ന്യൂദൽഹി: പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുമായി (ISI) ബന്ധമുള്ള അന്താരാഷ്‌ട്ര ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലുപേരെ ദൽഹി പോലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. മൂന്നുപേരെ പഞ്ചാബിൽ നിന്നും ഒരാളെ ദൽഹിയിൽ നിന്നുമാണ് പിടികൂടിയത്. ഇവർക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS), ആയുധ നിയമം എന്നിവ പ്രകാരം കേസെടുത്തു.
പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷഹ്സാദ് ഭട്ടി എന്നയാളുടെ നിർദ്ദേശപ്രകാരം ദൽഹിയിൽ ഭീകരാക്രമണങ്ങൾ നടത്താൻ ഇവർ പദ്ധതിയിട്ടിരുന്നു. അതിർത്തി കടന്ന് ഡ്രോണുകൾ വഴിയാണ് ഇവർക്ക് ആയുധങ്ങളും മയക്കുമരുന്നും ലഭിച്ചിരുന്നത്. ഇവരിൽ നിന്നും രണ്ട് വിദേശ നിർമ്മിത പിസ്റ്റളുകൾ, ഒമ്പത് തിരകൾ, അഞ്ച് മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
പ്രതികളിലൊരാളായ ഗഗൻപ്രീത് ദൽഹിയിലെ പോലീസ് സ്റ്റേഷനുകൾ, മതസ്ഥാപനങ്ങൾ എന്നിവയുടെ ദൃശ്യങ്ങൾ പകർത്തി പാക് ഹാൻഡ്‌ലർമാർക്ക് അയച്ചു നൽകിയിരുന്നു. ചോദ്യം ചെയ്യലിൽ, വിദേശ ഫോൺ നമ്പറുകൾ ഉപയോഗിച്ച് പാക്കിസ്ഥാനിലെ ഭീകര സംഘടനകളുമായി ബന്ധപ്പെട്ടിരുന്നതായി പ്രതികൾ വെളിപ്പെടുത്തി. ദല്‍ഹിയിലെ പൊലീസ് വിന്യാസത്തെക്കുറിച്ചുള്ള വിവരം ഇവർ ശേഖരിച്ചതായാണ് വിവരം.