്ക് സഹായിച്ചയാളെ കേസില്‍ ഉള്‍പ്പെടുത്തുമെന്നു പോലീസ് പറഞ്ഞു. ഇയാള്‍ക്കു കൊലപാതകത്തിലും കവര്‍ച്ചയിലും പങ്കുള്ളതായി നിലവില്‍ സൂചനയില്ല.

 



By admin